Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി.എസ് നുണപ്രചാരണം...

വി.എസ് നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും -ഉമ്മന്‍ ചാണ്ടി

text_fields
bookmark_border
വി.എസ് നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും -ഉമ്മന്‍ ചാണ്ടി
cancel

തിരുവനന്തപുരം: തനിക്കെതിരായ നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരെ 31 കേസുകള്‍ ഉണ്ടെന്ന വി.എസിന്‍റെ പരാമര്‍ശത്തിന് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തനിക്കെതിരെ ഒരൊറ്റ കേസ് പോലുമില്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി വി.എസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

യു.ഡി.എഫ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതിക്കേസുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ അനധികൃതമായി 2920 ഏക്കര്‍ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടെന്നും വി.എസ് ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറഞ്ഞിരുന്നു.

അതിനിടെ വി.എസിനെതിരെ ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിപ്പും എഴുതി.  അടിയറവ് പറയാനായിരുന്നെങ്കിൽ എന്തിനു തുടങ്ങിയെന്ന തലക്കെട്ടോടെയാണ് ഉമ്മൻ ചാണ്ടിയുടെ കുറിപ്പ്. ലാവ്‍ലിൻ കേസിലും ടി.പി. ചന്ദ്രശേഖരൻ വധത്തിലും ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള വി.എസിന്‍റെ നിലപാടുകളെ കുറിപ്പിൽ ചോദ്യം ചെയ്യുന്നുണ്ട്.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

എല്ലാം എന്റെ പിഴവാണെന്ന് ഏറ്റുപറഞ്ഞ വ്യത്യസ്തനായൊരു വി.എസ്.അച്യുതാനന്ദനെയാണ് കേരളം ഇന്നലെ കണ്ടത്. തന്റെ നിലപാടുകളില്‍ എന്തുവന്നാലും ഉറച്ചുനില്‍ക്കുമെന്ന് പലപ്പോഴും മേനിപറഞ്ഞിരുന്ന അങ്ങ് ആരെയൊക്കയോ എന്തിനെയൊക്കയോ ഭയപ്പെടുന്നു എന്ന പ്രതീതിയാണ് കേരള ജനതക്കു നല്‍കിയത്. എല്ലാ ഊര്‍ജവും നഷ്ടപ്പെട്ട് അധികാര സ്ഥാനത്തിനുവേണ്ടി ഇതുവരെ പറഞ്ഞതെല്ലാം ഒരു നിമിഷംകൊണ്ടു വിഴുങ്ങി ആദര്‍ശത്തോടുപോലും സന്ധിചെയ്യുന്ന അങ്ങയുടെ തെരഞ്ഞെടുപ്പുകാലത്തെ നിറംമാറ്റം ജനങ്ങള്‍ തിരിച്ചറിയും.

പിണറായി വിജയന്‍ പങ്കാളിയായ ലാവലിന്‍ കേസില്‍ അങ്ങ് ഇപ്പോള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങള്‍ വായിച്ച് ജനങ്ങള്‍ പൊട്ടിച്ചിരിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല. ലാവലിന്‍ കേസില്‍ കോടതി വിധി അംഗീകരിക്കുന്നു എന്നാണ് അങ്ങ് പറയുന്നത്. മറിച്ചൊരു വിധി വരുന്നതുവരെ ഈ നിലപാടില്‍ തുടരും എന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്ന അങ്ങ്, അത് വിവാദമായതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് അഭിപ്രായത്തില്‍നിന്ന് ഒളിച്ചോടി. കോടതി വിധിയോടെ ലാവലിന്‍ കേസില്‍നിന്നും പിണറായി കുറ്റവിമുക്തനായെന്നും കേസ് ഇല്ലാതായെന്നുമുള്ള സി.പി.എമ്മിന്റെ അഭിപ്രായത്തെ അങ്ങ് അംഗീകരിക്കുന്നോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമായി പറയുന്നില്ല. പിണറായിയെ കുറ്റവിമുക്തനാക്കിയ സി.ബി.ഐ. കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നിലനില്‍ക്കുകയാണ്. ഹൈക്കോടതിയില്‍നിന്നും പിണറായിക്കെതിരായ വിധി വന്നാല്‍ അങ്ങ് നിലപാട് മാറ്റുമെന്ന സൂചനയല്ലേ ഈ പ്രതികരണത്തിലൂടെ അങ്ങ് നടത്തിയത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നടക്കുന്നത് ആശയ സമരമാണെന്ന അങ്ങയുടെ പ്രതികരണമാണ് ഏറ്റവും വലിയ തമാശ. ഇതു പറഞ്ഞ് അങ്ങ് കേരളത്തിലെ ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ പരിഹസിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പിണറായി വിജയനെതിരേ അങ്ങ് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ ഓരോരുത്തര്‍ക്കും അറിയാവുന്നതാണ്. ലാവലിന്‍ കേസില്‍ അങ്ങ് നടത്തിയ ഓരോ നീക്കവും അതേപടി അപ്പപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം ഗവര്‍ണര്‍ സര്‍ക്കാരിനോടു ചോദിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയെന്ന നിലയില്‍ അങ്ങയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുവാദം ഗവര്‍ണര്‍ക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അങ്ങുകൂടി ചേര്‍ന്നെടുത്ത തീരുമാനം മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളത്തില്‍ വച്ച് അങ്ങ്് ഈ തീരുമാനത്തെ പരസ്യമായി തള്ളിക്കളഞ്ഞതും ഓര്‍ക്കുമല്ലോ.

