പശ്ചിമഘട്ട സംരക്ഷണം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കും
text_fieldsന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള അന്തിമ വിജ്ഞാപനത്തില്‍ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ടിന് പുറമെ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ നല്ല നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട സംസ്ഥാനങ്ങളില്‍നിന്നുള്ള എം.പിമാരെ അറിയിച്ചു. ആറുമാസത്തിനുള്ളില്‍ അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവേ പശ്ചിമഘട്ട മേഖലയിലെ ആറ് സംസ്ഥാനങ്ങളിലെ എം.പിമാരുമായി നടത്തിയ ചര്‍ച്ചക്കുശേഷം വ്യക്തമാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് രാവിലെ ക്രിസ്തീയ സഭാ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു.
വിവിധ സംസ്ഥാനങ്ങള്‍ വിവിധ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്ന് മന്ത്രി ദാവേ എം.പിമാരോട് പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളിന്മേല്‍ സംസ്ഥാന സര്‍ക്കാറുകളുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നിലപാടുകളും പരാതികളും തങ്ങളുടെ പരിഗണനയിലുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം വികസനവും വേണമെന്നതാണ് സര്‍ക്കാറിന്‍െറ നയം. വിവിധ വിദഗ്ധ സമിതികള്‍ പലതരത്തിലുള്ള നിര്‍ദേശങ്ങളും ശിപാര്‍ശകളുമാണ് നല്‍കിയിട്ടുള്ളതെങ്കിലും ഏതു റിപ്പോര്‍ട്ടാണ് അന്തിമമായി പരിഗണിക്കുന്നതെന്നു പറയാനാവില്ല. എല്ലാ കാര്യങ്ങളും പരിഗണിച്ചുമാത്രമേ തീരുമാനമെടുക്കുകയുള്ളൂ. ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകളുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. ജനങ്ങളുടെ ആശങ്ക അകറ്റാനായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും എം.പിമാരുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ വനസാന്ദ്രതയും ജനസാന്ദ്രതയും വളരെ കൂടുതലായതിനാല്‍ ജനങ്ങള്‍ക്ക് ദ്രോഹകരമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തരുതെന്ന് കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വനങ്ങള്‍ 21 ശതമാനം മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 29 ശതമാനമണ്. അതേസമയം, സംസ്ഥാനത്തിന്‍െറ 51 ശതമാനം ഭൂപ്രദേശത്തും പച്ചപ്പുനിലനിര്‍ത്തുന്നത് കര്‍ഷകരാണ്. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍നിന്നും പൂര്‍ണമായി ഒഴിവാക്കണം. പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയില്‍ കൃഷി നടത്തുകയും ജീവിതരീതി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന ജനങ്ങളാണ് കേരളത്തിലുള്ളതെന്നും അതിനാല്‍ ജണ്ടകെട്ടി തിരിച്ച വനഭാഗങ്ങളെ മാത്രമേ പരിസ്ഥിതി ലോ പ്രദേശങ്ങളാക്കാവൂ എന്നും എം.പിമാര്‍ ബോധിപ്പിച്ചു. ശശി തരൂര്‍, എ. സമ്പത്ത്, പി.കെ. ശ്രീമതി, ഇന്നസെന്‍റ്, സി.പി. നാരായണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, എം.ബി. രാജേഷ്, ആന്‍േറാ ആന്‍റണി, ജോയിസ് ജോര്‍ജ്, ജോസ് കെ. മാണി, ജോയി എബ്രഹാം തുടങ്ങിയ എം.പിമാര്‍ കേരളത്തെ പ്രതിനിധാനംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.