കോടതി നടപടി ദൗര്‍ഭാഗ്യകരം –കെ.യു.ഡബ്ള്യൂ.ജെ
text_fieldsതൃശൂര്‍: മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തും തടഞ്ഞുവെച്ചും പ്രശ്നം സൃഷ്ടിച്ച കോഴിക്കോട് ടൗണ്‍ എസ്.ഐ വിമോദിനെതിരായ കേസുകളില്‍ തുടര്‍നടപടി സ്റ്റേ ചെയ്ത നടപടി ദൗര്‍ഭാഗ്യകരമാണെന്ന് തൃശൂരില്‍ ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതിയോഗം അഭിപ്രായപ്പെട്ടു.
ജോലിയില്‍ നിന്നും മേലധികാരികള്‍ മാറ്റി നിര്‍ത്തിയ പൊലീസുദ്യോഗസ്ഥന്‍ സ്റ്റേഷന്‍ നടപടികളില്‍ ഇടപെടുകയും സ്റ്റേഷനില്‍ എത്തിയവരെ കൈയേറ്റം നടത്തുകയും ചെയ്തത് ന്യായീകരിക്കുന്ന അഭിഭാഷകരുടെ നടപടി വിചിത്രമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കൈയേറ്റത്തിനിരയായ വ്യക്തി പരാതി നല്‍കിയത് സ്വാഭാവികമാണ്. എസ്.ഐ യുടെ നടപടി തെറ്റാണെന്ന് ബോധ്യമായതിനാലാണ് സസ്പെന്‍ഷന്‍. ഈവിഷയത്തിലാണ് പത്രപ്രവര്‍ത്തക്ക് പരാതിയുള്ളത് എന്നിരിക്കെ മാധ്യമ പ്രവര്‍ത്തകരാണ് തെറ്റുകാരെന്ന് ആരോപിക്കുന്നത് എങ്ങനെയാണെന്ന് യോഗം ആരാഞ്ഞു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനമാകെ കള്ളക്കേസും കൗണ്ടര്‍കേസും നല്‍കി ജ്യാമമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യിപ്പിക്കാന്‍ സ്വാര്‍ഥ തല്‍പരരുടെ ഭാഗത്തുനിന്ന് ആസൂത്രിത നീക്കം നടക്കുന്നതായി യൂനിയന്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരെ ഏതറ്റം വരെയും പോകാന്‍ യോഗം തീരുമാനിച്ചു. കോഴിക്കോട് എസ്.ഐക്കെതിരായ കേസ് റദ്ദാക്കിയാല്‍ അപ്പീല്‍ പോകുന്നതുള്‍പ്പെടെ നീതി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികളെടുക്കാനും പരാതിക്കാരനായ മാധ്യമ പ്രവര്‍ത്തകന്‍ ബിനുരാജിനെതിരെ കൗണ്ടര്‍ പരാതി നല്‍കാനുള്ള നീക്കത്തെ ജനകീയ അഭിപ്രായം സ്വരൂപിക്കാനും യോഗം തീരുമാനിച്ചു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ആരോഗ്യകരമായ സൗഹാര്‍ദം നിലനിര്‍ത്താന്‍ എല്ലാ വിഭാഗവും തയാറാകണമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി.എ. അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി. നാരായണനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.