70 ശതമാനം കിണറുകളിലും ജലനിരപ്പ് താഴ്ന്നെന്ന് പഠനം
text_fieldsതിരുവനന്തപുരം: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ 70 ശതമാനം കിണറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി ഭൂജലവകുപ്പിന്‍െറ പഠനം. വയനാട് ജില്ലയിലെ അഞ്ചുകുന്നിലും കാസര്‍കോട് ജില്ലയിലെ കൊളത്തൂരിലും കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ജലനിരപ്പ് താഴ്ന്നത് മൂന്ന് മീറ്റാണ്. പാലക്കാട് ജില്ലയിലെ പുതുശ്ശേരിയാണ് തൊട്ടുപിന്നില്‍.
രണ്ട് മീറ്ററാണ് ഇവിടെ ഭൂജലനിരപ്പ് താഴ്ന്നത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍, തൃശ്ശേരി, കണിയമ്പറ്റ, കാസര്‍കോട് ജില്ലയിലെ പനത്തടി, കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, പട്ടാന്നൂര്‍ തിരുവനന്തപുരം ജില്ലയിലെ കരവാരം, തെന്നൂര്‍, പൂവാര്‍ എന്നിവിടങ്ങളിലാണ് ജലനിരപ്പ് കൂടുതല്‍ താഴ്ന്നത്. മഴ കുറഞ്ഞതും ചൂട് ക്രമാതീതമായതുമാണ് ജലനിരപ്പ് താഴാന്‍ കാണമെന്നാണ് ഭൂജലവകുപ്പിന്‍െറ നിഗമനം. സംസ്ഥാനത്ത് ഈ സീസണില്‍ ലഭിക്കേണ്ട മഴയുടെ അളവില്‍ 53 ശതമാനത്തിന്‍െറ കുറവാണുള്ളത്. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 20 വരെ 97.1മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട സംസ്ഥാനത്ത് ഈ കാലയളവില്‍ ലഭിച്ചത് 45.9 മില്ലി മീറ്റര്‍ മാത്രം. കാസര്‍കോട് ജില്ലയിലാണ് മഴ തീരെ ലഭിക്കാഞ്ഞത്. 32.3 മില്ലീമിറ്റര്‍ മഴ ലഭിക്കേണ്ട ഇവിടെ കിട്ടിയത് 0.1 മില്ലീമീറ്റാണ്. 99 ശതമാനം കുറവ്.
ഭൂജലം റീചാര്‍ജ് ചെയ്യാനുള്ള പ്രകൃതിപരമായ സംവിധാനങ്ങള്‍ നഷ്ടമാകുന്നതും നിലവിലെ സ്ഥിതിക്ക് കാരണമായി ഭൂജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഭൂഗര്‍ഭ ജലം സംഭരിച്ച് നിര്‍ത്തുന്ന കുന്നുകള്‍ നശിക്കുന്നതും നീര്‍ത്തടങ്ങള്‍ ഇല്ലാതാകുന്നതുമടക്കം ഇതിനുദാഹരണമാണ്.
സംസ്ഥാനത്ത് 60 ലക്ഷത്തിലേറെ കിണറുകളെയാണ് കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
ഭൂജലനിരപ്പിലെ നേരിയ വ്യതിയാനം കിണറുകളില്‍ വേഗം പ്രകടമാകും. ഗ്രാമീണ മേഖലയില്‍ 64.8 ശതമാനംപേര്‍ കിണറുകളെയും 24.5 ശതമാനം പൈപ്പ്വെള്ളത്തെയും ആശ്രയിക്കുന്നുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ 10.8 ശതമാനമാണ്. നഗരമേഖലയില്‍ കിണറുകള്‍ ഉപയോഗിക്കുന്നത് 58.9 ശതമാനമാണ്. പൈപ്പ് വെള്ളം 34.9 ശതമാനവും മറ്റ് മാര്‍ഗങ്ങള്‍ 6.3 ശതമാനവും. 2001ല്‍ കേരളത്തിലെ ആകെ വാര്‍ഷിക ജലാവശ്യകത 26800 ദശലക്ഷം ഘന മീറ്ററായിരുന്നെന്നാണ് കണക്ക്. അതേസമയം 2031 ഓടെ 44000 ദശലക്ഷം ഘനമീറ്ററായി വര്‍ധിക്കുമെന്നാണ് ദേശീയ സാമ്പത്തിക ഗവേഷണ കൗണ്‍സിലിന്‍െറ പഠനം ചൂണ്ടിക്കാട്ടുന്നത്. അതായത് 2001നെ അപേക്ഷിച്ച് ജലാവശ്യകത 64 ശതമാനം വര്‍ധിക്കും. ഈ സാഹചര്യത്തിലാണ് ഭൂജലവിതാനത്തിലെ താഴ്ച ഗൗരവമുള്ളതാകുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍െറ പഠനത്തില്‍ കേരളത്തിലെ ശരാശരി വാര്‍ഷിക മഴലഭ്യത പ്രതിവര്‍ഷം 1.43 മില്ലീമീറ്റര്‍ കുറഞ്ഞുവരുകയാണ്.
ഇതില്‍ കാലവര്‍ഷവും വേനല്‍മഴയും ശീതകാലമഴയും കുറയുന്നു. അതേസമയം തുലാവര്‍ഷം കൂടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.