എത്ര നമിക്കണം നമ്മള്‍ ഈ ഗുരുക്കന്മാരെ?
text_fieldsതൊടുപുഴ: പഠനം കഴിഞ്ഞ് കുട്ടികള്‍ പോയാല്‍ അധ്യാപകര്‍ ‘അടുക്കള’യില്‍ കയറും. അടുക്കളയെന്നാല്‍ സ്കൂളിലെതന്നെ മറ്റൊരു ക്ളാസ് മുറി. ഉച്ചക്കഞ്ഞി തയാറാക്കാന്‍ മാറ്റിവെച്ച ഈ ക്ളാസ് മുറിയിലാണ് അവര്‍ അത്താഴം പാകംചെയ്യുന്നത്. പാചകം കഴിഞ്ഞാല്‍ ‘ബെഡ്റൂമി’ലേക്ക്. അടുക്കളയിലെ പാത്രങ്ങളും മറ്റു സാധനങ്ങളുമെല്ലാം മൂലക്കൊതുക്കിവെച്ചാല്‍ ബാക്കിയുള്ള ഇത്തിരി സ്ഥലം മൂന്നുപേര്‍ക്കുള്ള ‘കിടപ്പുമുറി’യായി. ബെഞ്ചുകള്‍ ചേര്‍ത്തിട്ട് ഷീറ്റ് വിരിച്ച് അതിനുമുകളില്‍ ഉറക്കം. ഉറക്കമെന്ന് ഉറപ്പിച്ച് പറയാനാവില്ല. കാരണം ഏതുസമയത്തും ക്ളാസ് മുറിയുടെ മതിലിനപ്പുറം ഒരു ഒറ്റയാന്‍െറ ചിന്നംവിളി ഉയര്‍ന്നേക്കാം. സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഒരേയൊരു സര്‍ക്കാര്‍ സ്കൂളില്‍ ജോലിചെയ്യാന്‍ ‘വിധിക്കപ്പെട്ട’ അധ്യാപകരുടെ ദുരിതപാഠങ്ങള്‍ ഇവിടെയും തീരുന്നില്ല.
മറ്റു പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി സമരത്തിനിറങ്ങുമ്പോള്‍ കാട്ടുമൃഗങ്ങളെ ഭയക്കാതെ അന്തിയുറങ്ങാനും ജീവിച്ചുപോകാനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കും വേണ്ടിയാണ് വര്‍ഷങ്ങളായി ഇവരുടെ കാത്തിരിപ്പ്. പക്ഷേ, വിശപ്പ് കത്തുന്ന വയറുമായി മണിക്കൂറുകളോളം കാട്ടിലൂടെ നടന്ന് അക്ഷരം പഠിക്കാനത്തെുന്ന ആദിവാസി മക്കളുടെ ഇച്ഛാശക്തിക്കുമുന്നില്‍ തങ്ങളനുഭവിക്കുന്നതെല്ലാം എത്രയോ നിസ്സാരമെന്ന് അവര്‍ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെയാണ് ഒന്നും ഇട്ടെറിഞ്ഞുപോകാന്‍ മനസ്സില്ലാത്തതും.
അധ്യാപകരുടെ അടുക്കളയും ഊണുമുറിയും കിടപ്പുമുറിയുമെല്ലാം ഉച്ചക്കഞ്ഞിയുണ്ടാക്കുന്ന ക്ളാസ്മുറിയാണ്. സ്കൂള്‍ വിട്ട് കുട്ടികള്‍ പിരിഞ്ഞാല്‍ അതാണ് അവരുടെ ലോകമെന്നുതന്നെ പറയാം. കുടിക്കാന്‍ തൊട്ടടുത്ത അരുവിയില്‍നിന്ന് പൈപ്പുവഴിയത്തെുന്ന വെള്ളമുണ്ട്. അര്‍ധരാത്രി കാട്ടാനകള്‍ പലതവണ സ്കൂള്‍ മുറ്റത്തത്തെി. ഒരാഴ്ച മുമ്പും വന്നു ഒരു ഒറ്റയാന്‍. സ്കൂള്‍ മുറ്റത്തെ ചെടി പിഴുതെടുത്ത് മടങ്ങി. സ്വകാര്യ കമ്പനി നല്‍കിയ സൗരോര്‍ജ സംവിധാനമാണ് വെളിച്ചം. മൊബൈലിന് റെയ്ഞ്ചില്ലാത്തതിനാല്‍ പലപ്പോഴും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട അവസ്ഥ. പ്രത്യേകിച്ച്, മഴക്കാലത്ത്. വീട്ടുകാരോടൊന്ന് സംസാരിക്കണമെങ്കില്‍ അരക്കിലോമീറ്ററിനപ്പുറത്തെ മലമുകളില്‍ കയറി തമിഴ്നാട് മൊബൈല്‍ ടവറിന്‍െറ സഹായം തേടണം.
1978ലാണ് ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിന്‍െറ തുടക്കം. ഒന്ന് മുതല്‍ അഞ്ചുവരെ ക്ളാസുകളിലായി 30 കുട്ടികള്‍. ഹെഡ്മാസ്റ്ററടക്കം അഞ്ച് അധ്യാപകര്‍ ഉണ്ടായിരുന്നു. രണ്ടുപേര്‍ സ്ഥലംമാറ്റം വാങ്ങിപ്പോയി. ശേഷിക്കുന്നവരില്‍ രണ്ടുപേര്‍ കോഴിക്കോട് സ്വദേശികളാണ്. മൂന്നാര്‍ വരെ ബസിലും അവിടെനിന്ന് പെട്ടിമുടി വരെ 450 രൂപ മുടക്കി ടാക്സിയിലും എത്തിയശേഷം ഇടമലക്കുടിയിലത്തൊന്‍ ദുര്‍ഘട പാതയിലൂടെ 25 കിലോമീറ്റര്‍ നടക്കണം. പാഠപുസ്തകം ചൊല്ലിക്കൊടുത്ത് മാത്രം കടമ കഴിക്കുന്നവരല്ല ഈ അധ്യാപകര്‍.
ചില കുട്ടികള്‍ക്കിവര്‍ സ്വന്തം രക്ഷിതാക്കളെ പോലെയാണ്. അവരുടെ മുടിവെട്ടിക്കൊടുക്കും. നഖം മുറിക്കും. പറഞ്ഞുപരത്തുംപോലെ പട്ടിണിയൊന്നും ഇപ്പോള്‍ ഇടമലക്കുടിയിലെ കുടികളിലില്ളെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, സ്കൂളിലത്തൊന്‍ ഒന്നര മണിക്കൂര്‍വരെയൊക്കെ നടക്കേണ്ടതിനാല്‍ പല കുട്ടികളും വീട്ടില്‍നിന്ന് ഭക്ഷണം കഴിക്കാതെയാണ് രാവിലെ ഇറങ്ങുന്നത്. എങ്കിലും ഏതാനും വര്‍ഷമായി സ്കൂളില്‍നിന്ന് കൊഴിഞ്ഞുപോക്കില്ളെന്ന് അധ്യാപകര്‍ പറയുന്നു. അതുതന്നെയാണ് ഇവരുടെ ഏറ്റവും വലിയ സന്തോഷവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.