കുടിവെള്ളക്ഷാമം വിലയിരുത്താന്‍ ഇന്ന് ഉന്നതതലയോഗം
text_fieldsതിരുവനന്തപുരം: പൊള്ളുന്ന വേനലില്‍ ജനം വെന്തുരുകുന്നതിനിടെ അടുത്ത രണ്ടു ദിവസംകൂടി സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിലെ താപനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനയുണ്ടാകാം. ഉയരുന്ന താപനിലയില്‍ സൂര്യാതപം ഏല്‍ക്കാനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തില്‍ ഉടലെടുത്ത ഉഷ്ണജലപ്രവാഹമായ ‘എല്‍നിനോ’ ശക്തമായി തുടരുന്നതിലൂടെ രൂപപ്പെട്ട ഹീറ്റ് വേവ് പ്രതിഭാസമാണ് ചൂട് വീണ്ടും വര്‍ധിക്കാന്‍ കാരണം. വടക്കന്‍ സംസ്ഥാനങ്ങളില്‍ സാധാരണ വേനല്‍ക്കാലത്ത് ഇത്തരം പ്രതിഭാസമുണ്ടാകാറുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് ഹീറ്റ് വേവ് അനുഭവപ്പെടുന്നതെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കടലിലും ഭൂമധ്യരേഖക്ക് സമീപത്തെ പ്രദേശങ്ങളിലും ചൂട് കൂടുന്നതിന്‍െറ ഫലമായി അന്തരീക്ഷത്തില്‍ ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന പ്രതിഭാസമാണ് ഹീറ്റ് വേവ്. ഇതുമൂലം ഭൂപ്രദേശങ്ങളിലെ വ്യത്യാസം അനുസരിച്ച് നിലവിലുള്ളതിനെക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് വര്‍ധിക്കും. അതേസമയം, പാലക്കാട് 41 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടരുകയാണ്. ശരാശരി താപനിലയില്‍നിന്ന് ആറ് ഡിഗ്രി സെല്‍ഷ്യസിന്‍െറ വര്‍ധനയാണ് പാലക്കാട്ട് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മലമ്പുഴയില്‍ രേഖപ്പെടുത്തിയ റെക്കോഡ് ചൂട് (41.9 ഡിഗ്രി സെല്‍ഷ്യസ്)ഇതിന്‍െറ ഫലമാണ്. പാലക്കാടിനൊപ്പം കോഴിക്കോടും ആലപ്പുഴയും ശരാശരി താപനിലയില്‍ നാല് ഡിഗ്രിയോളം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഹീറ്റ് വേവിന്‍െറ പശ്ചാത്തലത്തില്‍ അടുത്ത രണ്ടു ദിവസം തുറസ്സായ സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട ഉപയോഗിക്കണമെന്നും കുടിവെളളം കരുതണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യന്നവര്‍ 11മുതല്‍ മൂന്നുവരെ ജോലി ചെയ്യരുത്. ആശുപ്രതികള്‍,അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം, ഒ.ആര്‍.എസ് ലായനികള്‍ എന്നിവ കരുതണം. സൂര്യാതപമേറ്റ് വരുന്നവര്‍ക്ക് അടിയന്തര ചികിത്സ നല്‍കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശമണ്ട്.
സംസ്ഥാനത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം കൃഷി നാശവും നേരിടുകയാണ്.കുടിവെള്ളത്തിനായി ഏറെ പ്രയാസപ്പെടുകയാണ് ഗ്രാമീണ മേഖല. കുടിവെള്ള വിതരണം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചെങ്കിലും ഇത് പര്യാപ്തമായിട്ടില്ല. കുടിവെള്ള ക്ഷാമം വിലയിരുത്താന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഓഫിസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.