കേരളത്തിൽ എൻ.ഡി.എ നിലവിൽ വന്നു; മദ്യനിരോധം നടപ്പാക്കുമെന്ന് ദർശനരേഖ
text_fieldsതിരുവനന്തപുരം: കേരളത്തിൽ എൻ.ഡി.എ ഔദ്യോഗികമായി നിലവിൽ വന്നു. രാവിലെ പത്ത് മണിക്ക് താജ് വിവാന്‍റയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ഒദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിയും ഘടകകക്ഷി നേതാക്കളായ കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി, പി.സി തോമസ് തുടങ്ങിയവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
ബി.ജെ.പി നേതൃത്വം നൽകുന്ന എന്‍.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസ്, ആർ.ജെ.എസ്, ജെ.എസ്.എസ് (രാജൻ ബാബു), കേരള കോൺഗ്രസ് (പി.സി. തോമസ്) എന്നിവയുൾപ്പടെ 10 പാര്‍ട്ടികളാണ് ഉള്ളത്. ആദ്യമായാണ് മുന്നണി അടിസ്ഥാനത്തില്‍ കേരളത്തില്‍ ബി.ജെ.പി മത്സരിക്കുന്നത്.
ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനുവിന്‍റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ എന്‍.ഡി.എ പ്രവേശവും ഇന്ന് നടന്നു. കേരളത്തിലെ എൻ.ഡി.എ മുന്നണിയുടെ പ്രകടന പത്രികയായ ദർശന രേഖയും അരുണ്‍ജെയ്റ്റ്‌ലി പുറത്തിറക്കി.
ദർശനരേഖ കേരളത്തിൽ ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ബിവറേജസ് കോർപേറേഷന്‍റെ ഔട്ട് ലെറ്റുകൾ വഴി ഒരാൾക്ക് 250 മില്ലിലിറ്റർ മദ്യം മാത്രമേ നൽകൂ. പുതിയ ബാറുകൾ തുറക്കില്ല. കേരളത്തിൽ രണ്ടാം ഭൂപരിഷ്കരണം നടപ്പാക്കും. ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ പുതിയ പാർപ്പിടപദ്ധതി ആവിഷ്ക്കരിക്കും. മുഴുവൻ ഭൂരഹിതർക്കും രണ്ടു വർഷത്തിനുള്ളിൽ ഭൂമി നൽകും. പത്താംക്ലാസ് യോഗ്യതയുള്ള മുഴുവൻ ആദിവാസി യുവാക്കൾക്കും സർക്കാർ ജോലി നൽകും. ആയിരം ക്ഷീരഗ്രാമങ്ങളും സ്റ്റാർട്ട്അപുകളും തുടങ്ങും എന്നിവയാണ് നയരേഖയിലെ പ്രധാനവാഗ്ദാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.