മാണിയെ പരസ്യമായി മുന്നണിയിലേക്ക് ക്ഷണിച്ച് ദേശാഭിമാനി മുഖപ്രസംഗം
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് വിട്ട കേരള കോൺഗ്രസ് മാണി വിഭാഗത്തേയും മുസ് ലിം ലീഗ് അടക്കമുള്ള അസംതൃപ്തരായ മറ്റ് കക്ഷികളേയും ഇടതുപക്ഷ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ദേശാഭിമാനിയുടെ മുഖപ്രസംഗം. 'യു.ഡി.എഫിന്‍റെ തകര്‍ച്ചയും ഭാവികേരളവും' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് കേരള കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞുകൊണ്ടുതന്നെ പരസ്യമായി ക്ഷണിക്കുന്നത്.
ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യു.ഡി.എഫിന്‍റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ലെന്ന് ലേഖനം പറയുന്നു.
ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ.എം മാണി മന്ത്രിയായിരുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെങ്കിലും ജനകീയ അടിത്തറ അനുകൂലമായി വികസിപ്പിച്ചെടുക്കാനുള്ള കടമ ഇടതുപക്ഷത്തിനുണ്ടെന്നും ലേഖനം സമർഥിക്കുന്നു.
മുഖപ്രസംഗത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ:
ജനകീയപ്രശ്നങ്ങളില്‍ വിശാലമായ ഐക്യം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി കേരള കോണ്‍ഗ്രസുമായും ഇപ്പോള്‍ യുഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുന്ന മറ്റ് കക്ഷികളുമായും സഹകരിക്കാവുന്ന ഒട്ടേറെ മേഖലകളുണ്ട്. ഇവിടെ വര്‍ഗീയത ആരോപിച്ച് ആരെയെങ്കിലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നതില്‍ ന്യായീകരണമില്ല.
എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികളുമായി സമദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്. വര്‍ഗീയത കൈകാര്യംചെയ്യുന്ന ബിജെപിയും അതിനോട് മൃദുസമീപനം പുലര്‍ത്തുന്ന യു.ഡി.എഫും മതനിരപേക്ഷത മുറകെ പിടിക്കുന്ന എൽ.ഡി.എഫും ഒരുപോലെയാണെന്ന സമീപനത്തില്‍ അടിസ്ഥാനപരമായ പിശകുണ്ട്. ബി.ജെ.പിയുമായി അടുക്കാനാണ് മാണിയുടെ നീക്കമെങ്കില്‍, അത് സങ്കുചിത രാഷ്ട്രീയനേട്ടം മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് സംശയലേശമെന്യേ വിലയിരുത്തപ്പെടും.
കര്‍ഷക പാര്‍ട്ടിയെന്ന് അഭിമാനിക്കുന്ന കേരള കോണ്‍ഗ്രസിന്‍റെ വിവിധ വിഭാഗങ്ങളുമായി എൽ.ഡി.എഫ് നേരത്തെയും സഹകരിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുയും ചെയ്തിട്ടുണ്ട്. ആദ്യ നായനാര്‍ മന്ത്രിസഭയില്‍ കെ.എം മാണിതന്നെ മന്ത്രിയായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രബലവിഭാഗം ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് രൂപീകരിച്ച് എല്‍ഡിഎഫിനൊപ്പം നിന്നത് നിയമസഭാ തെരഞ്ഞെടുപ്പിലെ നിര്‍ണായക രാഷ്ട്രീയ സംഭവവികാസമായിരുന്നു. നേരത്തെ എൽ.ഡി.എഫിന്‍റെ ഭാഗമായിരുന്ന ആര്‍എസ്പി, ജനതാദള്‍ കക്ഷികളും അവരുടെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പുനര്‍ചിന്തനത്തിന് തയ്യാറാകേണ്ടിവരും.
ഇത്തരത്തില്‍ യു.ഡി.എഫിനകത്തെ അന്തഃഛിദ്രം രൂക്ഷമായിക്കൊണ്ടിരിക്കെ, ജനകീയ അടിത്തറ ഇടതുപക്ഷത്തിന് അനുകൂലമായി വികസിപ്പിച്ചെടുക്കുക എന്നത് ശരിയായ രാഷ്ട്രീയ കടമയാണ്. നിയമസഭയില്‍ നല്ല ഭൂരിപക്ഷമുള്ളതിനാല്‍ എൽ.ഡി.എഫ് ആ ചുമതലയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന വാദത്തില്‍ യുക്തിയില്ല. വര്‍ഗീയതയും ജനവിരുദ്ധ നയങ്ങളും ശക്തിപ്പെടുന്ന കാലത്ത് ജനങ്ങളുടെ ഐക്യനിര സാധ്യമാകുന്നിടത്തോളം വിപുലമാക്കുകയാണ് ജനപക്ഷ രാഷ്ട്രീയത്തിന്‍റെ കടമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.