Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2016 10:00 AM GMT Updated On
date_range 13 Aug 2016 10:00 AM GMTനെഹ്റു ട്രോഫി ജലമേള ഇന്ന്; മത്സരത്തിന് 25 ചുണ്ടനുകള്‍
text_fieldsbookmark_border
ആലപ്പുഴ: 64ാമത് നെഹ്റു ട്രോഫി ജലമേള ശനിയാഴ്ച പുന്നമടക്കായലില്‍ അരങ്ങേറും. 25 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 66 കളിവള്ളങ്ങളാണ് ഇക്കുറി മാറ്റുരക്കുന്നത്. ചുണ്ടന്‍ വള്ളങ്ങള്‍ ഹീറ്റ്സ് മത്സരത്തില്‍ എടുത്ത സമയത്തിന്‍െറ അടിസ്ഥാനത്തിലാകും ഫൈനല്‍ പ്രവേശം എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇത്തവണ ജലമേള നടക്കുന്നത്. മത്സര ദൂരം 1175 മീറ്ററായി കുറച്ചിട്ടുമുണ്ട്. മുന്‍കാലങ്ങളിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ 5 ചുണ്ടന്‍ വള്ളങ്ങള്‍ പ്രദര്‍ശന തുഴച്ചിലാകും നടത്തുക. ബാക്കി 20 ചുണ്ടനുകളില്‍ 4 വീതം പങ്കെടുത്താണ് പ്രാഥമിക മത്സരം. പ്രമുഖ ചുണ്ടന്‍ വള്ളങ്ങളും പ്രമുഖ ക്ളബുകളുമെല്ലാം ഇത്തവണ മത്സരത്തിനുണ്ട്. 6 ചുണ്ടനുകള്‍ കോട്ടയത്തു നിന്നും ഒന്ന് കൊല്ലത്തു നിന്നുമാണ്. മത്സരഘടനയില്‍ മാറ്റം വന്നതോടെ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. പല ചുണ്ടന്‍ വള്ളങ്ങളിലും നാട്ടുകാര്‍ക്കൊപ്പം സൈനികരും തുഴയുന്നുണ്ട്. ഇതിനെതിരെ ചില ക്ളബുകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. വനിതകള്‍ തുഴയുന്ന 5 തെക്കനോടി വള്ളങ്ങളാണ് മത്സരത്തിനുള്ളത്. തറ വള്ളമെന്നും കെട്ട്വള്ളമെന്നും തിരിച്ച് രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. വിദ്യാര്‍ഥികള്‍ തുഴയുന്ന മൂന്ന് വള്ളങ്ങളാണുള്ളത്. ഇതില്‍ രണ്ടും കോട്ടയം ജില്ലയില്‍ നിന്നാണ്. ഇരുട്ടുകുത്തി എ ഗ്രേഡ് 5, ബി ഗ്രേഡ് 16, വെപ്പ് എ ഗ്രേഡ് 8 എന്നിങ്ങനെയാണ് മറ്റ് വള്ളങ്ങളുടെ എണ്ണം. ബി ഗ്രേഡ് വള്ളങ്ങളില്‍ 7 എണ്നം എറണാകുളത്തു നിന്നും 2 എണ്ണം തൃശൂരില്‍ നിന്നുമാണ്. രാവിലെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരവും ഉച്ചക്കു ശേഷം ഇവയുടെ ഫൈനലും, ചുണ്ടന്‍ വള്ളങ്ങളുടെ മത്സരവും എന്നനിലയിലാണ് ക്രമീകരണങ്ങള്‍. വളളംകളിക്ക് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 40 ലക്ഷം രൂപ നല്‍കി ഹോണ്ട കമ്പനി ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പും എടുത്ത സാഹചര്യത്തില്‍ വള്ളങ്ങള്‍ക്കുള്ള ബോണസ് തുകയില്‍ കാര്യമായ വര്‍ധനയുണ്ട്. പങ്കെടുക്കുന്ന തുഴച്ചിലുകാര്‍ക്കും കാണികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ പി. സദാശിവമാണ് വള്ളംകളിയുടെ മുഖ്യാതിഥി. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ പി. തിലോത്തമന്‍, മാത്യു ടി. തോമസ്, കടകമ്പള്ളി സുരേന്ദ്രന്‍ എന്നിവര്‍ ജലമേള കാണാന്‍ എത്തുന്നുണ്ട്. കേന്ദ്രമന്ത്രി അനന്ത്കുമാര്‍, നടന്‍ ജയറാം എന്നിവരെയും പ്രതീക്ഷിക്കുന്നുണ്ട്. വള്ളംകളിക്ക് സുരക്ഷ ഒരുക്കാന്‍ സമീപ ജില്ലകളില്‍ നിന്നടക്കം 1800 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. വള്ളംകളി വേദിയും നഗരവും സി.സി ടി.വി കാമറ നിരീക്ഷണത്തിലാണ്. നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story