Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആദ്യം കബളിപ്പിക്കപ്പെട്ടത് വിമാന കമ്പനികള്‍
cancel

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതുസംബന്ധിച്ച് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന് നിരവധി പരാതികളാണ് ലഭിച്ചത്. ഈ പരാതിയില്‍ മന്ത്രാലയം രാജ്യത്ത് വിമാനസര്‍വിസുകളുടെ സുരക്ഷയടക്കം പരിശോധിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍നിന്ന് (ഡി.ജി.സി.എ) വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍, കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ളെന്ന മറുപടിയോടെ അവര്‍ കൈകഴുകുകയായിരുന്നു. അതേസമയം, വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രവ്യോമയാനമന്ത്രിയെ നേരില്‍ കണ്ട മുഖ്യമന്ത്രി പിണറായി വിജയനോട് ഡി.ജി.സി.എയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന മറുപടിയായിരുന്നു മന്ത്രി പറഞ്ഞത്. തങ്ങള്‍ക്ക് പങ്കില്ളെന്ന് ഡി.ജി.സി.എ വ്യക്തമാക്കിയിട്ടും അവരുടെ തലയില്‍തന്നെ വിഷയം വെച്ചുകെട്ടി കരിപ്പൂരിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തം.

ഇതുസംബന്ധിച്ച വസ്തുതകള്‍ പരിശോധിക്കുമ്പോഴാണ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതില്‍ അതോറിറ്റിയുടെ ഇടപ്പെടലുകള്‍ വ്യക്തമാകുന്നത്. ഈ വിഷയത്തില്‍ ആദ്യം കബളിപ്പിക്കപ്പെട്ടത് പൊതുമേഖലാ സ്ഥാപനമായ എയര്‍ഇന്ത്യയടക്കമുള്ള മൂന്നു വിമാനകമ്പനികളാണ്. 2015 മേയ് ഒന്ന് മുതലാണ് കരിപ്പൂരിലേക്ക് ആഴ്ചയില്‍ 52 സര്‍വിസുകള്‍ നടത്തിയിരുന്ന എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, എമിറേറ്റ്സ് എന്നിവക്ക് എയര്‍പോര്‍ട്ട് അതോറിറ്റി നിയന്ത്രണമേര്‍പ്പെടുത്തിയത്. റണ്‍വേയുടെ ബലക്ഷയത്തെ സംബന്ധിച്ച് സെന്‍ട്രല്‍ റോഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.ആര്‍.ആര്‍.ഐ) നടത്തിയ വിദഗ്ധപഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജിദ്ദ, റിയാദ്, ദുബൈ എന്നിവിടങ്ങളിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വിസുകള്‍ക്കാണ് ഇതുമൂലം മുടക്കം സംഭവിച്ചത്.

കരിപ്പൂരില്‍നിന്ന് മുടങ്ങിയ  സര്‍വിസുകള്‍
കോഴിക്കോട്-ജിദ്ദ റൂട്ടില്‍ 424 സീറ്റുള്ള എയര്‍ഇന്ത്യയുടെ ബി 747 ജംബോജെറ്റ് വിമാനമാണുണ്ടായിരുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസങ്ങളിലായിരുന്നു സര്‍വിസ്.  കോഴിക്കോട്-റിയാദ് റൂട്ടില്‍ 342 സീറ്റുള്ള ബി 777 വിമാനമാണ് സര്‍വിസ് നടത്തിയത്. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായിരുന്നു ഇവയുണ്ടായിരുന്നത്. വിമാനത്തിലെ സീറ്റനുസരിച്ച്  25,168 പേരാണ് ഒരുമാസം റിയാദ്, ജിദ്ദ റൂട്ടില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യുന്നത്. 344 സീറ്റുള്ള ബോയിങ് 777 വിമാനമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് ഉപയോഗിച്ചിരുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും കോഴിക്കോട്-ജിദ്ദ-റിയാദ് സെക്ടറില്‍ സര്‍വിസുണ്ട്. 9800 പേരാണ് ഒരുമാസം ഈ റൂട്ടില്‍ സൗദി എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്നത്. കോഴിക്കോട്-ദുബൈ സെക്ടറില്‍  രണ്ടു സര്‍വിസുകളാണ് എമിറേറ്റ്സിനുണ്ടായിരുന്നത്. 278 സീറ്റുണ്ടായിരുന്ന എ 330 യും 343 സീറ്റുള്ള ബോയിങ് 777-200 ആയിരുന്നു എമിറേറ്റ്സ് കരിപ്പൂരിലേക്ക് സര്‍വിസ് നടത്തിയത്.

