അണക്കെട്ടുകള്‍ വറ്റുന്നു; വൈദ്യുതിനിയന്ത്രണവും വോള്‍ട്ടേജ് ക്ഷാമവും
text_fieldsതിരുവനന്തപുരം: രൂക്ഷമായ വേനലില്‍ വറ്റിവരണ്ട് സംസ്ഥാനത്തെ അണക്കെട്ടുകള്‍. വൈദ്യുതി ബോര്‍ഡിന്‍െറയും ജല വകുപ്പിന്‍െറയും നിയന്ത്രണത്തിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. അന്തര്‍ സംസ്ഥാന ലൈനിലെ തകരാര്‍ മൂലം 300 മെഗാവാട്ടിന്‍െറ കുറവ് വന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഇടുക്കി, ശബരിഗിരി പദ്ധതികളില്‍നിന്ന് കൂടുതല്‍ ഉല്‍പാദിപ്പിച്ചും വിലകൂടിയ കായംകുളം വൈദ്യുതി വാങ്ങിയുമാണ് പിടിച്ചുനിന്നത്. കൂടാതെ ഗ്രാമീണമേഖലയില്‍ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തുകയുംചെയ്തു. പല മേഖലകളിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവിധം വോള്‍ട്ടേജ് ക്ഷാമവും അനുഭവപ്പെടുന്നു. കാലവര്‍ഷം വന്ന് നീരൊഴുക്ക് ശക്തിപ്പെടുംവരെ എങ്ങനെ പിടിച്ചുനില്‍ക്കുമെന്ന ആശങ്കയിലാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിന്‍െറ അണക്കെട്ടുകളില്‍ ബുധനാഴ്ചയിലെ കണക്ക് പ്രകാരം 30 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇതുപയോഗിച്ച് 1222.72 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാം. എന്നാല്‍, ജൂണ്‍ ഒന്നിന് നിശ്ചിത ശതമാനം വെള്ളം ബാക്കിവെക്കണമെന്ന ചട്ടമുണ്ട്. അവശേഷിക്കുന്ന വെള്ളം ചുരുക്കം ദിവസത്തെ വൈദ്യുതി ഉല്‍പാദനത്തിന് മാത്രമേ തികയൂ. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനെക്കാള്‍ 491.83 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇക്കുറി കുറവാണ്. വേനല്‍ തുടര്‍ന്നാല്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങും.
ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയില്‍ ഇനി 26 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതില്‍നിന്ന് 568.05 ദശലക്ഷം യൂനിറ്റ് ഉല്‍പാദിപ്പിക്കാനേ കഴിയൂ. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലെ പമ്പ-കക്കി അണക്കെട്ടുകളില്‍ 36 ശതമാനം വെള്ളമുണ്ട്. ഇത് 332.62 ദശലക്ഷം യൂനിറ്റിനേ തികയൂ. ഷോളയാര്‍ 32, ഇടമലയാര്‍ 24, കുണ്ടള 68, മാട്ടുപ്പെട്ടി 51, കുറ്റ്യാടി 34, താരിയോട് 22, ആനയിറങ്കല്‍ 27, പൊന്മുടി 15, നേര്യമംഗലം 60, പെരിങ്ങല്‍ 25, ലോവര്‍ പെരിയാര്‍ 60 എന്നിങ്ങനെയാണ് മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്. ചെറുകിട പദ്ധതികളുടെയെല്ലാം പ്രവര്‍ത്തനം നിലക്കുന്ന സ്ഥിതിയാണ്.
വിലകൂടിയ വൈദ്യുതി വാങ്ങി നിയന്ത്രണം ഒഴിവാക്കുന്ന ബോര്‍ഡിന് ഇത് കനത്ത സാമ്പത്തിക ബാധ്യതയും സൃഷ്ടിച്ചിട്ടുണ്ട്. ബ്രഹ്മപുരത്തേതിന് യൂനിറ്റിന് 5.52 രൂപയും കോഴിക്കോടിന്‍േറതിന് 4.96 രൂപയുമാണ് വില. ബി.എസ്.ഇ.എസ് വൈദ്യുതിക്ക് 12.32 രൂപയാണ് നിരക്ക്. ഇത് വാങ്ങുന്നില്ല. പുറത്തുനിന്ന് കൊണ്ടുവരുന്ന വൈദ്യുതിക്ക് എന്തെങ്കിലും തടസ്സം വന്നാലും കേരളം ഇരുട്ടിലാകും. ജലസേചന വകുപ്പിന്‍െറ കൈവശമുള്ള അണക്കെട്ടുകളിലും അതിവേഗം ജലനിരപ്പ് താഴുകയാണ്. ഇവിടത്തെ ജലവിതരണത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വൈദ്യുതിഉപഭോഗത്തില്‍ വീണ്ടും റെക്കോഡ്
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗത്തില്‍ ചൊവ്വാഴ്ച പുതിയ റെക്കോഡ്. 78.62 ദശലക്ഷം യൂനിറ്റാണ് വേണ്ടിവന്നത്. ആദ്യമായാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 78 ദശലക്ഷം കടന്നത്. ഇതില്‍ 51.77 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് കൊണ്ടുവന്നതാണ്. സംസ്ഥാനത്തെ ഉല്‍പാദനം 26.85 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തിയാണ് പിടിച്ചുനിന്നത്. കായംകുളം താപനിലയത്തില്‍നിന്ന് 1.3 ദശലക്ഷം യൂനിറ്റ് വാങ്ങി. യൂനിറ്റിന് 7.27 രൂപയാണ് വില. ഏതാനും മാസമായി ഇവിടെനിന്ന് വൈദ്യുതി വാങ്ങിയിരുന്നില്ല. ഇടുക്കിയിലെ വൈദ്യുതി ഉല്‍പാദനം 11.14 ദശലക്ഷം യൂനിറ്റായി വര്‍ധിപ്പിച്ചു. നേരത്തേ ശരാശരി ആറ് ദശലക്ഷം യൂനിറ്റില്‍ ക്രമീകരിച്ചിരുന്നു. ശബരിഗിരിലെ ഉല്‍പാദനം 5.07 ദശലക്ഷം യൂനിറ്റായി ഉയര്‍ത്തി. ജലവൈദ്യുതി പദ്ധതികളിലെ ഉല്‍പാദനക്രമീകരണം താളംതെറ്റി. അപ്രതീക്ഷിതമായി പുറത്തുനിന്നുള്ള വൈദ്യുതി കുറഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചു. തെരഞ്ഞെടുപ്പായതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും കഴിയാത്ത സ്ഥിതിയായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.