എ.ടി.എം കവര്‍ച്ച: പണം തട്ടിയവര്‍ തങ്ങിയത് നക്ഷത്ര ഹോട്ടലുകളില്‍
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് ഹൈടെക് എ.ടി.എം കവര്‍ച്ച നടത്തിയ റുമേനിയന്‍ സ്വദേശികള്‍ തങ്ങിയത് നക്ഷത്ര ഹോട്ടലുകളില്‍. തിരുവനന്തപുരത്തെ മൂന്ന് നക്ഷത്ര ഹോട്ടലുകളിലും കോവളത്തെ പ്രമുഖ ബീച്ച് റിസോര്‍ട്ടിലും തങ്ങിയതായി പൊലീസ് പറയുന്നു. എല്ലായിടങ്ങളിലും ഇവര്‍ ഒരേ പാസ്പോര്‍ട്ടാണ് നല്‍കിയത്. ജൂണ്‍ അവസാനവും ജൂലൈ ആദ്യ വാരങ്ങളിലുമാണ് ഇവര്‍ ഇവിടെ എത്തിയത്. രണ്ടും മൂന്നും ദിവസങ്ങള്‍ തങ്ങിയശേഷം ഹോട്ടലുകള്‍ മാറുന്നതാണ് പതിവെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. എല്ലായിടത്തും വിനോദസഞ്ചാരികളെന്ന വ്യാജേനയാണ് ഇവര്‍ തങ്ങിയത്. ഹോട്ടലുകളില്‍ നല്‍കിയ പാസ്പോര്‍ട്ടുകള്‍ വ്യാജമാകാമെന്ന് പൊലീസ് സംശയിക്കുന്നു.
ഇന്‍റര്‍പോളില്‍നിന്നുള്ള വിവരങ്ങള്‍ ലഭ്യമായാലേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താനാകൂ. റുമേനിയക്കാര്‍ തലസ്ഥാനത്ത് യാത്ര ചെയ്യാനുപയോഗിച്ച രണ്ട് ബൈക്കുകളും മൂന്ന് ഹെല്‍മറ്റും കോവളത്തുനിന്നാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിടുന്നില്ല. വിദേശികള്‍ ഇരുചക്രവാഹനങ്ങള്‍ എവിടെനിന്ന് വാങ്ങി എന്നതുള്‍പ്പെടെ കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണ്.
ഈ സാഹചര്യത്തില്‍ അന്വേഷണവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം. ആഡംബര ജീവിതം നയിക്കാനാണ് ഇവര്‍ കവര്‍ച്ച നടത്തുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇവര്‍ക്ക് മറ്റുദ്ദേശ്യങ്ങളൊന്നുമില്ളെന്നാണ് പ്രാഥമികനിഗമനം. അതേസമയം, റുമേനിയക്കാര്‍ മറ്റ് ജില്ലകളില്‍ താമസിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ സഹായം തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.