ആരും വിരട്ടേണ്ടന്ന് മാണി
text_fieldsചരല്‍ക്കുന്ന് (പത്തനംതിട്ട): കേരള കോണ്‍ഗ്രസ് എമ്മിനെ ആരും വിരട്ടാന്‍ നോക്കേണ്ടന്ന് ചെയര്‍മാന്‍ കെ.എം. മാണി. കോണ്‍ഗ്രസിനെ വിരട്ടാന്‍ ആരും നോക്കേണ്ടന്ന് യു.ഡി.എഫ് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല പാലക്കാട്ട് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ ആരും വിരട്ടാന്‍ നോക്കരുതെന്ന് രമേശ് പാലക്കാട് പ്രസ്താവിച്ചവിവരം പ്രമുഖ നേതാക്കള്‍ ചരല്‍ക്കുന്ന് ക്യാമ്പിന്‍െറ ഉദ്ഘാടന പ്രസംഗത്തിനിടെ മാണിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴായിരുന്നു അതേ നാണയത്തില്‍ മാണി തിരിച്ചടി നല്‍കിയത്.
മാണി ഇടതുമുന്നണിയില്‍ കണ്ണുവെക്കേണ്ടന്ന് പ്രസ്താവന നടത്തിയ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെയും വെറുതെവിട്ടില്ല. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്നറിയാവുന്ന കുറുക്കനാണ് പന്ന്യന്‍ എന്നായിരുന്നു പരിഹാസം. കേരള കോണ്‍ഗ്രസിന് ആരുടെയും പിന്നാലെ നടക്കുന്ന ചരിത്രമില്ല. ആവശ്യമുള്ളവര്‍ ഇങ്ങോട്ടുവരും. പാരമ്പര്യവും തറവാടിത്തവും ഉള്ള പ്രസ്ഥാനമാണിത്. സ്വതന്ത്ര നിലപാടുമായി മുന്നോട്ടുപോകും. ഒരു മുന്നണിയിലും ചേരാന്‍ തീരുമാനിച്ചിട്ടില്ല. ശരി എന്തെന്ന് തിരിച്ചറിഞ്ഞ് അതിനൊപ്പം നില്‍ക്കാനാണ് തീരുമാനം.
അതിനാല്‍, പന്ന്യന്‍െറ പ്രസ്താവനക്ക് പ്രസക്തിയില്ല. മുന്നണിയില്‍ തങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ആരോടും പറഞ്ഞിട്ടില്ല. അതാണ് ഈ പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി. തങ്ങള്‍ക്ക് തറവാടിത്തമുണ്ടെന്ന കാര്യം പന്ന്യന്‍ മറക്കരുത്- മാണി പറഞ്ഞു.
കോണ്‍ഗ്രസിന്‍െറ വോട്ടുവാങ്ങി വിജയിച്ച മാണിയും എം.എല്‍.എമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം. ജേക്കബിനെയും മാണിവെറുതെവിട്ടില്ല. ജേക്കബിന് എന്ത് ധാര്‍മികതയാണുള്ളത്. കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസിന്‍െറ വോട്ട് വാങ്ങിയിട്ടില്ളേ?. അതുകൊണ്ട് അവരും രാജിവെക്കണം. അതാണ് മര്യാദ -മാണി ക്ഷോഭത്തോടെ പ്രതികരിച്ചു.
ഞങ്ങള്‍ വേറിട്ടുപോകാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസുകാര്‍ കുറ്റംപറയരുത്. ഞങ്ങള്‍ കൂടി രൂപംകൊടുത്തതാണ് യു.ഡി.എഫ്. അന്തിമ നിലപാട് പിന്നീട് പറയാം. പക്ഷെ വ്യസനത്തോടെ പറയട്ടെ എന്തായാലും നിലപാട് മാറ്റേണ്ടിവരും. അത് ഞായറാഴ്ച പറയാം -മാണി കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിനെക്കുറിച്ച് പലര്‍ക്കും ഒന്നും അറിയില്ല. അറിയാത്തവര്‍ അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നും മാണി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.