പട്ടയം നല്‍കിയ വനഭൂമിയിലെ ക്വാറി: അന്വേഷണത്തിന് എ.ജി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പട്ടയം നല്‍കിയ വനഭൂമിയില്‍ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അക്കൗണ്ടന്‍റ് ജനറല്‍ പരിശോധിക്കും. അടുത്തവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കരിങ്കല്‍ക്വാറികള്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനം മൂലം സര്‍ക്കാറിനുണ്ടാവുന്ന നഷ്ടവും ഉള്‍പ്പെടുത്തും. വനഭൂമിയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് എ.ജി ഓഫിസിലെ ഇക്കണോമിക് ആന്‍ഡ് റവന്യൂ ഓഡിറ്റ് വിഭാഗം ഇക്കാര്യം പരിശോധിക്കാന്‍ തീരുമാനിച്ചത്. ആദ്യപടിയായി റവന്യൂ, വനം, മൈനിങ് ആന്‍ഡ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ഇതില്‍ വനഭൂമിക്ക് പട്ടയം നല്‍കിയിടത്ത് ക്വാറി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് റിസര്‍വ് വനത്തിനുള്ളില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്നായിരുന്നു വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററുടെ മറുപടി.
എന്നാല്‍, പട്ടയം നല്‍കിയ വനഭൂമിയെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ സ്ഥലപരിശോധന നടത്തുന്നതിന് വനംവകുപ്പിന്‍െറ എല്ലാ സഹായവും നല്‍കാമെന്ന ഉറപ്പും നല്‍കി. ഖനനം നടത്തുന്ന ധാതുക്കളുടെ അളവ് പരിശോധിക്കണമെന്നും ഇത് കണക്കാക്കണമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് ചീഫ് ആവശ്യപ്പെട്ടു. ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം താരതമ്യേന കുറവാണ്. ക്വാറികള്‍ക്ക് വാസസ്ഥലങ്ങളുമായുള്ള അകലത്തിന്‍െറ കാര്യത്തിലാണ് പ്രശ്നമെന്നായിരുന്നു അദ്ദേഹത്തിന്‍െറ അഭിപ്രായം.
ജിയോളജി വിഭാഗം റവന്യൂഅധികൃതര്‍ക്ക് സാക്ഷ്യപ്പെടുത്തിയ അനുമതിപത്രം നല്‍കുന്നില്ളെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. അതിന്‍െറ അഭാവത്തില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വില്ളേജ് ഓഫിസറാണ് അന്വേഷണം നടത്തുന്നത്. നേരിട്ടുകണ്ട് ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പലയിടത്തും ക്വാറിപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മെമ്മോ നല്‍കി.
നിയമവിരുദ്ധമായി പാറകടത്തല്‍ കണ്ടത്തെുമ്പോള്‍ റവന്യൂ വകുപ്പിന്‍െറ സ്ക്വാഡ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും മഹസര്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ക്വാറികളില്‍ പരിശോധന നടത്തുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ജീവനക്കാരുടെയും വാഹനങ്ങളുടെയും ക്ഷാമം നേരിടുന്നെന്നായിരുന്നു മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറുടെ അഭിപ്രായം. 2015ലെ പുതിയ ചട്ടപ്രകാരം ഖനനം നടത്തുന്നതിന് പ്ളാന്‍ വേണം. എത്രയളവില്‍ ഖനനം ചെയ്യാനാവുമെന്ന് കണക്കാക്കണം. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ ധാതുക്കള്‍ ഖനനംചെയ്യാനും പാടില്ല. എന്നാല്‍, പെര്‍മിറ്റുള്ള ഉടമകള്‍ തരുന്ന റിട്ടേണ്‍സ് പരിശോധിക്കുന്നതിന് സംവിധാനം നിലവിലില്ളെന്നായിരുന്നു ഡയറക്ടറുടെ മറുപടി. നഷ്ടപ്പെട്ട കോടികളാവും എ.ജിയുടെ കണക്കിലുണ്ടാവുകയെന്നാണ് ചര്‍ച്ചയില്‍ നിന്ന് വ്യക്തമാവുന്നത്.
ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറല്‍ എസ്. സുരേഷ്, ഓഡിറ്റ് ഓഫിസര്‍ ഇമ്മാനുവല്‍ ജോര്‍ജ്, സീനിയര്‍ ഓഡിറ്റ് ഓഫിസര്‍ എസ്.എസ്. വിജയകുമാര്‍, അസിസ്റ്റന്‍റ് ഓഡിറ്റര്‍ ഓഫിസര്‍ വി. ബിജുശ്രീധര്‍, ബിനോജ് സി. വര്‍ഗീസ്, എം.കെ. മനോജ്, കെ.ആര്‍. ആനന്ദ്, കണ്ണന്‍ ജിതേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.