ജലീലിനെ സൗദിയിലേക്ക് അയക്കാൻ തിരക്കിട്ട ശ്രമം; പാർലമെന്‍റിൽ നോട്ടീസ്
text_fieldsന്യൂഡൽഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി മന്ത്രി കെ.ടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ച സംഭവത്തിൽ പാർലമെന്‍റിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ്. കെ.സി. വേണുഗോപാൽ എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സംഭവത്തിൽ വിദേശകാര്യ മന്ത്രി തന്നെ വിശദീകരണം നൽകണമെന്നാണ് ആവശ്യം.
അതേസമയം, പ്രവാസി ഇന്ത്യാക്കാരെ സന്ദര്‍ശിക്കാൻ കെ.ടി ജലീലിന് നയതന്ത്ര പാസ്പാർട്ട് ലഭിക്കുന്നതിനായി സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി കെ.ടി ജലീൽ ഇന്ന് മുഖ്യമന്ത്രിയെ സന്ദർശിക്കും. നയതന്ത്ര പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ സൗദി അറേബ്യയിലെ ലേബർ ക്യാമ്പ് അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് വിലക്കുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ വിദേശ കാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ടുവരികയാണ്. എന്നാൽ ഇവിടെ നിന്ന് അനുകൂലമായ മറുപടില്ല ലഭിച്ചിട്ടുള്ളത്. നയതന്ത്ര പാസ്പോർട്ടിനായി പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നും സൗദിയിൽ നിന്നും ക്ളിയറൻസ് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാലാണ് പാസ്പോർട്ട് നൽകാത്തത് എന്നാണ് വിശദീകരണം.
ഇന്ന് സൗദിയിലേക്ക് പോകാനാണ് ജലീൽ നിശ്ചയിച്ചിരുന്നത്.
സൗദി അറേബ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ മുന്നൂറോളം മലയാളികള്‍ കുടുങ്ങിക്കിടന്ന പശ്ചാത്തലത്തിലാണ് മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ അയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിതല സംഘത്തെ സൗദിയിലേയ്ക്ക് അയക്കാന്‍ തീരുമാനിച്ച ഉടന്‍ തന്നെ പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ ക്ലിയറന്‍സ് നല്‍കാനാകില്ലെന്നാണ് കേന്ദ്രം കേരളത്തെ അറിയിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ആശയവിനിമയം നടത്തി പകരം നാട്ടിലെത്തിക്കാനും പുനരധിവാസം ഉറപ്പാക്കാനുമുള്ള സര്‍ക്കാരിന്‍റെ ശ്രമം ഇതോടെ അനിശ്ചിതത്വത്തിലായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധാരണ വിസയില്‍ സൗദിയിലേയ്ക്ക് പോയാല്‍ കാര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.
മുന്നൂറോളം മലയാളികളാണ് സൗദി അറേബ്യയില്‍ കുടുങ്ങിക്കടക്കുന്നതായി സംസ്ഥാനത്തിന് റിപ്പോര്‍ട്ട് ലഭിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി സൗദിയില്‍ ഉണ്ടെങ്കിലും മലയാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി ഇടപെടാനായിരുന്നു സംസ്ഥാനം പ്രത്യേക സംഘത്തെ അയക്കാന്‍ തീരുമാനിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.