ഹൈടെക് എ.ടി.എം തട്ടിപ്പ്: അഞ്ചാമന് തിരച്ചില്‍ ഊര്‍ജിതം
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഹൈടെക് എ.ടി.എം കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയന്‍ കുറ്റസമ്മതം നടത്തി. കൂട്ടുപ്രതികളായ ബോഗ് ബീന്‍ ഫ്ളോറിന്‍, ക്രിസ്റ്റെന്‍ വിക്ടര്‍, ഇയോണ്‍ സ്ളോറിന്‍ എന്നിവര്‍ തലസ്ഥാനത്തത്തെിയെന്നും ഗബ്രിയേല്‍ സമ്മതിച്ചു. കവര്‍ച്ചക്ക് 300ഓളം ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും പാസ്വേഡും ശേഖരിച്ചതായും ബാങ്കിന്‍െറ സെര്‍വറില്‍നിന്ന് ചില വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഇയാള്‍ സമ്മതിച്ചു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ചാമനെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. ഇയാളാണ് മുംബൈയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതെന്ന് ഗബ്രിയേല്‍ മൊഴി നല്‍കി. അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ അന്വേഷണസംഘം തയാറായില്ല. കവര്‍ച്ചക്ക് വെള്ളയമ്പലം ആല്‍ത്തറ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ ഘടിപ്പിച്ച സാങ്കേതിക ഉപകരണങ്ങള്‍ ബള്‍ഗേറിയയില്‍നിന്ന് വാങ്ങിയതാണെന്ന് ഗബ്രിയേല്‍ മൊഴി നല്‍കിയതായാണ് അറിയുന്നത്. കവര്‍ച്ചക്ക് ഉപയോഗിച്ച സാങ്കേതികവിദ്യ വശത്താക്കിയതും ബള്‍ഗേറിയയില്‍നിന്നാണത്രെ. റുമേനിയന്‍ സ്വദേശികളായ അഞ്ചംഗസംഘത്തിന് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘവുമായി ബന്ധമുള്ളതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇതേക്കുറിച്ച് സ്ഥിരീകരണം നടത്താന്‍ അധികൃതര്‍ തയാറായില്ല.
വെള്ളിയാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 22വരെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതി ആഭ്യന്തരസുരക്ഷക്കും ബാങ്കിങ് മേഖലക്കും ഭീഷണിയാണെന്ന് അസിസ്റ്റന്‍റ് കമീഷണര്‍ കെ.ഇ. ബൈജു കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികളായ പ്രതികള്‍ രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് ബാങ്കുകളുടെ രഹസ്യവിവരങ്ങള്‍ എത്രത്തോളം കൈക്കലാക്കിയെന്ന് പരിശോധിക്കേണ്ടതുണ്ട്. പ്രതികള്‍ പണം പിന്‍വലിച്ച എ.ടി.എം കൗണ്ടറുകള്‍, മുംബൈയില്‍ താമസിച്ച സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ അവരുടെ സാന്നിധ്യത്തില്‍ തെളിവെടുക്കേണ്ട സാഹചര്യത്തില്‍ 10 ദിവസത്തെ കസ്റ്റഡി വേണമെന്ന അന്വേഷണസംഘത്തിന്‍െറ ആവശ്യം സി.ജെ.എം പി.വി. അനീഷ്കുമാര്‍ അനുവദിച്ചു. പൊലീസ് കസ്റ്റഡി പൂര്‍ത്തിയായി ഹാജരാക്കുന്ന പ്രതിയെ 26 വരെ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, വ്യാജരേഖ അസ്സലായി ഉപയോഗിക്കല്‍, വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ്, ഗൂഢാലോചന എന്നീ കുറ്റങ്ങളും വിവരസാങ്കേതിക നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഗബ്രിയേലിനെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ചോദ്യംചെയ്തുവരുകയാണ്. പണം പിന്‍വലിച്ച മുംബൈയിലെ എ.ടി.എം കൗണ്ടറുകളിലും ഇവര്‍ തങ്ങിയ ചെന്നൈയിലെ സങ്കേതത്തിലും തെളിവെടുപ്പിന് എത്തിക്കുമെന്ന് അന്വേഷണസംഘം പറയുന്നു.
രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ എ.ടി.എം കവര്‍ച്ചയുമായി ബന്ധപ്പെട്ട് വ്യക്തമായ നിഗമനത്തില്‍ എത്തിച്ചേരാനാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.