Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജി.എസ്.ടിക്ക് ഗതിവേഗം;...

ജി.എസ്.ടിക്ക് ഗതിവേഗം; വരാനിരിക്കുന്നത് വിലക്കയറ്റം

text_fields
bookmark_border
ജി.എസ്.ടിക്ക് ഗതിവേഗം; വരാനിരിക്കുന്നത് വിലക്കയറ്റം
cancel

ന്യൂഡല്‍ഹി: ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതിനു പിന്നാലെ, ചരക്കു-സേവന നികുതി സമ്പ്രദായം കഴിയുന്നത്ര നേരത്തെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കത്തില്‍. അതേസമയം, ജി.എസ്.ടിയുടെ തുടക്ക വര്‍ഷങ്ങളില്‍ പൊതുജനത്തെ കാത്തിരിക്കുന്നത് വിലക്കയറ്റവും നാണ്യപ്പെരുപ്പവും. ഭരണഘടനാ ഭേദഗതി ബില്ലിന് തിങ്കളാഴ്ചയോടെ ലോക്സഭയുടെ അംഗീകാരം നേടിയേക്കും. അടുത്ത ഒരു മാസം കൊണ്ട് പകുതിയെങ്കിലും സംസ്ഥാനങ്ങളുടെ അനുമതി സമ്പാദിക്കാനും ഏപ്രില്‍ ഒന്നുമുതല്‍ ഒരൊറ്റ പരോക്ഷ നികുതി സമ്പ്രദായം നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. സര്‍ക്കാറിന്‍െറ തിടുക്കത്തിന് രാഷ്ട്രീയ കാരണങ്ങളുണ്ട്. പുതിയ സമ്പ്രദായത്തിലേക്ക് മാറുമ്പോള്‍, വരുമാനക്കുറവ് വരാത്ത വിധം നികുതി നിരക്ക് നിശ്ചയിക്കുക വഴി നാണ്യപ്പെരുപ്പവും വിലക്കയറ്റവും പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഇത് ജനത്തെ പ്രയാസപ്പെടുത്തും. ജി.എസ്.ടിയുടെ ദൂഷ്യഫലങ്ങള്‍ മറികടക്കാന്‍ തക്ക സമയം കിട്ടിയില്ളെങ്കില്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനരോഷം മോദിസര്‍ക്കാറിന് വലിയ തിരിച്ചടിയാവും. പൊതുസമൂഹത്തിന് ഗുണദോഷ സമ്മിശ്രവും കോര്‍പറേറ്റുകള്‍ക്ക് ഏറെ പ്രയോജനപ്രദവുമാണ് ജി.എസ്.ടി സമ്പ്രദായം. നികുതി നിരക്കുകള്‍ ഏകീകരിക്കുക വഴി വ്യവസായ നടത്തിപ്പ് കൂടുതല്‍ എളുപ്പമാവും. നികുതി നിരക്കിലെ വ്യത്യാസം ജനങ്ങളുടെ ചുമലിലേക്ക് വെക്കുക മാത്രമാണ് വ്യവസായികള്‍ ചെയ്യുക. നികുതി നിരക്കിന് പരിധി വെക്കാത്ത സര്‍ക്കാര്‍ തന്ത്രവും ഫലത്തില്‍ ജനങ്ങള്‍ക്ക് ദോഷം ചെയ്യും.

18 ശതമാനമെന്ന നികുതി പരിധി വെക്കാന്‍ കഴിയില്ളെന്ന നിലപാട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യാഴാഴ്ചയും ആവര്‍ത്തിച്ചു. സംസ്ഥാനങ്ങള്‍ക്ക് പദ്ധതി നടത്താനും കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനങ്ങള്‍ക്ക് നഷ്ടം നികത്തിക്കൊടുക്കാനും പണം വേണമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത ഏപ്രില്‍ ഒന്നിന് ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുക സര്‍ക്കാറിന് വലിയ വെല്ലുവിളിയാണ്. ഇത് നടപ്പാക്കുന്നതിനുള്ള കമ്പ്യൂട്ടര്‍വത്കൃത ദേശീയ ശൃംഖല രൂപപ്പെടുത്തുന്നത് ഏറെ ശ്രമകരവും നൂലാമാല നിറഞ്ഞതുമാണ്. ഭാഗികമായി തുടങ്ങിവെക്കുന്നതാകട്ടെ, നിരവധി അനിശ്ചിതത്വങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യും. യു.പി തെരഞ്ഞെടുപ്പിലേക്ക് പൂര്‍ണ ശ്രദ്ധ പാര്‍ട്ടികള്‍ നല്‍കുന്ന സമയത്തു തന്നെയാണ് നടപടിക്രമങ്ങള്‍ ശ്രദ്ധാപൂര്‍വം മുന്നോട്ടു നീക്കേണ്ടത്.
ഒരൊറ്റ ജി.എസ്.ടി നിരക്ക് എന്നത് പ്രായോഗികമല്ല. ഉല്‍പന്നങ്ങളെയും സേവനങ്ങളെയും തരംതിരിച്ച് വ്യത്യസ്ത നിരക്കുകള്‍ ഏര്‍പ്പെടുത്തേണ്ടി വരും. കേന്ദ്രവും സംസ്ഥാനവും അത് എങ്ങനെ പങ്കിടണമെന്ന കാര്യത്തില്‍ ധാരണ ഉണ്ടാകണം.

