ഒറ്റക്ക് മത്സരിക്കില്ല, ജെ.എസ്.എസ് ഇടതുമുന്നണിയെ പിന്തുണക്കും
text_fieldsആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ പിന്തുണക്കാൻ ജെ.എസ്.എസ് തീരുമാനം. ഒറ്റക്ക് മത്സരിക്കാനുള്ള ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മയുടെ തീരുമാനം പുനഃപരിശോധിക്കാൻ ജെ.എസ്.എസ് സംസ്ഥാന സമിതി യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് പുതിയ തീരുമാനത്തിന് ഗൗരിയമ്മ സമ്മതം മൂളിയത്. മുന്നണിയിലെ ഘടകകക്ഷികൾക്ക് നൽകുന്ന സ്ഥാനങ്ങൾ ജെ.എസ്.എസിനും നൽകാമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം ഗൗരിയമ്മക്ക് ഉറപ്പു നൽകി. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനുകളിൽ പങ്കെടുക്കാൻ ജെ.എസ്.എസ് പ്രവർത്തകർക്ക് ഗൗരിയമ്മ നിർദേശം നൽകിയിട്ടുണ്ട്.
ഇടതുമുന്നണി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആറു മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിക്കാൻ ജെ.എസ്.എസ് തീരുമാനിച്ചിരുന്നു. മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർഥികളെയും തീരുമാനിക്കാൻ കെ.ആർ ഗൗരിയമ്മയെയായിരുന്നു പാർട്ടി ചുമതലപ്പെടുത്തിയിരുന്നത്. അരൂര്‍, ചേര്‍ത്തല, കരുനാഗപ്പള്ളി, കായംകുളം എന്നീ നാല് സീറ്റുകള്‍ വേണമെന്നായിരുന്നു എൽ.ഡി.എഫിനോട് ജെ.എസ്.എസ് ആവശ്യപ്പെട്ടത്. സീറ്റ് ലഭിക്കാഞ്ഞതിനെ തുടർന്ന് എൽ.ഡി.എഫിനെ രൂക്ഷമായി വിമർശിച്ച് ഗൗരിയമ്മ രംഗത്തത്തെയിരുന്നു. എൻ.ഡി.എയിലേക്കുള്ള ബി.ജെ.പിയുടെ ക്ഷണത്തെ ഗൗരിയമ്മ സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുളളവർ ഗൗരിയമ്മയുമായി വീട്ടിലെത്തി ചർച്ച നടത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ ഭാഗമായിരുന്ന ജെ.എസ്.എസ് നാല് സീറ്റുകളിൽ മത്സരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.