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് 2012 ജൂലൈയില്‍ നടന്ന കേന്ദ്ര കമ്മറ്റിയില്‍ സംസ്ഥാന നേതൃത്വത്തെയും പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് അങ്ങ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപംപോലും പിറ്റേന്ന് പത്രങ്ങളില്‍ അച്ചടിച്ചുവന്നില്ലേ. പിണറായിയെ കേരള ഗോര്‍ബച്ചേവ് എന്നും ഡാങ്കേയെന്നും അങ്ങ് വിളിച്ചതും പരസ്യമായല്ലേ. ലാവലിന്‍ കേസില്‍ പരസ്യമായ വിമര്‍ശനം നടത്തിയതിനല്ലേ അങ്ങയെ പി.ബിയില്‍നിന്നും പുറത്തക്കിയത്. എന്നിട്ട് തെരഞ്ഞെടുപ്പായപ്പോള്‍ പിണറായി മുന്നണിയുടെ സീനിയര്‍ നേതാവാണെന്നും അദ്ദേഹത്തിനെതിരേ പ്രസംഗിച്ച് ധര്‍മ്മടത്ത് തോല്‍പ്പിക്കാന്‍ ഞാന്‍ വേറെ ആളെ നോക്കണമെന്നും പറയുമ്പോള്‍ ഇക്കാര്യത്തിലെ ഇരട്ടത്താപ്പല്ലേ വെളിപ്പെടുന്നത്. അല്ലെങ്കില്‍ എല്ലാ ആയുധവും വച്ച് അങ്ങ് പിണറായിക്ക് വിധേയനാകുന്നുവെന്നല്ലെ മനസിലാക്കേണ്ടത്. ഈ ചക്കളത്തിപോരാട്ടത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ആശയസമരങ്ങള്‍ നടക്കുന്നത് സ്വാഭാവികമാണെന്നും അത് പാര്‍ട്ടി കാര്യമാണെന്നും തെരഞ്ഞെടുപ്പിലേയ്ക്ക് അത് വലിച്ച് നീട്ടുന്ന സംഘടനാ വിരുദ്ധ സ്വഭാവം ഞങ്ങള്‍ക്കില്ലെന്നും മറ്റുമുള്ള അങ്ങയുടെ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെയാണ് പൊട്ടിച്ചിരിക്കാതിരിക്കുക.

ടി.പി.ചന്ദ്രശേഖരന്റെ അതിദാരുണമായ വധവുമായി ബന്ധപ്പെട്ട് അങ്ങയുടെ നിലപാടുകള്‍ക്ക് യാതൊരു മാറ്റവുമില്ലെന്നും ആ വധം അങ്ങേയറ്റം അപലപനീയമാണെന്നും അത് ആര് നടത്തിയാലും അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അങ്ങ് പറയുമ്പോള്‍ ഈ വധവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന യു.ഡി.എഫ് നിലപാടിനോട് അങ്ങ് യോജിക്കുന്നുണ്ടോ. ഒരു തെരഞ്ഞെടുപ്പു കാലത്താണല്ലോ ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയേയും മകനേയും കാണാന്‍ അങ്ങ് വടകരയില്‍ പോയത്. ഇത് ആ തെരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥിയുടെ തോല്‍വിക്കുപോലും കാരണമായെന്നും അങ്ങയുടെ പാര്‍ട്ടി വിലയിരുത്തിയല്ലോ. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായി ജയിലിലുള്ള പി.കെ.കുഞ്ഞനന്തനെ സി.പി.എം. ഏര്യാ കമ്മറ്റിയില്‍ എടുത്തതിനെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്.

