‘വാട്സ്ആപ് പ്രചാരണ’വുമായി പൊലീസ് ഉദ്യോഗസ്ഥര്‍; സേനയുടെ അച്ചടക്കം തകരുന്നെന്ന് ആക്ഷേപം
text_fieldsതിരുവനന്തപുരം: സംസ്ഥാനം തെരഞ്ഞെടുപ്പുചൂടിലേക്ക് കടക്കുമ്പോള്‍ കേരള പൊലീസിലും രാഷ്ട്രീയം കൊഴുക്കുന്നു. കക്ഷിരാഷ്ട്രീയത്തിനതീതമായി നിലകൊള്ളേണ്ട സേനയില്‍ രാഷ്ട്രീയപ്രചാരണം കൂടുന്നത് അച്ചടക്കത്തെ ബാധിക്കുമെന്ന ആക്ഷേപം ശക്തമാണ്. മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരില്‍ ചിലര്‍ വാട്സ്ആപ്പില്‍ സജീവമാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ പൊലീസ് സേനക്ക് നല്‍കിയ സംഭാവനകള്‍ ചിത്രസഹിതം വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുന്നതാണ് പ്രധാനതന്ത്രം. 50,000ത്തോളം ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വിചാരിച്ചാല്‍ സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാക്കാനാകുമെന്ന തരത്തിലും പ്രചാരണമുണ്ട്. ഫേസ്ബുക് ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുന്നു.
അതേസമയം, യു.ഡി.എഫ് സര്‍ക്കാറിന്‍െറ അഴിമതിക്കഥകള്‍ അക്കമിട്ടുനിരത്തി പ്രതിപക്ഷ അനുകൂലവിഭാഗവും പ്രചാരണത്തിനുണ്ട്. മന്ത്രിമാരെ വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകളും പ്രചരിപ്പിക്കുന്നു. പൊലീസ് അസോസിയേഷന്‍ മുന്‍ഭാരവാഹികള്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത നിലവിലെ ഭരണസമിതിക്കെതിരെയും സോളാര്‍ കേസിലെ വിവാദനായിക സരിത എസ്. നായരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചമുള്ള പോസ്റ്റുകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുമെന്നും പൊലീസിന്‍െറ നിറം ചുവക്കേണ്ട സമയമായെന്നും പോസ്റ്റുകളില്‍ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുവേളയില്‍ ചില മന്ത്രിമാരുടെ ഗണ്‍മാന്മാര്‍ പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യനടത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സേനയുടെ അച്ചടക്കത്തെ ബാധിക്കുന്ന നടപടി അംഗീകരിക്കില്ളെന്ന നിലപാട് കൈക്കൊണ്ട അന്നത്തെ സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ ഫേസ്ബുക് പ്രചാരണം നടത്തിയവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
എന്നാല്‍, തെരഞ്ഞെടുപ്പുചൂട് കഴിഞ്ഞതോടെ അന്വേഷണം അട്ടിമറിച്ചു. സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് ഗൗരവമായി കാണണമെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് സേനക്ക് ഒരു പാര്‍ട്ടിയുടെയും നിറം ആവശ്യമില്ളെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.