കുമരകം പദ്ധതിക്ക് ശിപാര്‍ശ വ്യക്തമായ വ്യവസ്ഥകളോടെയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
text_fieldsതിരുവനന്തപുരം: എല്ലാ മാനദണ്ഡങ്ങളും നിയമ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടു മാത്രമേ അനുമതി നല്കാവൂ എന്ന വ്യവസ്ഥ പാലിച്ചാണ് കുമരകം ഇക്കോ ടൂറിസം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നൽകാൻ ചീഫ് സെക്രട്ടറി ശിപാര്‍ശ നല്കിയതും മുഖ്യമന്ത്രി അതു ശരിവച്ചതുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പദ്ധതിക്ക് അന്തിമ അംഗീകാരം നല്കുന്നതിനു മുമ്പ് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, പരിസ്ഥിതി അനുമതി എന്നിവ പ്രകാരമുള്ള നിയമാനുസൃത വ്യവസ്ഥകള്‍ പാലിച്ചിരിക്കണമെന്ന് ഇതു സംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. റക്കിന്‍ഡോ കുമരകം റിസോര്‍ട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 2009 ല്‍ കുമരകം ഇക്കോ ടൂറിസം വില്ളേജ് പദ്ധതി സമര്‍പ്പിക്കുകയും, ഇടതു സര്‍ക്കാരിൻെറ നാലാം വാര്‍ഷികത്തില്‍ നടപ്പാക്കാനുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതുപോലെ വ്യവസ്ഥകള്‍ക്ക് വിധേയമായിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് ആരോപിച്ചു.
2015 ജൂലൈയില്‍ പദ്ധതി സർക്കാർ പരിഗണനക്ക് വരികയും ടൂറിസം വകുപ്പ് ഡയറക്ടര്‍ പദ്ധതി ടൂറിസം മേഖലക്ക് ഗുണകരമാണെന്ന് ഗവണ്‍മെൻറിന് ശുപാര്‍ശ നല്‍കുകയും ചെയ്തു. തുടര്‍ന്നു റവന്യൂ വകുപ്പ് കോട്ടയം കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റക്കിന്‍ഡോ കുമരകം റിസോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് 2009 ല്‍ ആദ്യ പദ്ധതി സര്‍ക്കാരിൻെറ പരിഗണനക്ക് സമര്‍പ്പിച്ചപ്പോള്‍ പരിസ്ഥിതി സൗഹാര്‍ദമല്ലായിരുന്നെന്നും അത്തരം അപാകതകള്‍ പരിഹരിച്ചുകൊണ്ട് ടൂറിസം മേഖലക്ക് വലിയതോതില്‍ പ്രയോജനം ചെയ്യുന്ന ഫാം ടൂറിസം കൂടി ഉള്‍പ്പെടുത്തിയാണ് വീണ്ടും പരിഗണനക്ക് സമര്‍പ്പിച്ചിരിക്കുന്നതെന്നും, സര്‍ക്കാരിന് പദ്ധതി പരിഗണിക്കാവുന്നതാണെന്നും കോട്ടയം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിൻെറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തില്‍ കുമരകം ഇക്കോ ടൂറിസം വില്ളേജ് പദ്ധതിക്ക് നിലവിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിച്ച് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് മന്ത്രിസഭ വ്യക്തമായ വ്യവസ്ഥകളോടെ തീരുമാനമെടുത്തു. വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ അംഗീകാരം പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.