ഭരണത്തില്‍ ഇരുന്ന് അഴിമതി നടത്തിയ നിരവധി പേര്‍ക്കെതിരായ നിയമ പോരാട്ടങ്ങളില്‍ ആര്‍ ബാലകൃഷ്ണപിള്ളയെയാണ് ജയിലിലടയ്ക്കാന്‍ കഴിഞ്ഞതെന്ന് അഭിമാനിക്കുന്ന അങ്ങ് പിള്ളയുടെ പാര്‍ട്ടി ഇടത് പക്ഷ ജനാധിപത്യ മുന്നണിയില്‍ അംഗമല്ലെന്നും ആ നില തുടരുകയും ചെയ്യുമെന്നും പറയുന്നു. 300 കോടി രൂപയുടെ അനധികൃത സ്വത്ത് പിള്ള സമ്പാദിച്ചിട്ടുണ്ടെന്നും ആ സ്വത്ത് കണ്ടുകെട്ടി ഭൂരഹിതര്‍ക്കു നല്‍കണമെന്നും അങ്ങ് പ്രസ്താവിച്ചിരുന്നല്ലോ. അതുപോലെ സുപ്രീം കോടതിയില്‍വരെ പോയി മുന്‍നിര അഭിഭാഷകരെ വച്ച് നിരവധി കേസുകള്‍ നടത്തുന്നതിനുള്ള പണം അങ്ങേക്ക് എവിടെനിന്നു ലഭിക്കുന്നു എന്നകാര്യം അന്വേഷിക്കണം എന്നു ബാലകൃഷ്ണപിള്ളയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം അങ്ങനെതന്നെ നില്‍ക്കുമ്പോഴാണ് സെക്രട്ടറിയേറ്റു നടയിലെ സമരപ്പന്തലിലേക്ക് ബാലകൃഷ്ണപിള്ളയെ അങ്ങ് ഹസ്തദാനം ചെയ്ത് ആനയിച്ചത്. പിള്ളയുടെ മകന്‍ ഗണേഷ് കുമാര്‍ എങ്ങനെയാണ് പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. അങ്ങയുടെ മുന്നണിയുടെ നേതാക്കളായ പിണറായി വിജയനുമായും കോടിയേരി ബാലകൃഷ്ണനുമായെല്ലാം പിള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയല്ലേ.

പാര്‍ട്ടിക്കുള്ളിലെ പോരാട്ടത്തില്‍ അങ്ങേയ്‌ക്കൊപ്പം ഉറച്ചുനിന്ന നൂറുകണക്കിനു സഹപ്രവര്‍ത്തകരുടെ ജീവിതമല്ലേ അങ്ങ് തുലച്ചത്. അങ്ങനെ പാര്‍ട്ടി അംഗത്വവും ബന്ധുത്വവും നഷ്ടപ്പെട്ട പ്രവര്‍ത്തകരോട് ഒരു ശതമാനംപോലും നീതിപുലര്‍ത്താത്തതാണല്ലോ അങ്ങയുടെ ഇപ്പോഴത്തെ നിലപാട്. എല്ലാ ഊര്‍ജവും നഷ്ടപ്പെടുത്തി പറഞ്ഞതും പ്രവര്‍ത്തിച്ചതുമെല്ലാം അപ്പാടെ വിഴുങ്ങി അധികാര സ്ഥാനത്തിനുവേണ്ടി ഇത്തരത്തിലൊരു നിറംമാറ്റമായിരുന്നു അങ്ങയുടെ മനസിലുണ്ടായിരുന്നതെങ്കില്‍ എന്തിനായിരുന്നു ഇതെല്ലാം. ഇതെല്ലാം നഗ്‌നസത്യങ്ങളായി മുന്നില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ ആരോപണങ്ങളായി അങ്ങേക്ക് തള്ളിക്കളയാനാകില്ലല്ലോ. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അങ്ങ് കാണിക്കുന്ന ഇത്തരം അഭ്യാസങ്ങള്‍ കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു. ഈ തെരഞ്ഞെടുപ്പുകാല വേഷപ്പകര്‍ച്ച ഇനിയെങ്കിലും അങ്ങ് അവസാനിപ്പിക്കണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandyvs achuthanandan
Next Story