താനൂര്‍ സംഘര്‍ഷം:150 പേര്‍ക്കെതിരെ കേസ്
text_fieldsതാനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആല്‍ബസാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ചതിന് നൂറിലധികം പേര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് 20 പേര്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് താനൂര്‍ സി.ഐ ബിജോയ് അറിയിച്ചു.
മുസ്ലിംലീഗ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.പി. അഷ്റഫിന്‍െറ വീട് ആക്രമിച്ചതിലും, വീട്ടില്‍ കയറി മോഷണം നടത്തിയെന്ന പരാതിയിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ച സംഭവത്തിലും കാറുകള്‍ തകര്‍ത്തതിലും രണ്ട് കേസുകളെടുത്തു.
എം.പി. അഷ്റഫിന്‍െറ വീട് ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ളെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ഒരു സംഘമാളുകള്‍ അഷ്റഫിന്‍െറ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നാണ് പരാതി.
വീടിന്‍െറ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത നിലയിലാണ്. ഫര്‍ണിച്ചറുള്‍പ്പെടെ തകര്‍ക്കുകയും സാധനങ്ങള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
സി.പി.എം പ്രവര്‍ത്തക ബീരാങ്കാന്‍െറ പുരക്കല്‍ ബീയാത്തുട്ടിയുടെ വീട് ആക്രമിച്ച സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സി.പി.എം പ്രവര്‍ത്തകരായ വെളിക്കാന്‍െറ പുരക്കല്‍ സൈനമോള്‍, തെക്കരകത്തകത്ത് മുഹമ്മദ് ബാവ, പുത്തന്‍വീട്ടില്‍ ഇബ്രാഹിംകുട്ടി, സി.പി. ഹംസക്കോയ എന്നിവരുടെ വീടിന്‍െറ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും, ബൈക്കുകള്‍ തകര്‍ത്തതായും പരാതിയുണ്ട്. ഫക്കീര്‍ പള്ളി ഭാഗത്തെ രണ്ട് ക്ളബുകള്‍ തകര്‍ത്തതായും സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. താനൂരിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ് പട്രോളിങ് തുടരുകയാണ്. സംഘര്‍ഷം ഉണ്ടായേക്കാവുന്ന സാഹചര്യം നിലവിലുണ്ടെന്നാണ് പൊലീസ് നിഗമനം. ജില്ലാ പൊലീസ് മേധാവി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊന്നാനി സി.ഐ രാധാകൃഷ്ണപിള്ള, താനൂര്‍ സി.ഐ ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് പട്രോളിങ്. പൊലീസിന്‍െറ പിക്കറ്റ് പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. ഫാറൂഖ് പള്ളി, ഫക്കീര്‍പള്ളി, ആല്‍ബസാര്‍, മൊയ്തീന്‍ പള്ളി ഭാഗങ്ങളിലാണ് പൊലീസ് ക്യാമ്പ് ചെയ്യുന്നത്. ചൊവ്വാഴ്ച വൈകീട്ടാണ് താനൂര്‍ ആല്‍ബസാറിലും ചാപ്പപ്പടിയിലും സംഘര്‍ഷം ഉണ്ടായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന് പരിക്കേറ്റിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചതായി പൊലീസ് പറഞ്ഞു.
