മൈക്രോഫിനാന്‍സ് തട്ടിപ്പ്: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മേയ് 31നകം സമര്‍പ്പിക്കാന്‍ ഉത്തരവ്
text_fields
തിരുവനന്തപുരം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മേയ് 31നകം സമര്‍പ്പിക്കണമെന്ന് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ ഉത്തരവിട്ടു.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടുമാസത്തെ സാവകാശം വിജിലന്‍സ് ആവശ്യപ്പെട്ടത് ഭാഗികമായി അംഗീകരിച്ചാണ് സമയം അനുവദിച്ചത്. സങ്കീര്‍ണമായ അന്വേഷണമാണ് നടക്കുന്നതെന്നും 15 പേരെ ചോദ്യം ചെയ്തതായും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ ചെറുന്നിയൂര്‍ എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. 50 രേഖകള്‍ പിടിച്ചെടുത്തതായി അറിയിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് അന്ത്യശാസനം നല്‍കണമെന്ന് വി.എസ്. അച്യുതാനന്ദന്‍െറ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. പ്രാഥമികാന്വേഷണത്തില്‍ തെളിവ് ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ വിജിലന്‍സ് നടപടി വൈകിപ്പിക്കുന്നതായും വി.എസിന്‍െറ അഭിഭാഷകന്‍ ആരോപിച്ചു.
വെള്ളാപ്പള്ളിക്കുപുറമെ യൂനിയന്‍ പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് സംസ്ഥാന കോഓഡിനേറ്റര്‍ കെ.കെ. മഹേഷന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ് എന്നിവര്‍ക്കുമെതിരെയാണ് അന്വേഷണം.
എസ്.എന്‍.ഡി.പിക്ക് കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത 15 കോടിയില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചായിരുന്നു വി.എസ് കോടതിയെ സമീപിച്ചത്. 2003 മുതല്‍ 2015 വരെയുള്ള ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണം തട്ടിയെന്നതടക്കം ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.