സുരേഷ് ഗോപിയുടെ നാമനിര്‍ദേശത്തിന് ഒൗദ്യോഗിക അംഗീകാരം
text_fieldsന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് സിനിമാതാരം സുരേഷ് ഗോപിയുടെ നാമനിര്‍ദേശത്തിന് ഒൗദ്യോഗിക അംഗീകാരമായി. സുരേഷ് ഗോപി അടക്കം ആറു പേരെയാണ് രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. ബി.ജെ.പി നേതാക്കളായ സുബ്രഹ്മണ്യം സ്വാമി, നവജ്യോത്സിങ് സിദ്ദു, മാധ്യമ പ്രവര്‍ത്തകന്‍ സ്വപന്‍ ദാസ്ഗുപ്ത, സാമ്പത്തിക വിദഗ്ധനായ നരേന്ദ്ര ജാദവ്, ബോക്സിങ് താരം മേരി കോം എന്നിവരാണ് മറ്റുള്ളവര്‍.245 അംഗ സഭയില്‍ 12 പേരെ കേന്ദ്രസര്‍ക്കാറിന്‍െറ ശിപാര്‍ശ പ്രകാരം രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നതാണ് രീതി. സാഹിത്യം, കല, ശാസ്ത്രം, കായികം, സാമൂഹിക സേവനം, അക്കാദമികം എന്നിങ്ങനെ വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്കിടയില്‍ നിന്നാണ് ഇവരെ കണ്ടെത്തേണ്ടത്. ഈ പട്ടികയില്‍ ഏഴ് ഒഴിവുകളാണ് ഉണ്ടായിരുന്നത്.
ജാവേദ് അക്തര്‍, ബി. ജയശ്രീ, എച്ച്.കെ ദുവ, മണിശങ്കരയ്യര്‍, ബാലചന്ദ്ര മുംഗേക്കര്‍, പ്രഫ. മൃണാള്‍ മിരി, അശോക് ഗാംഗുലി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് പൂര്‍ത്തിയായത്. ഒരൊഴിവ് നികത്താന്‍ ബാക്കിയുണ്ട്. അസഹിഷ്ണുതാ വിവാദത്തില്‍ ബി.ജെ.പിക്ക് പരസ്യപിന്തുണ നല്‍കിയ സിനിമാതാരം അനുപം ഖേര്‍, മാധ്യമ പ്രവര്‍ത്തകനായ രജത് ശര്‍മ എന്നിവരിലൊരാളെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തീര്‍ന്നിട്ടില്ല. കേന്ദ്രമന്ത്രിസഭയിലെടുക്കാന്‍ മടിച്ചെങ്കിലും സുബ്രഹ്മണ്യം സ്വാമി ബി.ജെ.പിക്ക് ഇപ്പോള്‍ ഒഴിച്ചുനിര്‍ത്താനാവാത്ത ബുദ്ധികേന്ദ്രമാണ്. പഞ്ചാബ് തെരഞ്ഞെടുപ്പിനു മുമ്പ് ആം ആദ്മി പാര്‍ട്ടിയിലേക്ക് പോവുമെന്ന ആശങ്കയാണ് സിദ്ദുവിന് എം.പി സ്ഥാനം നല്‍കുന്നതിന് പിന്നില്‍. അരുണ്‍ ജെയ്റ്റ്ലിക്ക് മത്സരിക്കാന്‍ അമൃത്സര്‍ സീറ്റ് കൈവിടേണ്ടി വന്നയാള്‍ കൂടിയാണ് സിദ്ദു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ബി.ജെ.പി ശ്രമം മേരി കോമിന് ഗുണമായി. രാജ്യസഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാറിന് ഇപ്പോഴത്തെ നിയമനങ്ങള്‍ വഴി പിന്തുണ ഉയരും. എന്നാല്‍ മേധാവിത്തമില്ലാത്ത സ്ഥിതി തുടരും. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ അടക്കം, സഭയിലെ എല്ലാ നടപടികളിലും പങ്കെടുക്കാം. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.