 

പഠനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി റണ്‍വേയില്‍ 55 ഇടങ്ങളില്‍ ബലക്ഷയമുള്ളതായി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് അടിയന്തരമായി റണ്‍വേ നവീകരണത്തിന് അതോറിറ്റിയും വ്യോമയാന മന്ത്രാലയവും ഒരുങ്ങിയത്. ഇതില്‍ വലിയ വിമാനങ്ങള്‍ക്ക് റണ്‍വേയില്‍ വിമാനം തിരിക്കുന്നതിനുള്ള ടേണിങ് പാഡ് ഉള്‍പ്പെടുന്ന 400 മീറ്റര്‍ ഭാഗം പൂര്‍ണമായി പുനര്‍നിര്‍മാണം നടത്തണമെന്നുണ്ടായിരുന്നു. ഈ 400 മീറ്റര്‍ ഭാഗത്ത് റണ്‍വേയില്‍  ഗുരുതരമായി പ്രശ്നങ്ങളുള്ളതിനാല്‍ ഇവിടെ കുഴിയെടുത്ത് പുതിയ റണ്‍വേ നിര്‍മിക്കണമെന്നായിരുന്നു പ്രധാന നിര്‍ദേശം. ഇതിന്‍െറ ഭാഗമായി 2850 മീറ്റര്‍ നീളമുള്ള റണ്‍വേ 2450 മീറ്ററായി കുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. റണ്‍വേയുടെ നീളം കുറയുന്നതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് കുറച്ച് മാസത്തേക്ക് സര്‍വിസിന് നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു തീരുമാനം. ഇതിന് മുന്നോടിയായി വിമാനകമ്പനികളുടെ പ്രതിനിധികളെയടക്കം പങ്കെടുപ്പിച്ച യോഗത്തില്‍ അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ ഇവ വിശദീകരിക്കുകയും 400 മീറ്റര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ എട്ടു മാസം സമയം മതിയെന്നും അറിയിക്കുകയും ചെയ്തു. ഇതിനുശേഷം കരിപ്പൂരിലേക്കുള്ള സര്‍വിസുകള്‍ പുനരാരംഭിക്കാമെന്ന വാഗ്ദാനവും നല്‍കി. ഇത് വിശ്വാസത്തിലെടുത്ത കമ്പനികള്‍ സര്‍വിസുകള്‍ താല്‍ക്കാലികമായി നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. ചെറിയ കാലയളവിനുശേഷം തിരിച്ചുവരാമെന്ന വിശ്വാസത്തില്‍ ഇവര്‍ തങ്ങളുടെ ഓഫിസുകളും കുറച്ച് ജീവനക്കാരെയും ഇവിടെ നിലനിര്‍ത്തി. എന്നാല്‍, ദിവസങ്ങള്‍ക്കകം അതോറിറ്റി തീരുമാനത്തില്‍നിന്ന് മലക്കംമറിയുന്നതാണ് കണ്ടത്. എട്ടു മാസമെന്നത് പിന്നീട് 15ഉം 18ആയി ഉയര്‍ന്നു. ജൂണില്‍ ആരംഭിക്കുമെന്ന് പറഞ്ഞ പ്രവൃത്തി തുടങ്ങിയതുതന്നെ സെപ്റ്റംബര്‍ അവസാനവാരത്തില്‍.

സുരക്ഷാ ചുമതല കമ്പനിക്കാണ്, അതോറിറ്റിക്കല്ല
യഥാര്‍ഥത്തില്‍ വിമാനത്തിന്‍െറ സുരക്ഷ അതത് കമ്പനികളുടെ ചുമതലയാണ്. ഒരു വിമാനത്തിന് സര്‍വിസ് നടത്താനാവശ്യമായ റണ്‍വേയുടെ നീളം, സേഫ്റ്റി ഏരിയ തുടങ്ങിയ കാര്യത്തില്‍ വിമാന നിര്‍മാണ കമ്പനികള്‍ കൃത്യമായ മാനദണ്ഡങ്ങള്‍ അനുശാസിക്കുന്നുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ എ.എഫ്.എം (എയര്‍ക്രാഫ്റ്റ് ഫൈ്ളറ്റ് മാനുവല്‍) നിഷ്കര്‍ഷിക്കുന്ന കാര്യങ്ങള്‍ അനുസരിക്കാന്‍ ഏതൊരുവിമാനകമ്പനിയും ബാധ്യസ്ഥമാണ്. ഈ സംവിധാനം പൂര്‍ണമായി പാലിക്കപ്പെടുന്നുണ്ടെന്ന് അതത് രാജ്യത്തെ ഡി.ജി.സി.എകളും ഉറപ്പുവരുത്തുന്നുണ്ട്. ചുരുക്കത്തില്‍, ഒരു വിമാനകമ്പനിക്കും  ഇത്തരം നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ സാധിക്കില്ല. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ സര്‍വിസുകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ. അതേസമയം, ഇത്തരം വിഷയങ്ങളില്‍ അതോറിറ്റിക്ക് സാങ്കേതിക വൈദഗ്ധ്യമില്ളെന്നതാണ് യാഥാര്‍ഥ്യം.

