മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ആദായനികുതി പരിശോധന
text_fieldsകൊച്ചി: ബാങ്കിതര ധനകാര്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്വകാര്യ ഗ്രൂപ്പായ മുത്തൂറ്റിന്‍െറ ശാഖകളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശാഖകളില്‍ ഒരേസമയമായിരുന്നു പരിശോധന.
നികുതിവെട്ടിപ്പ്, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കല്‍, ഇടപാടുകളിലെ ക്രമക്കേട് തുടങ്ങിയവ സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്, മിനി മുത്തൂറ്റ് എന്നിവയുടെ എറണാകുളം, തിരുവനന്തപുരം, കോഴഞ്ചേരി കോര്‍പറേറ്റ് ഓഫിസുകള്‍, സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ശാഖകള്‍, ഡയറക്ടര്‍മാരുടെയും പ്രധാന ജീവനക്കാരുടെയും വസതികള്‍ എന്നിവ ഉള്‍പ്പെടെ 60 കേന്ദ്രങ്ങളിലായിരുന്നു ഒരേസമയം പരിശോധന.
കേരളത്തിലെ 49 കേന്ദ്രങ്ങളിലും ഡല്‍ഹി, മുംബൈ, ബംഗളൂരു, മാഗളൂരു, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ 11 ശാഖകളിലും പരിശോധന നടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ച റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ സൂചന നല്‍കി.
കമ്പ്യൂട്ടറുകളില്‍ ശേഖരിച്ച ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തു. സ്വര്‍ണപ്പണയ വായ്പകളുമായി ബന്ധപ്പെട്ട രേഖകള്‍, സ്വദേശത്തും വിദേശത്തുമായി വസ്തു ഇടപാട് നടത്തിയതിന്‍െറ രേഖകള്‍ തുടങ്ങിയവ കണ്ടത്തെിയതായാണ് സൂചന.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഭൂമി വാങ്ങിയതിന്‍െറ രേഖകളും ലഭിച്ചു. ചില വസ്തു ഇടപാടിന്‍െറ ഭാഗമായുള്ള 15 കോടി രൂപ വിദേശത്തേക്കാണ് അയച്ചിരിക്കുന്നതത്രേ. ഇതുവഴി ഹവാല ഇടപാടിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിക്കുന്നതോടെ മാത്രമെ ഇതുസംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂവെന്നും ആദായനികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വര്‍ണം ഈടുനല്‍കി വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരുടെ ഈടുസ്വര്‍ണം ലേലം ചെയ്യുന്ന തുക കുറച്ചുകാട്ടി മൂന്ന് സ്ഥാപനങ്ങളും വന്‍ നികുതിവെട്ടിപ്പ് നടത്തുന്നതായി ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ആദായനികുതി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് കൊച്ചി യൂനിറ്റിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 6.30ന് ആരംഭിച്ച റെയ്ഡില്‍ 400ഓളം ആദായനികുതി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ചില ശാഖകളില്‍ രാത്രി വൈകിയും പരിശോധന തുടരുകയാണ്.അതേസമയം, പരിശോധനയുമായി മാനേജ്മെന്‍റും ജീവനക്കാരും പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും നടക്കുന്നത് പതിവ് പരിശോധന മാത്രമാണെന്നും മുത്തൂറ്റ് സ്ഥാപനങ്ങളുടെ വക്താക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 129 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള തങ്ങള്‍ നാട്ടിലെ എല്ലാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ് മാനേജ്മെന്‍റ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.