സംസ്ഥാനത്ത് 19 റെയില്‍വേ സ്റ്റേഷന്‍ ‘മാതൃക’യാവുന്നു
text_fields
തൃശൂര്‍: സംസ്ഥാനത്തെ 19 എണ്ണം ഉള്‍പ്പെടെ രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ‘മോഡല്‍ സ്റ്റേഷന്‍’ ആക്കാന്‍ റെയില്‍വേ മന്ത്രാലയം നടപടി തുടങ്ങി. പൊതു-സ്വകാര്യ മേഖലയിലെ തല്‍പരരായ എല്ലാവരുമായും സഹകരിച്ച് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ സ്റ്റേഷനുകളുടെ മുഖഛായ മാറ്റുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഇത്തവണ റെയില്‍വേ ബജറ്റില്‍ മോഡല്‍ സ്റ്റേഷന്‍ പദ്ധതി അവതരിപ്പിച്ചിരുന്നു. അതിന്‍െറ തുടര്‍ച്ചയായാണ് രാജ്യത്തെ 400 എ വണ്‍, എ ഗ്രേഡ് സ്റ്റേഷനുകളെ മോഡല്‍ സ്റ്റേഷനുകളാക്കാന്‍ നടപടി തുടങ്ങിയത്.
കേരളത്തില്‍ ആലുവ, കണ്ണൂര്‍, കോഴിക്കോട്, ചെങ്ങന്നൂര്‍, എറണാകുളം ജങ്ഷന്‍, കായംകുളം, കോട്ടയം, പാലക്കാട് ജങ്ഷന്‍, കൊല്ലം, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, ഷൊര്‍ണൂര്‍, തലശ്ശേരി, തിരുവല്ല, എറണാകുളം ടൗണ്‍, വടകര, തിരൂര്‍, ആലപ്പുഴ എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്.
മോഡല്‍ സ്റ്റേഷനാക്കുന്നതോടെ യാത്രാകേന്ദ്രം എന്നതിലുപരി സ്റ്റേഷന്‍ നിലകൊള്ളുന്ന കേന്ദ്രത്തിന്‍െറ വ്യാവസായിക സാധ്യതകൂടി കണ്ടാണ് കേന്ദ്രം ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. റെയില്‍വേ സ്ഥലം സ്വകാര്യ കമ്പനികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പങ്കാളിത്ത പ്രകാരം ഉപയോഗിക്കാം. അതില്‍നിന്നുള്ള വരുമാനത്തിന്‍െറ ഒരുഭാഗം റെയില്‍വേക്ക് ലഭിക്കും. സ്റ്റേഷനുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുമ്പോള്‍ യാത്രക്കാര്‍ കൂടുതലായി എത്തുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പല നഗരങ്ങളിലും കണ്ണായ സ്ഥലങ്ങളില്‍ റെയില്‍വേക്ക് ഭൂമിയുണ്ട്. ‘നിഷ്ക്രിയ ആസ്തി’യെന്ന് റെയില്‍വേ വിശേഷിപ്പിക്കുന്ന ഈ ഭൂമി ക്രിയാത്മകമായി ഉപയോഗിക്കുമ്പോള്‍ സാമ്പത്തിക ലാഭം ഉണ്ടാവുമെന്ന് കണക്കുകൂട്ടുന്നു. പദ്ധതി നടപ്പായാല്‍ സ്റ്റേഷന്‍ വികസനത്തിനും പരിപാലനത്തിനും പ്രത്യേക ഫണ്ട് വേണ്ടിവരില്ല.
റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് ഷോപ്പിങ് മാള്‍, ജോലി സ്ഥലം എന്നിവ ഒരുക്കുന്നത് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു.
മോഡല്‍ സ്റ്റേഷന്‍ പദ്ധതി നടപ്പാക്കാന്‍ കോഓഡിനേറ്റിങ് ഓഫിസറെ നിര്‍ദേശിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും റെയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്. വികസന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്‍െറയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും അനുമതി നേടുന്നത് ഉള്‍പ്പെടെ ജോലിയാണ് കോഓഡിനേറ്റിങ് ഓഫിസര്‍ ചെയ്യേണ്ടത്. റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരിക്കാന്‍ കേരള സര്‍ക്കാര്‍ റെയില്‍വേയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.