എടുത്തു ചാട്ടവും തീവ്രചിന്താഗതികളും വികസനത്തിന് തടസം -ഇ.പി. ജയരാജൻ
text_fieldsഅങ്കമാലി: പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിലുള്ള എടുത്ത് ചാട്ടവും തീവ്രചിന്താഗതികളും വികസനത്തിന് തടസം സൃഷ്ടിക്കുന്നതായി സംസ്ഥാന വ്യവസായ–വണിജ്യവകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുന്നവര്‍ക്ക് ജനങ്ങളിലുണ്ടാകുന്ന സ്വാധീനമാണ് എടുത്ത് ചാട്ടത്തിന് കാരണമാകുന്നത്. നാടിന്‍െറ വികസനത്തിന് പ്രായോഗിക സമീപനമാണ് സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബാംബു മിഷന്‍െറയും, ബാംബു കോര്‍പ്പറേഷന്‍െറയും സംയുക്താഭിമുഖ്യത്തില്‍ അങ്കമാലിയിലെ കോര്‍പ്പറേഷന്‍ ആസ്ഥാനത്താരംഭിച്ച ‘ബാംബു ഇന്നവേഷന്‍ സെന്‍ററി’ന്‍െറയും, ആദ്യ ബാച്ച് ട്രെയിനിങിന്‍െറയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാംബു ഉല്‍പ്പന്നങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുകയും ദേശീയ ഉല്‍പന്നമെന്ന നിലയില്‍ വികസിപ്പിച്ച് അന്താരാഷ്ട്ര വിപണി കണ്ടെത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അന്തര്‍ദേശീയ അത്യുല്‍പ്പാദന ശേഷിയുള്ള മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനുള്ള നൈപുണ്യം വികസിപ്പിച്ചെടുക്കുകയാണ് പുതിയ സംരംഭം കൊണ്ടുള്ള ലക്ഷ്യം. എന്നാല്‍, കേന്ദ്ര വനനിയമം അതിന് പ്രതിബന്ധമാവുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഈറ്റവെട്ടിയെടുത്ത് കൊട്ടയും മുറവും മാത്രമുണ്ടാക്കുന്ന ഉല്‍പ്പാദന കേന്ദ്രമായി ബാംബു മേഖല ഒതുങ്ങരുത്. കാലഘട്ടത്തിനനുസൃതമായി ശാസ്ത്രീയ ഗവേഷണ കേന്ദ്രമായി വളര്‍ച്ച പ്രാപിക്കണം. അത്യുല്‍പാദനശേഷിയുള്ള മുളവിത്തുപയോഗിച്ച് വലിയ പ്രദേശങ്ങളില്‍ കൃഷി ചെയ്ത് മൂന്ന് മാസം കൊണ്ട് അതിവേഗം വളര്‍ച്ച പ്രാപിച്ച് ഒരു വര്‍ഷം കൊണ്ട് വെട്ടിയെടുക്കുകയാണ് ലക്ഷ്യം. അസംസ്കൃത വസ്തു നമുക്ക് തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഭാവിയിലുണ്ടാകുന്ന മുളയുടെ ലഭ്യതകുറഞ്ഞ് വരുന്നത് ഇല്ലാതാക്കാന്‍ സാധിക്കും. അതിന് സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും. തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചുള്ള വികസനം ബാംബു കോര്‍പ്പറേഷനില്‍ കാണുന്നില്ല. 15000 ഈറ്റവെട്ട് തൊഴിലാളികളുള്ള ഇവിടെ 10 കോടിയോളമാണ് നഷ്ടം. എന്നാല്‍, ഇത്രയും തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്നതാണ് സര്‍ക്കാര്‍ കാണുന്ന ലാഭമെന്നും മന്ത്രി പറഞ്ഞു.
മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ അന്താരാഷ്ട്ര ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമാണ്. അത് പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. 18 പേര്‍ക്ക് അഞ്ച് ദിവസം പരിശീലനം നല്‍കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും വര്‍ഷത്തില്‍ 200 പേര്‍ക്കെങ്കിലും പരിശീലനവും അവര്‍ക്ക് തൊഴില്‍ നല്‍കുവാനുമുള്ള സംവിധാനമൊരുക്കണം. ഈറ്റവെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ കുലിയില്‍ കാലോചിതമായ മാറ്റം വരുത്തുമെന്നും ജയരാജന്‍ വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.