കോണ്‍ഗ്രസിനോടും ഇടതിനോടും സമദൂരം -കെ.എം മാണി
text_fieldsചരല്‍ക്കുന്ന്: കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും കേരളകോണ്‍ഗ്രസ് എമ്മിന് സമദൂരമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി. യു.ഡി.എഫുമായുള്ള ബന്ധം പുന:പരിശോധിക്കേണ്ട സമയമെത്തിയിരിക്കുന്നു. എന്നാല്‍, പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ല. ഇതിന്‍റെ വരും വരായ്കകള്‍ യോഗം ഗഹനമായി ചര്‍ച്ചചെയ്യും. കേരള കോണ്‍ഗ്രസ് കൂടി പങ്കാളിയായി പടുത്തുയുര്‍ത്തിയ മുന്നണിയിൽ നിന്ദയും അവഗണനയും മാത്രമാണ് ലഭിച്ചത്. പരസ്പര സ്നേഹവും വിശ്വാസവുമാണ് ഒരു മുന്നണിയെ മുന്നോട്ടു കൊണ്ടുപോകുന്നത്. അത് നഷ്ടപ്പെട്ടിരിക്കുകയാണ്. എന്താണ് പാര്‍ട്ടിയുടെ ഭാവിയെന്ന് നാളെ പ്രഖ്യാപിക്കുമെന്നും മാണി വ്യക്തമാക്കി. ചരല്‍കുന്നില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ് എം രാഷ്ട്രീയ നേതൃകാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിറന്ന വീണ നാൾ മുതൽ കേരളാ കോൺഗ്രസ് പാർട്ടി പ്രതിസന്ധിയിലായിരുന്നു. പിറന്ന് ആറു മാസത്തിനുള്ളിൽ കേരളാ കോൺഗ്രസ് അസ്തമിക്കുമെന്ന് കോൺഗ്രസ് നേതാവ് പനമ്പള്ളി ഗോവിന്ദ മേനോൻ പറഞ്ഞിരുന്നു. എന്നാൽ, അതിനെ പാർട്ടി അതിജീവിച്ചെന്നും മാണി ചൂണ്ടിക്കാട്ടി.
ഒറ്റക്ക് നിന്ന് പൊരുതാന്‍ കെല്‍പും തറവാടിത്തവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളകോണ്‍ഗ്രസ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. കേരള രാഷ്ട്രീയത്തില്‍ 50 വര്‍ഷമായി നിലനില്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ ആരും വിരട്ടാന്‍ നോക്കണ്ട. പാര്‍ട്ടി ആരെയും ഭീഷണിപ്പെടുത്തുന്നില്ളെന്നും മാണി പറഞ്ഞു.
തങ്ങളെ ആരും ഉപദേശിക്കാന്‍ വരേണ്ട. പദവി വേണമെന്ന അപേക്ഷയുമായി ആരുടെയും പിറകേ പോകേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. തങ്ങളെ വേണ്ടവര്‍ ഇങ്ങോട്ട് വരികയാണ് ചെയ്യുക. സ്വന്തന്ത്രമായ നിലപാടാണ് കേരള കോണ്‍ഗ്രസിനുള്ളത്. വിഷയ അടിസ്ഥാനത്തിലുള്ള നിലപാടാണ് പാര്‍ട്ടി പിന്തുടരുന്നത്. ശരി ചെയ്യുന്നവരുടെ കൂടെ നില്‍ക്കുകയും തെറ്റു ചെയ്താല്‍ നിശ്ചിതമായി എതിര്‍ക്കുകയും ചെയ്യും. ഭരണപക്ഷം നല്ല കാര്യം ചെയ്താല്‍ അഭിനന്ദിക്കാന്‍ മടിക്കുകയില്ലെന്നും മാണി തുറന്നടിച്ചു.
കേരള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെക്കണമെന്ന് എം.എം ജേക്കബ് അഭിപ്രായപ്പെട്ടിരുന്നു. കേരള കോണ്‍ഗ്രസിന്‍റെ വോട്ട് നേടി ജയിച്ച വന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആദ്യം രാജിവെക്കട്ടെയെന്നും മാണി തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.