കനത്ത ചൂടില്‍ പക്ഷികള്‍ക്ക് ആശ്വാസമായി കായ്കനികള്‍
text_fieldsതൊടുപുഴ: അത്യുഷ്ണത്തില്‍ നാടൊട്ടുക്കും വെന്തുരുകുമ്പോള്‍ കുടിവെള്ളംപോലും കിട്ടാതെ നരകിക്കുന്ന പക്ഷികള്‍ക്ക് ആശ്വാസമായി നാടന്‍ ഫലവൃക്ഷങ്ങള്‍. നഗര-ഗ്രാമഭേദമന്യേ ഉള്ള മരങ്ങള്‍പോലും മുറിച്ചു മാറ്റുന്നതില്‍ വ്യാപൃതരായ മനുഷ്യന്‍ മിണ്ടാപ്രാണികളായ ജീവികളെയും മറന്നു. അരയാലും പേരാലും ഉള്‍പ്പെടെയുള്ള നാല്‍പാമര വൃക്ഷങ്ങളുടെ ഒൗഷധമൂല്യമുള്ള കായ്കനികള്‍ അനുഭവിക്കാനുള്ള ഭാഗ്യം മനുഷ്യരെക്കാള്‍ പക്ഷികള്‍ക്കാണ്. തൊടുപുഴ നഗരമധ്യത്തിലെ ഈസ്റ്റേണ്‍ ഗ്രൗണ്ടിലെ മരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസമായി കാക്കകളുടെയും ചെറുകിളികളുടെയും തിരക്കാണ്. തൊട്ടടുത്തുള്ള സിനിമകൊട്ടക്കയിലെ ശബ്ദകോലാഹലമൊക്കൊ ഉണ്ടെങ്കിലും കാക്കകള്‍ അതിലെ ചുവപ്പും മഞ്ഞയും നിറമുള്ള പഴങ്ങള്‍ സന്തോഷത്തോടെ ഭക്ഷിച്ച് മടങ്ങുകയാണ്.
നാല്‍പാമരത്തില്‍പെടുന്ന അത്തി അഥവ ഫൈക്കസ് റെയ്സ് മോസ(Ficus racemosa)യാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുമെങ്കിലും ഇത് യഥാര്‍ഥത്തില്‍ ഫൈക്കസ് എക്സ്പെരട്ട( Ficus exasperata) എന്ന ബൊട്ടാണിക്കല്‍ നാമമുള്ള ഈ മരമാണെന്ന് സംസ്ഥാന മെഡിസിനല്‍ പ്ളാന്‍റ് ബോര്‍ഡിലെ ശാസ്ത്രജ്ഞനായ ഡോ.ഒ.എല്‍. പയസ് വ്യക്തമാക്കി. പാറകം, തേരകം എന്നെല്ലാം കേരളത്തില്‍ പറയുന്ന ഈ വൃക്ഷത്തെ ഇംഗ്ളീഷില്‍ സാന്‍ഡ് പേപ്പര്‍ ട്രീ എന്നാണ് വിളിക്കുന്നത്. കിഴക്കന്‍ ആഫ്രിക്ക, അറേബ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും കാണുന്നത്. പൊതുവെ ഫെബ്രുവരി-ഏപ്രില്‍ മാസങ്ങളില്‍ പൂവിടലും കായുമുണ്ടാകുന്ന ഈ മരത്തിന് പ്രത്യേകിച്ച് ഒൗഷധമൂല്യമില്ളെങ്കിലും നാട്ടുമരുന്നിന്‍െറ ഗണത്തില്‍പെടും. ഇലകള്‍ക്ക് നല്ല അരമുള്ളതിനാല്‍ വീട്ടമ്മമാര്‍ പാത്രം കഴുകാനും മറ്റും ഉപയോഗിക്കാറുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആടും പശുവുമൊക്കെ പ്രസവിക്കുമ്പോള്‍ മറുപിള്ള മുഴുവന്‍ പോകാനായി ഈ മരത്തിന്‍െറ ഇല നല്‍കുക പതിവാണ്. ആലിന്‍കായുടെ ഉള്‍ഭാഗം പോലെ തന്നെയിരിക്കുന്ന ഈ കായ്കളില്‍ തങ്ങി നില്‍ക്കുന്ന ജലാംശം തന്നെയാണ് പ്രധാനമായും പക്ഷികളെ ആകര്‍ഷിക്കുന്നത്. അതേസമയം, ആല്‍ വംശത്തില്‍പെട്ട ഫൈക്കസ് ഓറികുലറ്റ(Ficus auriculata) എന്ന ശാസ്ത്രീയ നാമമുള്ള വലിയ അത്തിക്ക് (Giant Indian Fig) വിപണിയില്‍ ഏറെ ആവശ്യക്കാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.