തച്ചങ്കരിയുടെ പിറന്നാളാഘോഷം: ഗതാഗത മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsതിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ പിറന്നാള്‍ ആഘോഷം വിവാദമായ സംഭവത്തിൽ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അന്വേഷണത്തിന് ഉത്തരവിട്ടു. ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സംഭവം സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചക്കും വിവാദത്തിനും വഴിവെച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി. അതേസമയം, വകുപ്പിലെ എല്ലാവരും തന്‍റെ സഹോദരി സഹോദരന്മാരാണെന്നും അതിനാലാണ് പിറന്നാള്‍ ആഘോഷം ഇപ്രകാരമാക്കിയതെന്നുമാണ് തച്ചങ്കരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
തന്‍റെ പിറന്നാള്‍ ദിനത്തില്‍ മധുരം വിതരണം ചെയ്യണമെന്ന തച്ചങ്കരിയുടെ നിര്‍ദേശം ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ വിവിധ ആര്‍.ടി ഓഫിസുകളിലെത്തിയത്. താന്‍ കമീഷണറായി സ്ഥാനമേറ്റതിന് 11 മാസം തികയുന്നതും പിറന്നാളും ആഗസ്റ്റ് പത്തിനായത് യാദൃച്ഛികമായെന്നും അദ്ദേഹം ഇ-മെയില്‍ സന്ദേശത്തില്‍ അറിയിച്ചിരുന്നു. വകുപ്പില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ എണ്ണമിട്ട് നിരത്തിയ ഇ-മെയില്‍ സന്ദേശത്തില്‍ പിറന്നാള്‍ ദിനത്തില്‍ വരുന്നവര്‍ക്ക് മധുരം നല്‍കണമെന്ന നിര്‍ദേശവുമുണ്ടായിരുന്നു.
വിചിത്ര നിര്‍ദേശം കണ്ടപ്പോള്‍ ആദ്യം ഞെട്ടിയെങ്കിലും മുകളില്‍ നിന്നുള്ള ഉത്തരവല്ലേയെന്ന് കരുതി നടപ്പാക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നത്. കമീഷണറുടെ ഉത്തരവിന് പിന്നാലെ ജോയന്‍റ് കമീഷണറുടെ സന്ദേശവുമെത്തിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ മധുരം വിതരണം ചെയ്യാന്‍ ചെലവാകുന്ന തുക ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ തരുമെന്നായിരുന്നു അതില്‍ അറിയിച്ചിരുന്നത്. എന്നാല്‍, തുക എപ്രകാരം നല്‍കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.