കോടിയേരി മാണിയെ മാമോദീസ മുക്കുകയാണെന്ന് വീക്ഷണം
text_fieldsകൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിമർശവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കെ.എം. മാണിയെ മാമോദീസ മുക്കാന്‍ കോടിയേരി ശ്രമിക്കുന്നുവെന്നാണ് വീക്ഷണത്തിന്‍റെ കുറ്റപ്പെടുത്തൽ. മാണിയുടെ കാര്യത്തില്‍ സി.പി.എം നിലപാട് അവസരവാദമാണ്. മാണിയെ വേണ്ടെന്നു പറഞ്ഞ് ഒരു ദിവസത്തിനുള്ളില്‍ നിലപാട് മാറ്റിയെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നു. മാണിക്കെതിരേ കൂടുതല്‍ പ്രതികരിക്കേണ്ടെന്ന് യു.ഡി.എഫ് തീരുമാനിച്ചതിനു പിന്നാലെയാണ് വീക്ഷണത്തിലെ മുഖപ്രസംഗം.
"മുഖപ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ: ഇഷ്ടദാന ബിൽ മുതൽ ബാർ കോഴവരെയുള്ള കാര്യങ്ങളിൽ 34 വർഷം അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സി.പി.എമ്മാണ് ഇപ്പോൾ മാണിയെ മാമോദീസ മുക്കാൻ ശ്രമിക്കുന്നത്. സൗദി അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങൾ കൊണ്ടു കഴുകിയാലും ഗംഗയിലെ മുഴുവൻ വെള്ളം കൊണ്ടു ശുദ്ധീകരിച്ചാലും മാണിയുടെ നാറ്റം മാറില്ലെന്നു പറഞ്ഞതും സി.പി.എം തന്നെയായിരുന്നു. മാണി യു.ഡി.എഫ് വിട്ടപ്പോൾ എല്ലാ പാപങ്ങളിൽനിന്നും കോടിയേരി അദ്ദേഹത്തെ മുക്തനാക്കി വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
മാണി വർഗപരമായി സി.പി.എമ്മിന്‍റെ ശത്രുവാണെങ്കിലും മാണിക്കായിഒരു ചൂണ്ട എല്ലാക്കാലത്തും സി.പി.എം കരുതിപ്പോന്നിട്ടുണ്ട്. യു.ഡി.എഫിനെ ദുർബലമാക്കാൻ മാണി തന്നെയാണ് മതിയായ ആയുധമെന്ന് സി.പി.എം എന്നും കരുതിപ്പോന്നു. അങ്ങനെയാണ് മാണിയുടെ മണ്ടയിൽ അക്കാലത്ത് മുഖ്യമന്ത്രി മോഹം സി.പി.എം ഊതിക്കയറ്റിയത്. പാലക്കാട് പാർട്ടി പ്ലീനത്തോടനുബന്ധിച്ച് സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചുകൊണ്ടുപോയി അദ്ദേഹത്തിന്‍റെ വായിൽ ഈ ചൂണ്ട സി.പി.എം കൊളുത്തിവച്ചു. അന്നുതൊട്ടു മാണി യു.ഡി.എഫിനകത്ത് ചങ്കിൽ തറച്ച മുള്ളുപോലെ അലോസരങ്ങൾ സൃഷ്ടിച്ചു. സി.പി.എം പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ കഴിയാതെ പോയ മാണിയെ ബാർകോഴക്കേസിൽ ഉൾപ്പെടുത്തി മാനം കെടുത്തി എന്നിങ്ങനെ പോകുന്നു വീക്ഷണത്തിന്‍റെ ആരോപണങ്ങൾ."
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.