മരുന്നിന്‍െറ പാര്‍ശ്വഫലങ്ങള്‍: മാതൃകയാകാതെ കേരളം
text_fieldsകൊച്ചി: ജീവിതശൈലീ രോഗ തലസ്ഥാനമായിട്ടും മരുന്നുകളുടെ പാര്‍ശ്വഫലത്തെക്കുറിച്ച കേരളത്തിന്‍െറ പരാതി ശുഷ്കം. മരണത്തിനുവരെ കാരണമാകാവുന്ന പാര്‍ശ്വഫലമുള്ള മരുന്നുകളെക്കുറിച്ച് രോഗിക്ക് നേരിട്ടോ അല്ലാതെയോ ദേശീയ മരുന്ന് ഗുണമേന്മ നിയന്ത്രണസമിതിയെ (സി.ഡി.എസ്.സി.ഒ) അറിയിക്കാനുള്ള സംവിധാനമായ എ.ഡി.ആര്‍ മോണിറ്ററിങ് സെന്‍ററുകളുടെ (എ.എം.സി) പ്രവര്‍ത്തനത്തില്‍ ഏറ്റവും പിന്നിലാണ് കേരളത്തിന്‍െറ സ്ഥാനം. രണ്ടുവര്‍ഷം മുമ്പ് രാജ്യത്തെ സെന്‍ററുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ സംസ്ഥാനത്തെ എട്ട് സെന്‍ററുകളില്‍നിന്ന് 21 പരാതി മാത്രമാണ് ലഭിച്ചത്.
2014 മേയിലെ റിപ്പോര്‍ട്ടില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യേണ്ട കേരളത്തിലെ സെന്‍ററുകളില്‍ പുഷ്പഗിരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്-ആറ്, കോട്ടയം ഗവ. മെഡിക്കല്‍ കോളജ്-ഒന്ന്, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ്-13, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്-ഒന്ന് എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റ് സെന്‍ററുകളില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് എന്നിവ സംപൂജ്യരായവരുടെ പട്ടികയിലാണ്. തൃശൂരിലെ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് കേരളത്തിലെ മറ്റൊരു എ.എം.സി.
അര്‍ബുദ-ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള പുതിയ മരുന്നുകളുടെ പരീക്ഷണശാലയെന്ന കുപ്രസിദ്ധിയുള്ള സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ പാര്‍ശ്വഫലങ്ങള്‍ (എ.ഡി.ആര്‍) കണ്ടത്തൊനുള്ള ദേശീയ ഏജന്‍സിയായ ഫാര്‍മാകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യയുടെ ദേശീയ ശില്‍പശാല സംഘടിപ്പിച്ചതിനുപുറമെ മറ്റൊന്നും നടന്നിട്ടില്ല.
രാജ്യത്തെ എ.എം.സികളുടെ പ്രവര്‍ത്തനം വിലയിരുത്തി ഫാര്‍മാകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ടിലും കേരളം പിന്നാക്കം പോയി. എല്ലാ ഡി.എം.ഒ ഓഫിസുകള്‍ കേന്ദ്രീകരിച്ച് എ.എം.സി സെന്‍റുകള്‍ വേണമെന്ന നിര്‍ദേശവും അവഗണിച്ചു.
പാര്‍ശ്വഫലങ്ങളുള്ള മരുന്നിന്‍െറ നിയന്ത്രണവും നിരോധവും ലക്ഷ്യമിട്ട് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്‍െറ കീഴിലെ ദേശീയ മരുന്ന് ഗുണമേന്മ നിയന്ത്രണസമിതി 2010ല്‍ ഫാര്‍മാകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ ആരംഭിച്ചത്. അന്തര്‍ദേശീയതലത്തില്‍ സ്വീഡന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ എ.ഡി.ആര്‍ മോണിറ്ററിങ് സെന്‍ററുമായി ബന്ധപ്പടുത്തിയാണ് പ്രവര്‍ത്തനം. പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച പരാതികള്‍ രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും സെന്‍റര്‍ മുഖേന സി.ഡി.എസ്.സി.ഒയെ വിവരം അറിയിക്കാനാകും. ഇവ വിദഗ്ധര്‍ പരിശോധിച്ചശേഷമാകും നിരോധമടക്കമുള്ള നടപടികള്‍ സ്വീകരിക്കുക.
ഫാര്‍മാകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ 2014 മേയില്‍ പുറത്തുവിട്ട കണക്കുപ്രകാരം 3537 വ്യക്തിഗത പരാതി ലഭിച്ചിരുന്നു. 311കേസ് ചണ്ഡിഗഡ് പി.ജി.ഐ.എം.ഇ.ആറില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 225 കേസ് എ.എം.സി ചെന്നൈയില്‍നിന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.