മലബാര്‍ കാന്‍സര്‍ സെന്‍ററിനെ ബിരുദാനന്തര ബിരുദ പഠന ഗവേഷണ കേന്ദ്രമാക്കും
text_fieldsതലശ്ശേരി: കോടിയേരിയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിനെ അര്‍ബുദ രോഗ പഠനങ്ങള്‍ക്കായുള്ള ബിരുദാനന്തര ബിരുദ പഠന ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്താന്‍ തീരുമാനം. കുറഞ്ഞത് 600 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രോജക്ടിന് ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍െറ അധ്യക്ഷതയില്‍ നടന്ന മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ ഒമ്പതാമത് ഗവേണിങ് ബോഡി യോഗം അംഗീകാരം നല്‍കി. യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍െറ വികസനമാണ് യോഗം പ്രധാനമായും ആലോചിച്ചത്. ഇതില്‍ പ്രധാനമാണ് സെന്‍ററിനെ പി.ജി ഇന്‍സ്റ്റിറ്റ്യൂട്ടാക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം. ഇതിനുള്ള പ്രോജക്ട് ഇവിടെ തന്നെ തയാറാക്കിയിട്ടുണ്ട്. അതിനാണ് ഗവേണിങ് ബോഡി അംഗീകാരം നല്‍കിയത്. സെന്‍ററിന്‍െറ വിപുലീകരണത്തോടെ കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് വലിയ തോതിലുള്ള ഉയര്‍ച്ചക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിലൂടെ മലബാര്‍ കാന്‍സര്‍ സെന്‍റര്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയരും. കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഇതുവരെ മലബാര്‍ കാന്‍സര്‍ സെന്‍ററിന് സഹായമൊന്നും കിട്ടിയിട്ടില്ല. കേന്ദ്രസഹായം കിട്ടണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യേണ്ടതുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്‍ററിനും കോഴിക്കോട് മെഡിക്കല്‍ കോളജിനും മാത്രമാണ് സാമ്പത്തിക സഹായത്തിന് ശിപാര്‍ശ ചെയ്തത്. ഈ രണ്ട് സ്ഥാപനങ്ങള്‍ക്കും കേന്ദ്രസഹായം ലഭിച്ചു. കഴിഞ്ഞ തവണ കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടപ്പോള്‍ മലബാര്‍ കാന്‍സര്‍ സെന്‍ററിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാറിന് ഒരു വിവരവുമില്ളെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, മലബാര്‍ കാന്‍സര്‍ സെന്‍ററിനെക്കുറിച്ച് വ്യക്തമായ ധാരണ കേന്ദ്രമന്ത്രിക്ക് നല്‍കിയിട്ടുണ്ടെന്നും പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലബാര്‍ കാന്‍സര്‍ സെന്‍റര്‍ രൂപംകൊണ്ട ശേഷം ആദ്യമായാണ് ഗവേണിങ് ബോഡി യോഗത്തിന് ആശുപത്രി വേദിയായത്. കഴിഞ്ഞ എട്ട് യോഗങ്ങളും തിരുവനന്തപുരത്താണ് ചേര്‍ന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.