ഹെല്‍മറ്റ്: ‘ഉപദേശം’ തുടങ്ങി; ഉത്തരവ് അനുസരിക്കുന്നവര്‍ക്ക് സമ്മാനവും
text_fieldsകൊച്ചി: ഹെല്‍മറ്റ് ധരിക്കാത്തവരെ ഉപദേശിച്ച് നേരെയാക്കാനുള്ള കാമ്പയിന് ഗതാഗത വകുപ്പ് തുടക്കംകുറിച്ചു. രണ്ടാഴ്ചത്തെ ‘ഉപദേശ പക്ഷാചരണ’ത്തിന് ശേഷവും ഉത്തരവ് അനുസരിക്കാത്തവര്‍ക്കെതിരെ ‘അടി’ തുടങ്ങുമെന്ന മുന്നറിയിപ്പുമുണ്ട്.
ഒരുമാസത്തിനകം സംസ്ഥാനം സമ്പൂര്‍ണ ഹെല്‍മറ്റ് പ്രദേശമാക്കാനാണ് ഗതാഗത വകുപ്പിന്‍െറയും മന്ത്രിയുടെയും തീരുമാനം. ഇതിന് മുന്നോടിയായുള്ള ഉപദേശ, ബോധവത്കരണ ഉദ്ഘാടനം തിങ്കളാഴ്ച കൊച്ചിയില്‍ ആരംഭിച്ചു. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, റോഡ് സുരക്ഷാ കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ പമ്പുകളില്‍നിന്ന് ഇന്ധനം നല്‍കരുതെന്ന ഗതാഗത കമീഷണറുടെ ഉത്തരവ് വിവാദമായ സാഹചര്യത്തിലാണ് ആദ്യപടിയെന്ന നിലക്ക് ഉപദേശ പക്ഷാചരണത്തിന് തുടക്കം കുറിച്ചത്. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാത്തവര്‍ക്ക് ഒരുദിവസത്തെ കൗണ്‍സലിങ്ങിനു ശേഷമേ ശിക്ഷണ നടപടികള്‍ വിധിക്കാവൂ എന്ന സുപ്രീംകോടതി ഉത്തരവും ഇതിന് പ്രേരകമായി.
സംസ്ഥാനത്ത് ഒരുമാസത്തിനുള്ളില്‍ മുഴുവന്‍ ഇരുചക്ര വാഹന യാത്രികര്‍ക്കും ഹെല്‍മറ്റ് ധരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എറണാകുളം ഇരുമ്പനം ബി.പി.സി.എല്‍ പെട്രോള്‍ പമ്പില്‍ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ‘ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറക്കൂ; ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയവുമായി ഗതാഗത വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നാണ് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നവരില്‍ ഏറെയും ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാരാണ് എന്നതിനാലാണ് നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏതാണ്ട് 85 ശതമാനം ഇരുചക്ര വാഹന യാത്രക്കാരും ഹെല്‍മറ്റ് ധരിക്കുന്നുണ്ട്. ഇത് 100 ശതമാനമായി ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം.
ആഗസ്റ്റ് 15 വരെയാണ് ബോധവത്കരണ പരിപാടികള്‍. ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് അഞ്ച് ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കും. രണ്ടാം സമ്മാനമായി രണ്ടുപേര്‍ക്ക് മൂന്നു ലിറ്ററും മൂന്നാം സമ്മാനമായി മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മറ്റ് ധരിച്ച് പമ്പില്‍നിന്ന് പെട്രോള്‍ നിറക്കുന്നതിനു മുന്നോടിയായുള്ള റാലിയും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ താരങ്ങളായത്ഹെല്‍മറ്റില്ലാ യാത്രക്കാര്‍
പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ താരങ്ങളായത് ഹെല്‍മറ്റ് ധരിക്കാതെ എത്തിയ ഇരുചക്ര വാഹന യാത്രക്കാര്‍. അവര്‍ക്ക് ഉപദേശത്തിനൊപ്പം ഓരോ പുത്തന്‍ ഹെല്‍മറ്റും! ഗതാഗത വകുപ്പ് നടപ്പാക്കുന്ന ‘ഹെല്‍മറ്റ് ധരിക്കൂ, പെട്രോള്‍ നിറക്കൂ’ ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന പെട്രോള്‍ പമ്പില്‍ നില്‍ക്കുകയായിരുന്നു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍െറ മുന്നിലേക്കാണ് അപ്രതീക്ഷിതമായി രണ്ട് ഹെല്‍മറ്റില്ലാ യാത്രക്കാര്‍ എത്തിയത്. നിഖില്‍ വാസു, ലിന്‍സ് ഫിലിപ്പ് എന്നിവരാണ് ഹെല്‍മറ്റില്ലാതെ പെട്രോള്‍ അടിക്കാന്‍ എത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉപദേശ പരിപാടിയുടെ തുടക്കമെന്ന നിലക്ക് രണ്ടുപേര്‍ക്കും സൗജന്യമായി ഹെല്‍മറ്റ് നല്‍കി. മന്ത്രിയുടെ കൈയില്‍നിന്ന് ഹെല്‍മറ്റ് ഏറ്റുവാങ്ങിയ ഇവര്‍ തങ്ങള്‍ ഇനി ഹെല്‍മറ്റില്ലാതെ വാഹനം ഓടിക്കില്ളെന്ന് സദസ്സിനു മുമ്പാകെ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.