വരൾച്ച നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ചയെ നേരിടാൻ സർക്കാർ അടിയന്തര ശ്രമങ്ങൾ തുടങ്ങി. ജലക്ഷാമം നേരിടുന്ന 14 ജില്ലകളിലും ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി അടൂർ പ്രകാശാണ് യോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഏറ്റവും കൂടുതൽ വരൾച്ച നേരിടുന്ന പാലക്കാട്, കാസർകോട്, കൊല്ലം ജില്ലകളിൽ ഊന്നൽ നൽകിയാണ് സർക്കാർ പ്രവർത്തനങ്ങൾ. ഉപ്പുവെള്ളം കയറുന്നു എന്ന് പ്രധാന പരാതിയുള്ള കാസർകോട് ജില്ലയിൽ അവ പരിഹരിക്കുന്നതിനായി ശ്രമം തുടരും. ജില്ലയിൽ കൂടുതൽ ബോർവെല്ലുകൾ നിർമിക്കും. ഇതിനായി ആറ് ജില്ലകളിൽ നിന്നുള്ള ജിയോളജിസ്റ്റുകളെ കാസർകോട്ടേക്ക് അയക്കും. പാലക്കാട് മലമ്പുഴ ഡാമിലെ വെള്ളം കുടിവെള്ളത്തിനായി മാത്രം ഉപയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
കൊല്ലം ജില്ലയിൽ വലിയ കുടിവെള്ളക്ഷാമമാണുള്ളത്. ശാസ്താം കോട്ട കായലിൽ വെള്ളം കുറഞ്ഞത് മൂലമാണിത്. ജലക്ഷാമം പരിഹരിക്കാൻ തെന്മല ഡാമിൽ നിന്നും വെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള തെന്മല ഡാമിൻെറ കനാലുകൾ തുറന്നുവിടും. വിവിധ ജില്ലകളിലെ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. സുര്യാഘാതം മൂലം മരണമടഞ്ഞവർക്ക് സർക്കാർ നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നൽകും. തെരഞ്ഞെടുപ്പ് കമീഷൻെറ അനുമതിയോടെ മാത്രമേ നടപടികൾ കൈകൊള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫിസിലെ കോൺഫറൻസ് ഹാളിലാണ് യോഗം ചേർന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനാണ് യോഗം മുൻതൂക്കം നൽകിയത്. അതേസമയം, കേരളത്തെ വരൾച്ചാബാധിത സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് തന്നെ കേന്ദ്രത്തിന് കത്തയക്കാനും ധാരണയായിട്ടുണ്ട്. ഇതിനായി നിലവിലുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.