ആഭ്യന്തര സെക്രട്ടറിയുടെയും ഡി.ജി.പിയുടെയും വിരുദ്ധ റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍
text_fieldsതിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെയും സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറയും റിപ്പോര്‍ട്ടുകളില്‍ ഇനി നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രി.
പൊലീസിനു ഗുരുതര വീഴ്ച ഉണ്ടായെന്നും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ട്. അതേസമയം, പൊലീസിനു വീഴ്ച സംഭവിച്ചിട്ടില്ളെന്നും പൊലീസിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന്‍െറ റിപ്പോര്‍ട്ട്. പരസ്പരവിരുദ്ധമായ ഈ റിപ്പോര്‍ട്ടുകളാണ് മുഖ്യമന്ത്രിയുടെ പരിഗണനയിലുള്ളത്.
പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സര വെടിക്കെട്ടു നടക്കുമെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും വെടിക്കെട്ടു തടഞ്ഞ കലക്ടറുടെ ഉത്തരവും നിലവിലിരിക്കെ ഇതു തടയുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയ സിറ്റി പൊലീസ് കമീഷണര്‍, ചാത്തന്നൂര്‍ അസി.കമീഷണര്‍, പരവൂര്‍ സി.ഐ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ആവശ്യപ്പെട്ടത്. ഇതു മൂന്നുദിവസം മുമ്പു മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.
ഇതിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനോടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. പരവൂര്‍ വെടിക്കെട്ടു തടയുന്നതില്‍ കൊല്ലം ജില്ലാ ഭരണകൂടത്തിനു ഗുരുതരവീഴ്ച സംഭവിച്ചതായും ഇതു പൊലീസ് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. ജില്ലാ ഭരണകൂടത്തില്‍നിന്ന് ദുരന്തം ഒഴിവാക്കാന്‍ നടപടിയുണ്ടായില്ളെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഈ റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. ഇതിനു പുറമെ, പൊലീസിന് വീഴ്ച സംഭവിച്ചെന്ന് നേരത്തേ കൊല്ലം കലക്ടര്‍ എ. ഷൈനാമോളും സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ റിപ്പോര്‍ട്ടുകള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ പരിഗണിക്കുമെന്നാണ് വിവരം. എന്നാല്‍, അച്ചടക്ക നടപടി സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷം ഇക്കാര്യം ആലോചിക്കാമെന്നാണ് നേരത്തേയുണ്ടായ ധാരണ.
അതേസമയം, കമ്പം നടത്തുന്നതിനായി നാട്ടുകാരില്‍നിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് ചില ഉന്നത രാഷ്ട്രീയ നേതാക്കളും വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായി ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.