ഈ അക്ഷരങ്ങൾക്ക് സ്വർണത്തേക്കാൾ വിലയുണ്ട്
text_fieldsമലപ്പുറം: നാടോടുമ്പോള്‍ നടുവെ ഓടുന്നവനല്ല ‘അനീസ് നാടോടി’യെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് കൂട്ടാന്‍ സഹ് ല നെച്ചിയില്‍ തീരുമാനിച്ചത്. പക്ഷേ, ഒരു തരി പൊന്നില്ലാതെ, പുതുവസ്ത്രമണിയാതെ, ആയിരങ്ങള്‍ക്ക് ഭക്ഷണം വിളമ്പാതെ കല്യാണം നടത്താന്‍ സമൂഹം സമ്മതിക്കുമോ? ഇല്ലെന്ന് പറഞ്ഞ് മുഖം ചുളിക്കുന്നവര്‍ കണ്ണ് തുറന്നുകാണുക. വള്ളുവമ്പ്രം അത്താണിക്കലില്‍ കഴിഞ്ഞദിവസം ഈ വിവാഹം നടന്നപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അമ്പരന്ന് നിന്നു നാട്. ആശംസ നേര്‍ന്ന് ആവേശത്തോടെ സുഹൃത്തുക്കള്‍ കുറിച്ചു- ‘അക്ഷരങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ വിലയുണ്ടെന്ന് തെളിയിച്ചവരേ... ഈ മഴ തോരാതിരിക്കട്ടെ, ഈ വഴി തീരാതിരിക്കട്ടെ.’
സ്വര്‍ണവും മറ്റ് ആര്‍ഭാടവുമില്ലെങ്കില്‍ വിവാഹമില്ലെന്ന നടപ്പുധാരണ പൊളിച്ചടുക്കുകയായിരുന്നു സഹ് ല. വിവാഹമൂല്യമായി (മഹ്ര്‍) ചോദിച്ചത് 50 പുസ്തകങ്ങള്‍. മതം, രാഷ്ട്രീയം, സാഹിത്യം തുടങ്ങിയ വിഭാഗങ്ങളില്‍പ്പെടുന്ന ഇവയുടെ ലിസ്റ്റും നല്‍കി. മഹര്‍ വാങ്ങാന്‍ അനീസ് പോയത് ബംഗളൂരുവിലേക്ക്. സഹ്ല ആവശ്യപ്പെട്ട 50 പുസ്തകങ്ങളും ഒറ്റയടിക്ക് കണ്ടുപിടിക്കുക വെല്ലുവിളിയായിരുന്നു. കാര്യമറിഞ്ഞ പുസ്തകക്കടക്കാരും സുഹൃത്തുക്കളും ഒത്തുപിടിച്ചപ്പോള്‍ മഹ്ര്‍ തയാര്‍. പഴയ പുസ്തകങ്ങള്‍ വാങ്ങി ചെലവ് ചുരുക്കാനും അനീസ് മറന്നില്ല.
ആഗസ്റ്റ് 11നായിരുന്നു വിവാഹം. രണ്ട് വീട്ടുകാരും സഹകരിച്ച് ഒറ്റച്ചടങ്ങിലൊതുക്കി കാര്യങ്ങള്‍. എല്ലാവരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും പിണക്കിയില്ല. കല്യാണത്തിനത്തെിയവരാകട്ടെ മണവാട്ടിയെ കണ്ട് അന്തം വിട്ടു. സാധാരണവേഷത്തില്‍നിന്ന് തന്നെ കണ്ടുപിടിക്കാന്‍ പലരും ബുദ്ധിമുട്ടിയെന്ന് സഹ് ല. ബന്ധുക്കളിലും നാട്ടുകാരിലും പുരുഷന്മാരാണ് ഏറ്റവുമധികം അഭിനന്ദിച്ചത്. വിവാഹം ലളിതമാക്കാന്‍ എത്രയോപേര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നടക്കാറില്ലെന്ന് സഹ് ല ചൂണ്ടിക്കാട്ടുന്നു. മഹ്റെന്നാല്‍ പെണ്ണിന്‍െറ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും അവള്‍ ആവശ്യപ്പെട്ടതെന്തോ അത് നല്‍കുകയാണ് ചെയ്യേണ്ടതെന്നും അനീസ് നാടോടി.
ബിരുദാനന്തര ബിരുദധാരികളാണ് അനീസും സഹ് ലയും. ഹൈദരാബാദ് സര്‍വകലാശാലയില്‍നിന്ന് എം.എ പൊളിറ്റിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കിയ സഹ് ല അവകാശ സംരക്ഷണപോരാട്ടങ്ങളിലും സജീവം.
പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദമുള്ള അനീസ്, അധ്യാപകനും കമൂറ ആര്‍ട്ട് കമ്യൂണിറ്റിയില്‍ ആര്‍ട്ട് ഡയറക്ടറുമാണ്. അത്താണിക്കലിലെ നെച്ചിയില്‍ ഷംസുദ്ദീനും റംലയുമാണ് സഹ് ലയുടെ മാതാപിതാക്കള്‍. ചേളാരി ചെനക്കലങ്ങാടി മേടപ്പില്‍ അബ്ദുല്‍ അസീസിന്‍െറയും സൈനബയുടെയും മകനാണ് അനീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.