'മാണിയെ ബാർകേസിൽ കുരുക്കിയത് മുഖ്യമന്ത്രിയാകുമെന്ന ഘട്ടത്തിൽ'
text_fieldsകോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശമുന്നയിച്ച് വീണ്ടും കേരള കോണ്‍ഗ്രസ് (എം) മുഖപത്രം പ്രതിച്ഛായ. കേരള കോൺഗ്രസ് നേതാവ് പി.ടി.ചാക്കോക്ക് സംഭവിച്ചത് തന്നെയാണ് മാണിക്കും സംഭവിച്ചതെന്ന് പത്രം പറയുന്നു. പി.ടി.ചാക്കോയെ ദ്രോഹിച്ചവരുടെ പിൻമുറക്കാർ മാണിയെ കൊല്ലാക്കൊല ചെയ്യുന്നുവെന്നും പി.ടി.ചാക്കോയുടെ സ്വീകാര്യത ആര്‍.ശങ്കറിനെ ശത്രുവാക്കിയതുപോലെയാണ് കെ.എം.മാണിക്കും സംഭവിച്ചതെന്നും പ്രതിച്ഛായയിലെ ലേഖനത്തിൽ പറയുന്നു.
മാണിക്കുമേല്‍ എല്‍.ഡി.എഫ് ചൊരിഞ്ഞ പ്രശംസാ വചനങ്ങൾ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കിയെന്നും 'അന്ന് പി.ടി. ചാക്കോ, ഇന്നു കെ.എം. മാണി' എന്ന തെലക്കെട്ടുളള ലേഖനത്തില്‍ പറയുന്നുണ്ട്.
മുഖ്യമന്ത്രിയാകുമെന്ന് കരുതിയപ്പോഴാണ് പി.ടി. ചാക്കോ രാജിവച്ചത്. കെ.എം. മാണിക്കും അതേ അവസ്ഥയില്‍ രാജിവെക്കേണ്ടി വന്നു. പി.ടി. ചാക്കോയുടെ കാറില്‍ സ്ത്രീ സാന്നിധ്യം ആരോപിച്ചവര്‍ ബാര്‍ മുതലാളിയെ കൊണ്ട് കെ.എം മാണിക്കെതിരെയും ആരോപണം ഉന്നയിച്ചെന്നും ലേഖനത്തിലുണ്ട്.
ബാർകോഴക്കേസിൽ കെ.ബാബു അടക്കം മന്ത്രിമാർക്കെതിരെ ആരോപണങ്ങൾ ഉയർന്നത് യു.ഡി.എഫിന്‍റെ കാലത്ത് ആവിയായെങ്കിൽ മാണിക്കെതിരെ മാത്രം എന്തുകൊണ്ടു കുരുക്ക് മുറുകി എന്ന ചോദ്യമാണ് ലേഖനത്തിലൂടെ കേരള കോൺഗ്രസ് ഉന്നയിക്കുന്നത്. സുധീരന്‍ മാത്രമാണ് ആണാണെന്ന് തെളിയിച്ച കോണ്‍ഗ്രസ് നേതാവെന്നും പ്രതിച്ഛായ പറയുന്നു.
ബാര്‍കോഴക്കേസിന് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് ആരോപിച്ച് പ്രതിച്ഛായയില്‍ അടുത്തിടെ ലേഖനം വന്നിരുന്നു. ബാബു, അടൂര്‍ പ്രകാശ് എന്നിവരും ഗൂഢാലോചനയിൽ പങ്കാളികളാണെന്നും ലേഖനം ആരോപിച്ചിരുന്നു.
കെ.എം. മാണി യു.ഡി.എഫ് വിടാനൊരുങ്ങുകയാണെന്ന് വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പാര്‍ട്ടി മുഖപത്രത്തില്‍ കോണ്‍ഗ്രസിനെതിരെ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.