ഷാപ്പുകളിലേക്ക് കൊണ്ടുവരുന്ന കള്ളില്‍ എക്സൈസ് റെയ്ഞ്ച് ഓഫിസില്‍ മായം ചേര്‍ക്കുന്നു
text_fieldsചാലക്കുടി: ഷാപ്പുകളിലേക്ക് കൊണ്ടുവരുന്ന കള്ളില്‍ ചാലക്കുടി എക്സൈസ് ഓഫിസില്‍വെച്ച് മായം ചേര്‍ക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. പാലക്കാട്ടുനിന്ന് വരുന്ന കള്ളുവണ്ടികള്‍ ചാലക്കുടി എക്സൈസ് റെയ്ഞ്ച് ഓഫിസില്‍ കയറ്റി മായം ചേര്‍ത്ത് മറ്റ് വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം നടത്തിയ മിന്നല്‍പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്.
എക്സൈസ് ഓഫിസില്‍ അനധികൃതമായി സൂക്ഷിച്ച പണവും മദ്യത്തില്‍ മായം ചേര്‍ക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. മൂന്ന് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ചാലക്കുടി റെയ്ഞ്ച് കരാറുകാരന്‍ ജോഷിക്കെതിരെ കേസെടുത്തു.
വാഹനങ്ങളില്‍ വന്നത്തെുന്ന മദ്യം അളക്കുന്നതിനടുത്ത് അനുവദനീയമായതില്‍ കൂടുതല്‍ മദ്യവും കണ്ടത്തെി. കള്ള് അളക്കുന്ന ഷെഡില്‍വെച്ചാണ് മായം ചേര്‍ക്കുന്നത്. പാലക്കാട്ടുനിന്ന് കൊണ്ടുവന്ന 1,900 ലിറ്റര്‍ കള്ളിന് പകരം 2,135 ലിറ്റര്‍ ഇവിടെനിന്ന് കണ്ടെടുത്തു. ഇത് മായം ചേര്‍ത്തതിന്‍െറ തെളിവാണെന്ന് വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ അവരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. കള്ള് മാറ്റി നിറച്ചുകൊണ്ടിരുന്ന റേഞ്ച് ഓഫിസിന്‍െറ തിണ്ണയില്‍നിന്ന് 45,850 രൂപയും കണ്ടെടുത്തു. കള്ള് കൊണ്ടുപോകാനായി കൊണ്ടുവന്ന മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. ഇവയുടെ ഡ്രൈവര്‍മാരായ മറയൂര്‍ വിശാഖം വീട്ടില്‍ വിനോദ് (32), അത്തിക്കോട് വിളയപുരയ്ക്കല്‍ വീട്ടില്‍ വിനീത് (30), കുറുമ്പാടയില്‍ അനീഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അബ്കാരി നിയമപ്രകാരം അതത് റെയ്ഞ്ചിലെ കള്ളുമായത്തെുന്ന വാഹനങ്ങള്‍ എക്സൈസ് ഇന്‍സ്പെക്ടറെ അളവും ഗുണവും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന് വാഹനങ്ങള്‍ എക്സൈസ് ഓഫിസിനു മുന്നില്‍ നിര്‍ത്തി പരിശോധിക്കണമെന്നാണ് നിയമം. എക്സൈസ് ഓഫിസിന്‍െറ വളപ്പിലേക്ക് കള്ളുമായത്തെുന്ന വാഹനങ്ങള്‍ കയറ്റാനും പാടില്ല. ഇത് അവഗണിച്ചാണ് കള്ളുവണ്ടികള്‍ ചാലക്കുടിയില്‍ അകത്ത് പ്രവേശിച്ചിരുന്നത്. കള്ള് അളക്കുകയാണെന്ന വ്യാജേന ഇവിടെ മായം ചേര്‍ക്കുകയാണ് ചെയ്തിരുന്നത്.
പിടിച്ചെടുത്ത കള്ളും പണവും വാഹനങ്ങളും മറ്റും തുടര്‍നടപടികള്‍ക്കായി ചാലക്കുടി എസ്.ഐക്ക് കൈമാറി. പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.