മാണിക്ക് തെറ്റ് തിരുത്തേണ്ടി വരുമെന്ന് വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന് തെറ്റ് തിരുത്തേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍. തെറ്റുപറ്റിയെന്ന് അവര്‍ക്ക് ബോധ്യപ്പെടുക തന്നെ ചെയ്യും. പിഴവ് തിരിച്ചറിയുകയും തെറ്റുപറ്റിയെന്ന് സമ്മതിക്കുകയും ചെയ്താല്‍ മുന്നണിയിലേക്കുള്ള പുനഃപ്രവേശം അടക്കമുള്ള കാര്യങ്ങൾ ആലോചിക്കുമെന്ന് സുധീരൻ വ്യക്തമാക്കി.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് ഓഫീസിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തും. ഇതിനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍ കാഞ്ഞിരപ്പള്ളിയിലെത്തും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി സംബന്ധിച്ച തീരുമാനമെടുക്കുമെന്നും സുധീരൻ അറിയിച്ചു.
ഒരു പാര്‍ട്ടിയുടെയും ഓഫീസിൽ അതിക്രമിച്ച് കടക്കുന്നതും അക്രമം നടത്തുന്നതും കോണ്‍ഗ്രസിന്‍റെ സമീപനമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരിൽ നിന്ന് ഇത്തരത്തിലുള്ള യാതൊരു പ്രകോപനവും ഉണ്ടാകാന്‍ പാടില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും സുധീരന്‍ പറഞ്ഞു.
യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സർക്കാറിന്‍റെ ജനദ്രോഹ നടപടികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.