പരവൂർ വെടിക്കെട്ട്: പ്രതികൾക്ക് ജാമ്യം അനുവദിക്കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: പരവൂർ വെടിക്കെട്ട് ദുരന്ത കേസിൽ പ്രതിസ്ഥാനത്തുള്ള ക്ഷേത്ര ഭരണസമിതിയംഗങ്ങൾക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈകോടതി. പൊലീസിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും മേൽ കുറ്റം കെട്ടിവെക്കാനാകില്ല. കേസിലെ പ്രതികൾ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
വെടിക്കെട്ട് ദുരന്തത്തിന് ഉത്തരവാദികൾ പൊലീസും ജില്ലാ ഭരണകൂടവുമാണെന്ന വാദമാണ് ക്ഷേത്ര ഭരണസമിതിയംഗങ്ങളുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. വെടിക്കെട്ടിന് അനുമതിയില്ലെന്ന കാര്യം ജില്ലാ ഭരണകൂടം പൊലീസിനെ അറിയിച്ചില്ല. വെടിക്കെട്ട് നടന്ന സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.
ക്ഷേത്ര ഭരണസമിതിയംഗങ്ങളുടെ അറിവും സമ്മതവുമില്ലാതെ വെടിക്കെട്ട് നടക്കില്ലെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികൾ പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്. അതിനാൽ, പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് എബ്രഹാം മാത്യു വ്യക്തമാക്കി.
പരവൂരിൽ നടന്നത് മൽസരക്കമ്പമാണെന്നും ജില്ലാ ഭരണകൂടത്തിന്‍റെ അനുമതി ഉണ്ടായിരുന്നില്ലെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ ഒാഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഈ ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചാൽ അത് സാക്ഷികളെ സ്വധീനിക്കാൻ ഇടയാക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി.
ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈകോടതി വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.