‘രക്തസാക്ഷി’ രാഷ്ട്രീയം ജനങ്ങള്‍ക്ക് മടുത്തു- ശ്രീനിവാസന്‍
text_fieldsതൃശൂര്‍: പേരെടുത്ത് പറയാതെ സി.പി.എമ്മിനെയും ബി.ജെ.പി-ആര്‍.എസ്.എസിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ശ്രീനിവാസന്‍. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിനോട് മലയാളികള്‍ക്ക് മടുപ്പായിത്തുടങ്ങിയെന്നും പണവും അധികാരവും നേടാന്‍ രാഷ്ട്രീയ നേതാക്കള്‍ സൃഷ്ടിക്കുന്ന തന്ത്രമാണ് രക്തസാക്ഷിത്വമെന്നും ശ്രീനിവാസന്‍ പറഞ്ഞു. തൃശൂരില്‍ ഒരു പുസ്തകപ്രകാശന ചടങ്ങിലായിരുന്നു സി.പി.എമ്മിനെയും സംഘ്പരിവാറിനെയും സൂചിപ്പിച്ച് ശ്രീനിവാസന്‍ ആഞ്ഞടിച്ചത്.
പിന്നാക്ക ജില്ലയായ കണ്ണൂരാണ് താന്‍ ജനിച്ചതെന്ന് പറഞ്ഞായിരുന്നു ശ്രീനിവാസന്‍ വിമര്‍ശ ശരങ്ങള്‍ തൊടുത്തത്. വലിയ ഫാക്ടറികളും വ്യവസായ ശാലകളുമില്ലാത്തതിനാല്‍ അവിടെ ബോംബ് നിര്‍മാണമെന്ന കുടില്‍വ്യവസായം തുടങ്ങി. പകല്‍ ബോംബുണ്ടാക്കും, രാത്രി പൊട്ടിക്കും; ഒരാള്‍ പൊട്ടിക്കുമ്പോള്‍ മറ്റൊരു കൂട്ടരും ഉണ്ടാക്കും,പൊട്ടിക്കും. മൂന്ന് പ്രധാനപ്പെട്ട പാര്‍ട്ടിക്കാരും ബോംബുനിര്‍മാതാക്കളാണ്. എല്ലാ രാഷ്ട്രീയക്കാരോടുമായി ഒരു കാര്യം പറയുകയാണെന്ന് അറിയിച്ചായിരുന്നു രക്തസാക്ഷികളെ സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനോട് ജനങ്ങള്‍ക്ക് മടുപ്പായെന്ന ശ്രീനിവാസന്‍െറ പരാമര്‍ശം.
രക്തസാക്ഷികളെ സൃഷ്ടിക്കുന്നത് നേതാക്കന്മാരുടെ തന്ത്രമാണ്. രക്തസാക്ഷികളുടെ ഫ്ളക്സ് വെച്ച് ജനകീയ വികാരമുയര്‍ത്തി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ വിശ്വാസം. പക്ഷേ, ഈ ഫ്ളക്സുകളിലൊക്കെ, നേതാക്കന്മാരില്ല, അവര്‍ കൊലക്കുകൊടുക്കുന്ന അണികളുടെ ചിത്രം മാത്രമാണുള്ളത്. സ്വമേധയാ മരിക്കാന്‍ പോകുന്നതല്ല, നിവൃത്തികേടുകൊണ്ടും നേതാക്കന്മാരുടെ ‘മസ്തിഷ്ക പ്രക്ഷാളനം’ കൊണ്ടുമാണ് രക്തസാക്ഷികളുണ്ടാകുന്നത്.
‘വെറുപ്പിന്‍െറ പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെല്ലാം അകമഴിഞ്ഞ സൗഹൃദത്തിലാണ്. കാണുമ്പോഴൊക്കെയും സൗഹൃദം പുതുക്കും. വ്യക്തിപരമായ വിശേഷദിവസങ്ങളിലെല്ലാം അവര്‍ പരസ്പരം ക്ഷണിക്കും, ഒത്തുകൂടും. പക്ഷേ, വെട്ടാനും മരിക്കാനും നടക്കുന്ന അണികള്‍ക്ക് കിട്ടുന്നത് ജയിലറയും കണ്ണീരും മാത്രം. അവന്‍െറ വീട്ടിലേയുള്ളൂ വിധവയും അനാഥരും. ഈ നേതാക്കന്മാരുടെ വീടുകളിലൊന്നും അനാഥരോ വിധവകളോ ഇല്ല. ഇനിയെങ്കിലും അണികള്‍ മനസ്സിലാക്കണം, നഷ്ടപ്പെടുന്നത് നിങ്ങള്‍ക്കുമാത്രമാണെന്ന്. കക്കല്‍ മാത്രമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പൊതുലക്ഷ്യം. ഈ മഹാരാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കട്ടുമുടിച്ചു. അംബാനിമാരുടെയും അദാനിമാരുടെയും ഇന്ത്യയാണിപ്പോഴുള്ളത്’ -ശ്രീനിവാസന്‍ പറഞ്ഞു.
ഗോപു കൊടുങ്ങല്ലൂര്‍ രചിച്ച ‘ഉരുളയും ഉപ്പേരിയും’, കവിത മോഹന്‍ രചിച്ച ‘പാരമ്പര്യ പാചകവിധികള്‍’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ശ്രീനിവാസന്‍ നിര്‍വഹിച്ചു. മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങണമെന്നും അന്ധവിശ്വാസങ്ങള്‍ക്കുപകരം പ്രകൃതിയെ ദൈവമായി ആരാധിക്കുകയാണ് വേണ്ടതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.