ഹൈടെക് എ.ടി.എം കവര്‍ച്ച: മുഖ്യപ്രതി മുംബൈയില്‍ പിടിയില്‍
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. റുമേനിയന്‍ ക്രയോവാ സ്വദേശി ഗബ്രിയേല്‍ മരിയന്‍ (47) ആണ് ചൊവ്വാഴ്ച 6.22 ഓടെ മുംബൈ-കേരള പൊലീസിന്‍െറ സംയുക്ത ഓപറേഷനില്‍ പിടിയിലായത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി അരുണിന്‍െറ അക്കൗണ്ടില്‍നിന്ന് 100 രൂപ പിന്‍വലിക്കുന്നതിനിടെ മുംബൈയിലെ സ്റ്റേഷന്‍ പ്ളാസയിലെ എ.ടി.എം കൗണ്ടറില്‍നിന്നാണ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.കൂട്ടാളികളായ മറ്റ് രണ്ടുപേരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ ജൂണ്‍ 25നാണ് മരിയനും കൂട്ടാളികളും ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ എത്തിയത്. സെപ്റ്റംബര്‍ വരെയാണ് വിസാ കലാവധി. മുംബൈയില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാത്രി വൈകിയും പൊലീസിന്‍െറ റെയ്ഡ് നടക്കുകയാണ്. ബുധനാഴ്ച ഇയാളെ കേരളത്തിലത്തെിക്കുമെന്ന് അറിയുന്നു.
ഗബ്രിയേല്‍ മരിയന്‍, ബോഗ് ബീന്‍ ഫ്ളോറിയന്‍, കോണ്‍സ്റ്റാന്‍റിന്‍ എന്നിവരാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് 40 പരാതികളാണ് ലഭിച്ചത്. കൂടുതല്‍പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഹൈടെക് തട്ടിപ്പിനിരയായ ഉപഭോക്താക്കള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് എസ്.ബി.ടി ഉറപ്പുനല്‍കി. അതേസമയം, പണം നഷ്ടമായതിന് തങ്ങളോട് പരാതിപ്പെട്ടിട്ട് കാര്യമില്ളെന്നാണ് ന്യൂ ജനറേഷന്‍ ബാങ്കുകളുടെ നിലപാട്.
വെള്ളയമ്പലം ആല്‍ത്തറ ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. ഇവര്‍ എ.ടി.എം കൗണ്ടറിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിക്കുന്ന ദൃശ്യങ്ങളാണ് ലഭ്യമായത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തലസ്ഥാനത്ത് താമസിച്ച നക്ഷത്രഹോട്ടലില്‍ അന്വേഷണസംഘം എത്തിയത്. ഇവിടെനിന്ന് ലഭ്യമായ സി-ഫോമില്‍നിന്നാണ് പേരുവിവരങ്ങള്‍ ലഭിച്ചത്. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാല്‍ സി.ബി.ഐ മുഖേന ഇന്‍റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമായി. ഇതിന് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി മനോജ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. വ്യാജ എ.ടി.എം കാര്‍ഡുകള്‍ ഉണ്ടാക്കി പണം കവര്‍ന്നത് മുംബൈയില്‍നിന്നാണ്. ഈ സാഹചര്യത്തില്‍ മുംബൈ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം ഉടന്‍ യാത്രതിരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ‘മാധ്യമ’ത്തോട് പറഞ്ഞു.
അതേസമയം, പ്രതികള്‍ തലസ്ഥാനത്ത് യാത്ര ചെയ്യാനുപയോഗിച്ച രണ്ട് ബൈക്കും മൂന്ന് ഹെല്‍മറ്റും പൊലീസ് കണ്ടെടുത്തു. ഇവര്‍ താമസിച്ച ഹോട്ടലിലെ സി.സി.ടി.വിയിലും ഒരാളുടെ ദൃശ്യം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.