നേന്ത്രക്കായക്ക് റെക്കോഡ് വില; കിലോക്ക് 60രൂപ കടന്നു
text_fieldsസുല്‍ത്താന്‍ ബത്തേരി: നേന്ത്രക്കായ വില കുതിച്ചുയര്‍ന്ന് കിലോക്ക് 60 രൂപ കടന്നു. ചരിത്രത്തിലാദ്യമാണ് വില ഇത്രയും ഉയരുന്നത്. വിപണിയില്‍ നേന്ത്രന്‍ നാടന്‍ പഴത്തിന് 70 രൂപവരെ വില ഈടാക്കുന്നുണ്ട്. വില കുതിച്ചുയര്‍ന്നതോടെ എല്ലാവരുടെയും ഇഷ്ട പലഹാരമായ പഴംപൊരി ഹോട്ടലുകളില്‍ കുറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നേന്ത്രക്കായ കൃഷിചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് വയനാട്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കുമെല്ലാം നിരവധി ലോഡുകളാണ് ഇവിടെനിന്ന് കയറ്റിയയക്കുന്നത്. വയനാട്ടിലെ ഇക്കൊല്ലത്തെ ഉല്‍പാദനക്കുറവ് മറ്റു സ്ഥലങ്ങളിലെ വിപണികളെയും ബാധിക്കുന്നുണ്ട്.
കഴിഞ്ഞ വേനലില്‍ പലരുടെയും കൃഷി ഉണങ്ങിപ്പോയിരുന്നു. വേനല്‍ മഴയില്‍ വീശിയ ശക്തമായ കാറ്റിലും ഹെക്ടര്‍ കണക്കിന് കൃഷിയാണ് നശിച്ചത്. ഇതെല്ലാമാണ് ഇക്കൊല്ലം വില കൂടാന്‍ പ്രധാന കാരണമായത്. ഓണത്തിന് കണക്കാക്കി വെച്ച കുലകള്‍ മാത്രമാണ് ഇനി വെട്ടാനുള്ളത്. കോട്ടത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി എന്നീ പഞ്ചായത്തുകളിലാണ് ഇത്തവണ കൂടുതല്‍ ഉല്‍പാദനം. ഓണക്കാലമാകുമ്പോഴേക്കും ഇനിയും വില കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറഞ്ഞു. ചിപ്സിന് ഒരു മാസം മുമ്പ് വരെ 180 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 300 രൂപ കടന്നു.
കഴിഞ്ഞതവണ വലിയ വില ലഭിക്കാത്തതിനാല്‍ ഇക്കുറി പൊതുവെ സംസ്ഥാനത്ത് നേന്ത്രകൃഷി കുറഞ്ഞതും ഉത്പാദനക്കുറവിനും അതുവഴി വിലക്കയറ്റത്തിനും വഴിയൊരുക്കിയെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.