കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍: സര്‍ക്കാര്‍ വിഹിതം 27.5 കോടിയായി ഉയര്‍ത്തി
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണത്തിന് നല്‍കിവന്ന സര്‍ക്കാര്‍ വിഹിതം ഉയര്‍ത്തി. നിലവിലെ 20 കോടിയില്‍നിന്ന് 27.5 കോടിയായാണ് വര്‍ധിപ്പിച്ചത്. മുന്‍കാലപ്രാബല്യമില്ളെങ്കിലും അടുത്തഘട്ട പെന്‍ഷന്‍ വിതരണം മുതല്‍ വര്‍ധിപ്പിച്ച തുക സര്‍ക്കാര്‍ നല്‍കും. കെ.എസ്.ആര്‍.ടി.സിയും കഴിഞ്ഞ സര്‍ക്കാറും തമ്മിലുണ്ടാക്കിയ വ്യവസ്ഥയനുസരിച്ച് പെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്ന 40 കോടിയില്‍ 20 കോടി കോര്‍പറേഷനും 20 കോടി സര്‍ക്കാറും ട്രഷറിയില്‍ അടയ്ക്കണം. 2015 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ കൃത്യമായി തുക ട്രഷറിയില്‍ അടയ്ക്കുന്നുണ്ട്. അതേസമയം, പെന്‍ഷന്‍കാര്‍ക്ക് ഡി.എ വര്‍ധിപ്പിച്ചതോടെ മാസം പെന്‍ഷന്‍ വിതരണത്തിന് 55 കോടി രൂപ വേണ്ടി വന്നു. ധാരണപ്രകാരം സര്‍ക്കാര്‍ വിഹിതമായി 20 കോടി രൂപയേ ലഭിച്ചിരുന്നുള്ളൂ. ശേഷിക്കുന്ന തുക കെ.എസ്.ആര്‍.ടി.സിയുടെ ബാധ്യതയായി. ഇതിനെതുടര്‍ന്നാണ് മാനേജ്മെന്‍റ് പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയത്.
ജൂലൈയില്‍ പെന്‍ഷന്‍ തുക സംബന്ധിച്ച അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് പെന്‍ഷന്‍ വിതരണം മുടങ്ങിയിരുന്നു. കെ.എസ്.ആര്‍.ടി.സി സ്വന്തം വിഹിതം അടയ്ക്കാതെ മുഴുവന്‍ തുകയും അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് ഫയല്‍ കൈമാറിയതാണ് പെന്‍ഷന്‍ വൈകാന്‍ കാരണമായത്. പെന്‍ഷന്‍ മുടങ്ങാന്‍ ഇടയായ സാഹചര്യവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റിനുണ്ടായ വീഴ്ചയില്‍ മന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ മാസവും 15നുതന്നെ പെന്‍ഷന്‍ വിതരണം ഉറപ്പുവരുന്നതിന് സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.