ഒട്ടും താഴെയല്ല, പ്രൗഢിയില്‍...
text_fieldsകോട്ടയം: മീനച്ചിലാറിന്‍െറ തീരത്ത് നൂറ്റാണ്ടുകളുടെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതിയും പഴമയുടെ പ്രൗഢി നിലനിര്‍ത്തിയും താഴത്തങ്ങാടി ജുമാമസ്ജിദ്. അറേബ്യയില്‍നിന്ന് വന്ന മാലിക് ബിന്‍ ദീനാറിന്‍െറ നേതൃത്വത്തിലുള്ള ഇസ്ലാം മത പ്രബോധനസംഘം ചേരമാന്‍ മസ്ജിദ് കൊടുങ്ങല്ലൂര്‍, കാസര്‍കോട് തീങ്കര മാലിക് ബിന്‍ ദീനാര്‍ മസ്ജിദ് എന്നിവ ഉള്‍പ്പെടെ 10 പള്ളികള്‍ സ്ഥാപിച്ച കാലത്തുതന്നെയാണ് താഴത്തങ്ങാടി പള്ളിയുടെ നിര്‍മാണം നടന്നത്. 1300ലേറെ വര്‍ഷം പഴക്കമുള്ള പള്ളിക്ക് സ്ഥലം വിട്ടുനല്‍കിയതും കൊടുങ്ങല്ലൂരില്‍നിന്ന് വാസ്തുവിദ്യ വിദഗ്ധരായ വിശ്വകര്‍മരെ വരുത്തി എല്ലാസഹായവും ചെയ്തു കൊടുത്തതും വെണ്‍പൊലി രാജാവായിരുന്നു. വശ്യമനോഹാരിത ഒട്ടും ചോരാതെ മൂന്നു നിലകളിലായി വിസ്മയം തീര്‍ത്ത് നില്‍ക്കുന്ന മസ്ജിദ് കേരളത്തില്‍ പുനര്‍നിര്‍മിക്കാത്ത അപൂര്‍വം പള്ളികളില്‍ ഒന്നാണ്.
മൂന്നു നിലകളിലും മരത്തില്‍ മനോഹരമായി തീര്‍ത്ത കൊത്തുപണികളാണുള്ളത്. താഴത്തെ നിലയില്‍ ഒറ്റത്തടി ചതുരത്തില്‍ കടഞ്ഞെടുത്ത എട്ടു മരത്തൂണുകളാണുള്ളത്. ശില്‍പഭംഗിയില്‍ തീര്‍ത്ത ചതുരാകൃതിയിലുള്ള കരിങ്കല്‍പാളികള്‍ തൂണുകള്‍ക്ക് ചുറ്റുമായി നിലയുറപ്പിച്ചിരിക്കുന്നു. അതിന് മുകളില്‍ തടികൊണ്ടുള്ള തട്ടുകള്‍. ഒന്നാം നിലയില്‍ വീണ്ടും എട്ടു തൂണുകളുണ്ട്. ചുറ്റിലും 25ലധികം ചെറിയ തടിത്തൂണുകളുമുണ്ട്. പള്ളിയുടെ മച്ചിന്‍െറയും മേല്‍ക്കൂരയുടെയും നിര്‍മാണവൈഭവം വേറിട്ടതാണ്. കൊത്തുപണികളോട് കൂടിയതാണ് കഴുക്കോലും ഉത്തരവും. തടിയില്‍ സൂക്ഷ്മമായി കൊത്തുപണി തീര്‍ത്ത നൂറുകണക്കിന് ചിത്രവേലകള്‍ പ്രാചീനത വിളംബരം ചെയ്യുന്നു. ഇടഭിത്തിയും കൊത്തുപണികളാല്‍ അലംകൃതമാണ്. അകത്തെ പള്ളിയുടെ ഇടതുഭാഗത്തെ വാതിലില്‍ നിര്‍മിച്ചിരിക്കുന്ന സാക്ഷയുടെ നിര്‍മാണവൈഭവവും ഇമാമിന്‍െറ പ്രസംഗപീഠവും മിമ്പറും മിഹ്റാബും ആകര്‍ഷമാണ്. കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന തച്ചുശാസ്ത്രമാണ് നിര്‍മാണത്തിന്‍െറ സവിശേഷത.