ഭീകരതക്കെതിരെ പ്രവര്‍ത്തിക്കാന്‍  പ്രതിജ്ഞാബദ്ധം –നവാസ് ശരീഫ്
ഇസ്ലാമാബാദ്: ഭീകരതക്കും സംഘടിത കുറ്റകൃത്യത്തിനും അഴിമതിക്കുമെതിരെ ‘സാര്‍ക്’ അംഗരാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്. തങ്ങളുടെ മണ്ണില്‍നിന്ന് ഭീകരവാദത്തെ തൂത്തെറിയാനുള്ള സര്‍ക്കാര്‍ നടപടികള്‍ ‘സാര്‍ക്’ ആഭ്യന്തരമന്ത്രിമാരുടെ ഉദ്ഘാടനസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു. മനുഷ്യ വിഭവശേഷിയിലും പ്രകൃതി വിഭവങ്ങള്‍കൊണ്ടും അനുഗ്രഹീതമാണ് ഈ മേഖല. അതുകൊണ്ടുതന്നെ നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും സമാധാനജീവിതത്തിനും ഉതകുന്ന അടിത്തറ ഒരുക്കാന്‍ ‘സാര്‍കി’ന് കഴിയും. ‘വികസനത്തിന് സമാധാനം, സമാധാനപൂര്‍ണമായ അയല്‍പക്കം’ എന്ന വീക്ഷണത്തിലൂന്നിയാണ് തന്‍െറ സര്‍ക്കാറിന്‍െറ സമീപനമെന്ന് ശരീഫ് പറഞ്ഞു. അഫ്ഗാനിസ്താന്‍, ബംഗ്ളാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ജി.എസ്.ടി നടപ്പാക്കുക എളുപ്പമാകില്ല –യെച്ചൂരി
ന്യൂഡല്‍ഹി: ജി.എസ്.ടി ബില്ലിന് വഴിയൊരുക്കുന്ന ഭരണഘടനാ ഭേദഗതി രാജ്യസഭ പാസാക്കിയെങ്കിലും യഥാര്‍ഥ ജി.എസ്.ടി ബില്‍ പാസാക്കുന്നത് അത്ര എളുപ്പമാകില്ളെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നികുതി നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമവായം ഉണ്ടാകേണ്ടതുണ്ട്. നികുതി നിരക്ക് എത്രയെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതുണ്ടാകുമ്പോള്‍ മാത്രമേ എത്രത്തോളം ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്ന കാര്യം അറിയാനാവൂ. നികുതി നിരക്കിന് നിശ്ചിത പരിധി നിര്‍ണയിക്കണമെന്നും പരമാവധി 18 ശതമാനം എന്ന നിര്‍ദേശത്തോട് യോജിപ്പാണെന്നും  യെച്ചൂരി പറഞ്ഞു. സി.പി.എമ്മിന്‍െറ ധനമന്ത്രി തോമസ് ഐസക്  ഉയര്‍ന്ന നികുതി നിരക്കിനെ അനുകൂലിക്കുന്നത് ചൂണ്ടിക്കാണിച്ചപ്പോള്‍  യെച്ചൂരി വ്യക്തമായ മറുപടി നല്‍കിയില്ല. യഥാര്‍ഥ ജി.എസ്.ടി ബില്‍ നടപ്പാക്കുമ്പോള്‍ മാത്രമേ  ഇക്കാര്യത്തില്‍  വ്യക്തമായ നിലപാട് സ്വീകരിക്കാനാകൂവെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.  

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst
Next Story