ആദിവാസി വിദ്യാര്‍ഥിനിയുടെ പഠനം മുടക്കാന്‍ സര്‍വകലാശാല ശ്രമിക്കുന്നതായി പരാതി
text_fieldsതിരുവനന്തപുരം: ആദിവാസി വിദ്യാര്‍ഥിനിയുടെ തുടര്‍പഠനം മുടക്കാന്‍ സര്‍വകലാശാലാ അധികൃതര്‍ ശ്രമിക്കുന്നതായി പരാതി. ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശിനിക്കെതിരെയാണ് അധികൃതരുടെ നീക്കം.
പ്രൈമറി തലം മുതല്‍ പ്രഫഷനല്‍ കോഴ്സുകള്‍വരെ ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അധികൃതര്‍ അംഗീകരിക്കുന്നില്ല. എന്‍ജിനീയറിങ് കോഴ്സിന് പ്രവേശം ലഭിക്കുന്ന ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥ നിലവിലുണ്ട്. മൂന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയ വിദ്യാര്‍ഥിനിക്ക് തുടര്‍ പഠനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് വിദ്യാഭ്യാസമന്ത്രിക്ക് നല്‍കിയ പരാതി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. വനത്തിനുള്ളില്‍ താമസിക്കുന്ന ഊരാളി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനി 10ാം ക്ളാസില്‍ ഏഴ് എ പ്ളസും പ്ളസ് ടുവിന് 1200ല്‍ 1024 മാര്‍ക്കും നേടി.
തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ഇലക്ട്രോണിക്സില്‍ പ്രവേശവും ലഭിച്ചു. പഠനം തുടരാന്‍ കഴിഞ്ഞില്ല. സഹപാഠിക്ക് സംഭവിച്ച അപകടത്തിന് ദൃക്സാക്ഷിയായി മാനസികാസ്വാസ്ഥ്യം ഉണ്ടായി ചികിത്സയിലായിരുന്നു. ആദ്യ രണ്ടു സെമസ്റ്റിലെ 11പേപ്പറില്‍ ആറ് പേപ്പര്‍ വിജയിച്ചിട്ടുണ്ട്. നാലാം സെമസ്റ്ററില്‍ വീണ്ടും കോളജില്‍ ചേര്‍ന്ന് പഠിക്കാനായി അപേക്ഷ നല്‍കിയപ്പോഴാണ് സര്‍വകലാശാല തടസ്സമുള്ളതായി അറിയിച്ചത്. 2014ല്‍ കോഴ്സിന് ചേരുമ്പോള്‍ കോളജ് കേരള സര്‍വകലാശാലക്ക് കീഴിലായിരുന്നു. 2015ലെ ബാച്ച് മുതല്‍ കോളജ് സാങ്കേതിക സര്‍വകലാശാലയുടെ കോഴ്സാണ് നടത്തുന്നത്. പുന$പ്രവേശം നല്‍കുമ്പോള്‍ സര്‍വകലാശാല മാറുമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി അധികൃതര്‍ തടഞ്ഞു.
അതേസമയം സാങ്കേതിക സര്‍വകാലാശാല ജൂലൈ അവസാനം ഇറക്കിയ ഉത്തരവ് പ്രകാരം ഒന്നും രണ്ടും സെമസ്റ്ററില്‍ 47ല്‍ 26 ക്രെഡിറ്റ് (55ശതമാനം) ഉണ്ടെങ്കില്‍ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശം അനുവദിക്കുമെന്നാണ്. വിദ്യാര്‍ഥിക്ക് ആദ്യവര്‍ഷ പരീക്ഷയില്‍ 58ല്‍ 38 ക്രഡിറ്റ് (68ശതമാനം) ലഭിച്ചിട്ടുണ്ട്. മറ്റ് പേപ്പറുകള്‍ ഡിസംബറില്‍ പരീക്ഷയെഴുതി റിസല്‍റ്റ് കാത്തിരിക്കുകയാണ്. മൂന്നാം സെമസ്റ്ററിന്‍െറ പരീക്ഷയെഴുതിയിട്ടുണ്ട്.
കേരള സര്‍വകലാശാലാ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം വിടുതല്‍ നല്‍കാമെന്നും സാങ്കേതിക സര്‍വകലാശാലയില്‍ തുടര്‍ പഠനം നടത്താമെന്നും അറിയിച്ചു. ഇടുക്കിയില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ആദിവാസി സമൂഹത്തില്‍നിന്ന് ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ഥിക്ക് നീതി ലഭിക്കണമെന്നാണ് പിതാവിന്‍െറ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.