ഭഗവതിമാര്‍ ഉപചാരം ചൊല്ലി; പൂരം പൂര്‍ണം
text_fieldsതൃശൂര്‍: അവസാനഘട്ടത്തിലെ അനിശ്ചിതത്വം അതിജീവിച്ചത്തെിയ പൂരത്തിന് ആഹ്ളാദകരമായ പരിസമാപ്തി. ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുന്ന പകല്‍പൂരത്തിന് മുന്‍വര്‍ഷങ്ങളേക്കാള്‍ അധികമാളുകള്‍ ഇക്കുറി എത്തി. സഹോദരിമാര്‍ എന്ന് സങ്കല്‍പിക്കപ്പെടുന്ന പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുന്നാഥന്‍െറ മുന്നില്‍ മുഖാമുഖം നിന്ന് ഉപചാരം ചൊല്ലി പിരിഞ്ഞു. ആനച്ചൂര് കലര്‍ന്ന മേളലഹരി ഉള്ളില്‍നിറച്ച് പൂരം കാണാനത്തെിയവരും യാത്രയായി.
വെടിക്കെട്ടിലെ നിയന്ത്രണവും ആനയെഴുന്നള്ളിപ്പിലെ സുരക്ഷയും കണക്കിലെടുത്ത് പതിവിലും നേരത്തെയായിരുന്നു ഇത്തവണ ഉപചാരം ചൊല്ലി പിരിയില്‍. മുന്‍വര്‍ഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ഭഗവതിമാര്‍ ഉപചാരം ചൊല്ലി മടങ്ങിയതിന് ശേഷമായിരുന്നു പകല്‍ വെടിക്കെട്ട്. ശിവസുന്ദറിന്‍െറ മുകളിലിരുന്ന് തിരുവമ്പാടി ഭഗവതിയും ശ്രീപത്മനാഭന്‍െറ പുറമേറി പാറമേക്കാവ് ഭഗവതിയും ഉപചാരം ചൊല്ലാനത്തെി. ഉച്ചക്ക് 12ഓടെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഭഗവതിമാര്‍ പൂരം കൂടാനത്തെിയ പതിനായിരങ്ങളെയും വടക്കുന്നാഥനെയും സാക്ഷിയാക്കി ഉപചാരം ചൊല്ലി.
പൂരദിനമായ ഞായറാഴ്ച രാവിലെ ഉദിച്ച സൂര്യന്‍ തൃശൂരില്‍ തിങ്കളാഴ്ച വൈകീട്ടാണ് അസ്തമിച്ചത്. ഞായറാഴ്ച രാവിലെ തുടങ്ങിയ എഴുന്നള്ളിപ്പുകളും മേളങ്ങളും രാത്രി ആവര്‍ത്തിച്ചു. തിങ്കളാഴ്ച രാവിലെ വീണ്ടും മേളവും ആനകളും പ്രദക്ഷിണ വഴിയില്‍ നിറഞ്ഞു. തട്ടകക്കാരുടെ പൂരമെന്നറിയപ്പെടുന്ന തിങ്കളാഴ്ചയിലെ പകല്‍പൂരത്തിന് അകലെനിന്നുപോലും രാവിലെ മുതല്‍ ആളുകളത്തെി. സ്ത്രീകളും കുട്ടികളും ഏറെയുണ്ടായിരുന്നു.
പുലര്‍ച്ചെ വെടിക്കെട്ടിനുശേഷം മണികണ്ഠനാല്‍ പന്തലില്‍നിന്ന് ക്ഷേത്രത്തിലേക്കു തിരിച്ചുപോയ പാറമേക്കാവ് ഭഗവതിയും നായ്ക്കനാലില്‍നിന്ന് മടങ്ങിയ തിരുവമ്പാടി ഭഗവതിയും രാവിലെ തിരിച്ചത്തെിയാണ് പകല്‍പൂരം തുടങ്ങിയത്. പാറമേക്കാവിന്‍െറ എഴുന്നള്ളിപ്പ് രാവിലെ ഏഴരയോടെ തുടങ്ങി. തിടമ്പേറ്റിയ കൊമ്പന്‍െറ ഇരുവശത്തുമായി 14 ഗജവീരന്മാര്‍ നിരന്നു. കുഴല്‍പറ്റ്, കൊമ്പുപറ്റ്, ചെമ്പടക്കുശേഷം പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് പുരോഗമിച്ചു. പാറമേക്കാവ് വിഭാഗത്തില്‍ പെരുവനം കുട്ടന്‍മാരാരുടെ പ്രമാണത്തോടെ വാദ്യകലാകാരന്മാര്‍ മേളമൊരുക്കി.
രാവിലെ എട്ടരയോടെയാണ് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് തുടങ്ങിയത്. നായ്ക്കനാലില്‍നിന്ന് 15 ആനകളുമായി മേളത്തോടെ തുടങ്ങിയ ഘോഷയാത്ര ഉച്ചക്ക് 12ന് വടക്കുന്നാഥന് മുന്നില്‍ സമാപിച്ചു. ഉപചാരം ചൊല്ലല്‍ കഴിഞ്ഞ് ആനകളെ മാറ്റി പൊലീസും എക്സ്പ്ളോസീവ്സ് വകുപ്പിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കി. 1.20ന് പാറമേക്കാവ് വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തിരികൊളുത്തിയത്. 20 മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരുവമ്പാടിയും വെടിക്കെട്ട് നടത്തി. പുലര്‍ച്ചെ നടന്ന വെടിക്കെട്ടിനോളം ഗംഭീരമാക്കി ഇരുവിഭാഗക്കാരും പൂരപ്രേമികളെ സന്തോഷിപ്പിച്ചു. കതിനവെടികളുടെ മുഴക്കം ബാക്കിയാക്കി പാറമേക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലൂടെ മടങ്ങി. തിരുവമ്പാടി ഭഗവതി നിലപാടുതറ വഴിയും. ഇതിനിടയില്‍ പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടിയുടെ കൗസ്തുഭം ഓഡിറ്റോറിയത്തിലും പൂരക്കഞ്ഞി വിതരണം തുടങ്ങിയിരുന്നു. ഇരു ഭഗവതിമാരും വൈകീട്ട് പടിഞ്ഞാറെ ചിറയില്‍ ആറാടി. രാത്രിയില്‍ ഉത്രംവിളക്കോടെയാണ് പൂരവിസ്മയം കൊടിയിറങ്ങിയത്. ഭഗവതിമാര്‍ മടങ്ങിയതിനൊപ്പം ജനങ്ങളും മനസ്സില്ലാമനസോടെ പൂരപ്പറമ്പ് വിട്ടു. പൂരത്തിന്‍െറ രുചി പകരുന്ന പൂരക്കഞ്ഞി കുടിച്ച് പൂരാലസ്യവുമായി തട്ടകങ്ങളിലേക്ക് മടങ്ങി. ഇനി പൂരത്തേക്കുറിച്ചുള്ള വിവരിക്കല്‍, നിയന്ത്രണങ്ങളില്ലാത്ത പൂരത്തിനായുള്ള കാത്തിരിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.