സംസ്ഥാനത്ത് പത്രികാ സമർപ്പണം ആരംഭിച്ചു
text_fieldsതിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികയുടെ സമർപ്പണം ആരംഭിച്ചു. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി സി.എച്ച് കുഞ്ഞമ്പുവാണ് ആദ്യം പത്രിക സമർപ്പിച്ചത്. കേരളാ കോൺഗ്രസ് എം. ചെയർമാൻ കെ.എം മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ശക്തൻ, കെ. മുരളീധരൻ, സി.എം.പി നേതാവ് സി.പി ജോൺ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, മുൻ പ്രസിഡൻറ് വി. മുരളീധരൻ എന്നിവരാണ് വെള്ളിയാഴ്ച പത്രിക സമർപ്പിച്ച പ്രമുഖർ.
ഏറെ ആരോപണങ്ങൾ നേരിട്ട തനിക്ക്, നടന്നതെല്ലാം ഗൂഢാലോചനയാണെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പിലൂടെ കഴിയുമെന്ന് കെ.എം മാണി പറഞ്ഞു. ചില കാര്യങ്ങൾക്കുള്ള മറുപടിയാകും ഈ തെരഞ്ഞെടുപ്പെന്നും പത്രിക സമർപ്പിക്കാൻ വീട്ടിൽ നിന്ന് ഇറങ്ങവെ അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രാവിലെ 11 മുതൽ വൈകീട്ട് മൂന്നു മണി വരെയാണ് നാമനിർദേശ പത്രിക സ്വീകരിക്കുക. ഈ മാസം 29ന് മൂന്ന് മണി വരെ പത്രിക സമർപ്പിക്കാം. 30നാണ് സൂക്ഷ്മ പരിശോധന. മെയ് രണ്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. ഇതിന് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻെറ വിജ്ഞാപനം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പുനഃപ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.