ജുമാനമസ്കാരത്തിന് ഖുതുബ നിര്‍വഹിക്കുന്നതിന് മിമ്പറില്‍ കയറുമ്പോള്‍ വിശ്വാസത്തിന്‍െറ പ്രതീകമായി ഇമാം പിടിക്കുന്ന ‘വെള്ളിവാള്‍’ തെക്കുംകൂര്‍ വെണ്‍പൊലി രാജാവ് ഉപഹാരമായി നല്‍കിയതാണ്. കാലപ്പഴക്കത്താല്‍ വാളിന് ചെറിയ കേടുപാട് സംഭവിച്ചെങ്കിലും ഇതുവരെ മിനുക്കുപണികള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. പള്ളിയുടെ ഭിത്തിയിലും തടിയിലും നിരവധി ഖുര്‍ആന്‍ വചനങ്ങളാണ് ആലേഖനം ചെയ്തിട്ടുള്ളത്. പ്രാചീന ലിപിയും അറബി കാലിഗ്രാഫിയും ഉപയോഗിച്ച് അതിമനോഹരമായാണ് എഴുതിയിരിക്കുന്നത്. ‘നിങ്ങള്‍ നന്മയിലും ഭക്തിയിലും എല്ലാവരുമായി സഹകരിക്കുക. വിദ്വേഷത്തിലും തിന്മയിലും ആരുമായി സഹകരിക്കരുത്’ (സൂറത്തുല്‍ മാഇദ) എന്ന ഖുര്‍ആന്‍ വചനവും ഇടംപിടിച്ചിട്ടുണ്ട്.
ഇതിനൊപ്പം പള്ളി പരിപാലിക്കുന്നവരുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുന്ന ഖുര്‍ആന്‍ വചനവും മസ്ജിദ് നിര്‍മാണത്തിന്‍െറ സവിശേഷതയെന്താണെന്ന് പ്രതിപാദിക്കുന്ന ‘ബൈത്തും’ ചേര്‍ത്തിട്ടുണ്ട്. പ്രവേശകവാടത്തില്‍ സമചതുരത്തില്‍ ഒറ്റകരിങ്കല്‍ പാളിയില്‍ തീര്‍ത്ത ഹൗള് (അംഗശുദ്ധിക്ക് വെള്ളം ശേഖരിക്കുന്ന നിര്‍മാണം) ഏറെ ആകര്‍ഷകമാണ്. നമസ്കാരത്തിന് എത്തുന്ന വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്നതിന് സ്ഥാപിച്ച ജലസംഭരണിയില്‍നിന്ന് കനത്ത വേനലിലും തണുത്ത ജലമാണ് കിട്ടുന്നത്. മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്നതിന് വെള്ളം സമീപത്തെ കിണറില്‍നിന്ന് കല്‍പ്പാത്തി വഴി ഒഴുക്കിയാണ് സംഭരണി നിറക്കുന്നത്. കാല്‍ കഴുകി അകത്തേക്ക് പ്രവേശിച്ചാല്‍ രണ്ടും മൂന്നും നിലകളിലേക്ക് കയറുന്നതിന് തടികൊണ്ട് കുത്തനെ നിര്‍മിച്ച ഏണികളും കല്‍വിളക്കുകളും കാണാം.
ഘടികാരമില്ലാത്ത കാലത്ത് നിഴല്‍നോക്കി സമയമറിയാന്‍ പള്ളിമുറ്റത്ത് കല്‍ത്തറയും സ്ഥാപിച്ചിട്ടുണ്ട്. ഈ വളച്ചുകെട്ടിനുള്ളില്‍ നിഴലില്ലാത്ത നേരം സൂര്യന്‍െറ ചായ്വ് തെക്കോട്ടായാലും വടക്കോട്ടായാലും കൃത്യം 12 മണിയായിരിക്കും. അക്കാലങ്ങളില്‍ ബാങ്കുവിളിയും അഞ്ചു നേരത്തെ നമസ്കാരവും നിര്‍വഹിച്ചിരുന്നത് നിഴല്‍ നോക്കിയാണ്. മനോഹാരിതക്ക് കഴിനിഴല്‍ വീഴ്ത്തി ചിതല്‍ പലപ്പോഴും വില്ലനാകാറുണ്ട്. പൈതൃകപദവി പട്ടികയില്‍പെടുത്തി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദ് സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.