ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണം: മോദി മെയ് ആറിന് കേരളത്തിൽ
text_fieldsതിരുവനന്തപുരം: എന്‍.ഡി.എ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് അഞ്ച് റാലികളില്‍ പങ്കെടുക്കും. മേയ് ആറു മുതല്‍ 11 വരെയാണ് പ്രധാനമന്ത്രിയുടെ പര്യടനം. വേദികള്‍ ഏതൊക്കെയാണെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മേയ് ഒന്നു മുതല്‍ 14 വരെ വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മേയ് ആറ്, ഏഴ് തീയതികളിലും കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡു എട്ട്, ഒമ്പത് തീയതികളിലും സ്മൃതി ഇറാനി എട്ടിനും സദാനന്ദ ഗൗഡ 11വരെയും വിവിധ പരിപാടികളില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, നിര്‍മലാ സീതാരാമന്‍, മനോഹര്‍ പരീകര്‍, പൊന്‍രാധാകൃഷ്ണന്‍ എന്നിവരും എത്തുന്നുണ്ട്. എന്‍.ഡി.എയുടെ നയരേഖ ഈ മാസം 30ന് തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അരുണ്‍ജെയ്റ്റ്ലി പ്രകാശനം ചെയ്യും. സി.കെ. ജാനുവിന്‍െറ പാര്‍ട്ടി എന്‍.ഡി.എയില്‍ ചേരുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകും.
എന്‍.ഡി.എയുടെ മുന്നേറ്റത്തിലെ ഭയപ്പാടുകൊണ്ടാണ് ഇരുമുന്നണികളും തങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്ന് കുമ്മനം പറഞ്ഞു. യു.ഡി.എഫും ബി.ജെ.പിയുമായി ധാരണയെന്ന് ഇടതുമുന്നണിയും യു.ഡി.എഫ് തിരിച്ചും പറയുന്നു. രണ്ട് കൂട്ടര്‍ക്കും ശത്രു ഞങ്ങളാണ്. ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയെന്ന ആരോപണം നാളുകളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇടതുമുന്നണിയും കോണ്‍ഗ്രസും ബംഗാളില്‍ പരസ്യ ധാരണയിലാണ്. സുരേഷ് ഗോപിയുടെ എം.പി സ്ഥാനം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് അറിയില്ലായിരുന്നെന്ന സൂചനയാണ് കുമ്മനം നല്‍കിയത്. കലാപ്രതിഭ എന്ന നിലയിലാണ് അദ്ദേഹം വന്നത്. ബി.ജെ.പിയില്‍ അംഗത്വമെടുത്തോ എന്നറിയില്ല. കേന്ദ്ര നേതൃത്വം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തോ എന്നത് തങ്ങളുടെ ആഭ്യന്തര കാര്യമാണ്. അതേക്കുറിച്ച് പറയുന്നില്ല. പാര്‍ട്ടിയിലേക്ക് മടങ്ങിവന്ന മുകുന്ദന്‍െറ ഭാരവാഹിത്വം സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. മടങ്ങിവന്ന ആര്‍ക്കും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാം. ഭരിക്കാനുള്ള സീറ്റ് തങ്ങള്‍ക്ക് കിട്ടുമെന്നും കുമ്മനം പറഞ്ഞു.
വെള്ളാപ്പള്ളി പ്രചാരണത്തിനിറങ്ങുന്ന കാര്യം ഏതാനും ദിവസങ്ങള്‍ക്കകം തീരുമാനിക്കുമെന്ന് കുമ്മനത്തിനൊപ്പമുണ്ടായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസില്‍നിന്ന് വെള്ളാപ്പള്ളി മാറിപ്പോയിട്ടില്ല. ആവശ്യം വരുമ്പോള്‍ ഇടപെടും. വ്യക്തിപരമായ കാരണത്താലാണ് പാലായില്‍ മത്സരിക്കാതിരുന്നതെന്ന് പി.സി. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.