എം.എല്‍.എക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തണം –വി. അബ്ദുറഹ്മാന്‍
തിരൂര്‍: താനൂരിലുണ്ടായ അക്രമസംഭവങ്ങളില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എയുടെ പങ്ക് അന്വേഷിച്ച് ഗൂഢാലോചനാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് എല്‍.ഡി.എഫ് താനൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഉണ്യാല്‍ സംഘര്‍ഷം മുതലുള്ള സംഭവങ്ങളില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിക്ക് പങ്കുണ്ട്. സംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖര്‍ സംഭവങ്ങള്‍ക്കുശേഷം എം.എല്‍.എയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്ന പരിപാടിയുടെ തൊട്ടുമുമ്പ് ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടതും ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് മുഖ്യമന്ത്രിയുടെ പരിപാടി അലങ്കോലമാക്കാനും അതുവഴി യു.ഡി.എഫ് അനുകൂല തരംഗം സൃഷ്ടിക്കാനുമുള്ള ഹീനതന്ത്രമാണ് സി.പി.എം നേതൃത്വത്തിന്‍െറ ശക്തമായ ഇടപെടലിനെതുടര്‍ന്ന് പാളിയത്. ലീഗ് നേതൃത്വത്തിലുള്ള അക്രമങ്ങള്‍ക്ക് പൊലീസ് ഒത്താശ ലഭിക്കുന്നുണ്ട്. താനൂര്‍ അക്രമത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്യാത്തത് ഈ സംശയം ബലപ്പെടുത്തുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പൊലീസ് നിസ്സംഗ മനോഭാവമാണ് പുലര്‍ത്തുന്നത്. താനൂരില്‍ എസ്.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരുടെ മുന്നിലാണ് അക്രമം അരങ്ങേറിയത്. പൊലീസ് നിസ്സംഗത വെടിഞ്ഞില്ളെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്നും വി. അബ്ദുറഹ്മാന്‍ പറഞ്ഞു. സി.പി.എം താനൂര്‍ ഏരിയാ സെക്രട്ടറി ഇ. ജയന്‍, അഡ്വ. റഹൂഫ്, ഉസ്മാന്‍ ഹാജി, കെ പുരം സദാനന്ദന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പൊലീസ് നിസ്സംഗത കാട്ടിയെന്ന് യു.ഡി.എഫ് നേതാക്കള്‍
മലപ്പുറം: താനൂരില്‍ അക്രമം അഴിച്ചുവിട്ടത് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണെന്നും തുടക്കം മുതല്‍ പൊലീസ് നിഷ്ക്രിയരായതിനാലാണ് പ്രശ്നം വഷളായതെന്നും യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചൊവ്വാഴ്ച യു.ഡി.എഫിന്‍െറ പ്രചാരണവാഹനം ആക്രമിക്കുകയും മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളെ മര്‍ദിക്കുകയും ചെയ്തു. പരാതി പറയാനത്തെിയ ഇവരോട് പൊലീസ് നിസ്സംഗതയോടെയാണ് പെരുമാറിയതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. കുട്ടി അഹമ്മദ് കുട്ടി, സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി, ഡി.സി.സി സെക്രട്ടറി ഒ. രാജന്‍ എന്നിവര്‍ പറഞ്ഞു.സംഘര്‍ഷ സ്ഥലത്തേക്ക് പോവരുതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയോട് ലീഗ് നേതാവ് ഫോണില്‍ അറിയിച്ചിരുന്നു. എന്നാല്‍, ആസൂത്രണം ചെയ്ത പോലെ അവര്‍ അങ്ങോട്ട് പോവുകയായിരുന്നു. പ്രശ്നം രൂക്ഷമാക്കി താനൂര്‍ നഗരത്തിലെ മുഖ്യമന്ത്രിയുടെ പ്രചാരണയോഗം റദ്ദാക്കുകയായിരുന്നു ലക്ഷ്യം.
മുഖ്യമന്ത്രിയുടെ പ്രചാരണയോഗത്തില്‍ പങ്കെടുക്കാന്‍ വൈകുന്നേരം ലീഗ് പ്രവര്‍ത്തകര്‍ പോയ തക്കം നോക്കിയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എം.പി. അഷ്റഫിന്‍െറ വീട് തകര്‍ത്തത്. ആഭരണങ്ങള്‍ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
തന്‍െറ വീടിന് നേരെയുള്ള ആക്രമണം എ.പി സുന്നി വിഭാഗവുമായുള്ള പ്രശ്നമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇത് ശരിയല്ളെന്നും എം.പി. അഷ്റഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.