ഇതിനിടെ തങ്ങളുടെ എന്‍ജിനീയറിങ് വിഭാഗത്തെ ഉപയോഗിച്ച് സുരക്ഷാപരിശോധന നടത്തിയ ലോകത്തിലെ മികച്ച വിമാനകമ്പനികളിലൊന്നായ എമിറേറ്റ്സ് 2450 മീറ്റര്‍ നീളമുള്ള റണ്‍വേയുടെ 2300 മീറ്റര്‍ മാത്രം ഉപയോഗിച്ച് 278 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന എ-330 വിമാനമിറക്കാന്‍ തയാറാണെന്ന് അറിയിച്ചെങ്കിലും  ഒരു വിട്ടുവീഴ്ചക്കും അതോറിറ്റി തയാറായിരുന്നില്ല. സുരക്ഷാപ്രശ്നമുള്ള റണ്‍വേയില്‍ ഒരുതരത്തിലും വിമാനം ഇറക്കാന്‍ എമിറേറ്റ്സ് പോലുള്ള കമ്പനികള്‍ തയാറാകില്ളെന്ന വസ്തുത നിലനില്‍ക്കെയാണ് അതോറിറ്റിയുടെ തടസ്സവാദം. സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് സര്‍വിസ് നടത്തിയാല്‍ അയാട്ടയുടെ അംഗത്വം നഷ്ടപ്പെടുകയും അന്താരാഷ്ട്ര തലത്തില്‍ വിമാനകമ്പനിയുടെ സല്‍പ്പേര് നഷ്ടപ്പെടുകയും ചെയ്യും. ഇത്രയും പ്രശ്നങ്ങളുണ്ടായിരിക്കെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഒരു വിമാനകമ്പനിയും തയാറാകില്ളെന്നും പൂര്‍ണസുരക്ഷിതമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ മാത്രമേ എമിറേറ്റ്സ് പോലുള്ള കമ്പനികള്‍ സര്‍വിസ് നടത്തുകയുള്ളൂവെന്ന് വ്യോമയാനമേഖലയില്‍  വര്‍ഷങ്ങളായുള്ളവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, 280 ഓളം വിമാനങ്ങളുള്ള ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന എമിറേറ്റ്സിന്‍െറ സാങ്കേതിക വിഭാഗത്തിന്‍െറ പഠനറിപ്പോര്‍ട്ടിനെയടക്കം തള്ളിയ അതോറിറ്റി ഒരുനിലക്കും അനുമതി നല്‍കാനാകില്ളെന്ന ഉറച്ചനിലപാടിലായിരുന്നു. വലിയ വിമാനങ്ങള്‍ക്ക് ഇനി അനുമതി ലഭിക്കണമെങ്കില്‍ റണ്‍വേയുടെ നീളം വര്‍ധിപ്പിക്കണമെന്നാണ് അതോറിറ്റി ആവശ്യപ്പെടുന്നത്. എന്നാല്‍, വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ളെങ്കില്‍ റണ്‍വേയുടെ പ്രതലത്തില്‍ റീകാര്‍പ്പറ്റിങ് പ്രവൃത്തി മാത്രം നടത്തിയാല്‍ മതിയായിരുന്നു. എന്തിനായിരുന്നു കോടികള്‍ ചെലവഴിച്ച്  നവീകരണം നടത്തിയതെന്ന ചോദ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
സര്‍വിസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തിനിടെ അതോറിറ്റിക്ക് കരിപ്പൂരില്‍നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവാണ് വന്നിരിക്കുന്നത്. സര്‍വിസ് നിര്‍ത്തിയ മേയ് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെ ശരാശരി 27 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 104 കോടി ലഭിച്ചിടത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 79 കോടിയാണ് കിട്ടിയിരിക്കുന്നത്. കൂടാതെ, കരിപ്പൂര്‍ വഴിയുണ്ടായിരുന്ന ചരക്കുനീക്കം പകുതിയിലേറെ കുറഞ്ഞു. ലാഭത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന കരിപ്പൂര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താഴോട്ടാണ് പോകുന്നത്.

(നാളെ ലൈസന്‍സിന്‍െറ പേരിലും കബളിപ്പിക്കല്‍)

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipurairportkaripur airport
Next Story