‘യോഗ’ ജയിച്ചാല്‍ മഹാരാഷ്ട്രയിലെ ജയില്‍പുള്ളികളുടെ യോഗം തെളിയും
text_fieldsമുംബൈ: യോഗ പരീക്ഷയില്‍ മികച്ചപ്രകടനം കാഴ്ചവെച്ചാല്‍ മഹാരാഷ്ട്രയിലെ തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ്. യോഗ പാരമ്പര്യം പ്രചരിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ ജയിലുകളില്‍ സര്‍ക്കാര്‍ യോഗപരീക്ഷ നടപ്പാക്കിയത്. യോഗ പരിശീലനശേഷം എഴുത്ത്, പ്രായോഗിക പരീക്ഷകള്‍ നടത്തിയാണ് മാര്‍ക്കിന്‍െറ അടിസ്ഥാനത്തില്‍ ശിക്ഷയില്‍ ഇളവുനല്‍കുക.
നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന 2012ലെ ബലാത്സംഗ കേസ് പ്രതി ശീതള്‍ കവാലെയാണ് യോഗാ പരീക്ഷയിലെ വിജയത്തെ തുടര്‍ന്ന് ജയില്‍മോചിതനായ ആദ്യ ജയില്‍പ്പുള്ളി. 40 ദിവസത്തെ ഇളവോടെ ശീതള്‍ കവാലെ ജയിലില്‍നിന്ന് ഈയിടെ പുറത്തിറങ്ങി. സംസ്ഥാനത്തെ ഏഴ് സെന്‍ട്രല്‍ ജയിലുകളില്‍ മേയിലും ജൂണിലുമായാണ് ആദ്യ യോഗപരീക്ഷ നടന്നത്. ഫലം കഴിഞ്ഞമാസം പുറത്തുവന്നു.
100ഓളം തടവുകാര്‍ ശിക്ഷാ ഇളവുകള്‍ക്ക് യോഗ്യത നേടിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ആയുധംകൊണ്ട് പരിക്കേല്‍പിച്ചതിന് ഏഴുവര്‍ഷം തടവിന് വിധിക്കപ്പെട്ട രണ്ടുപേര്‍, മന$പൂര്‍വമല്ലാത്ത നരഹത്യക്ക് ശിക്ഷിക്കപ്പെട്ട നാലുപേര്‍ തുടങ്ങി എട്ടു തടവുകാര്‍ക്ക് 30 ദിവസം മുതല്‍ 40 ദിവസം വരെ ഇളവു നല്‍കിയിട്ടുണ്ട്. എന്നാല്‍, ശീതളും മറ്റൊരു പ്രതിയുമാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ശിക്ഷയില്‍ ഇളവുനല്‍കുന്ന യോഗ പദ്ധതി മയക്കുമരുന്ന്, ഭീകരവാദ കേസുകളിലെ പ്രതികള്‍ക്ക് ബാധകമല്ളെന്ന് മഹാരാഷ്ട്ര ജയില്‍ എ.ഡി.ജി.പി ഭൂഷണ്‍ ഉപാധ്യായ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.